ന്യൂഡൽഹി∙ ലഷ്‌കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴു സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നു. കർണാടകയും തമിഴ്നാടും ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39 പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഇതിൽ 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. ഒക്ടോബറിൽ റജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തിൽ കഴിഞ്ഞദിവസം എൻഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു.
എൻഐഎ കഴിഞ്ഞവർഷം നടത്തിയ റെയ്ഡിൽ ഏഴു പേരുടെ കൈയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഹാൻഡ് ഗ്രനേഡുകളും വോക്കി-ടോക്കികളും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതികളിലൊരാളുടെ വീട്ടിൽ ഏഴുപേരും കൂടിയിരിക്കെയാണ് റെയ്ഡ് നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2013 മുതൽ ബെംഗളൂരു സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീർ മറ്റ് പ്രതികളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു.
Read more :
- ഇന്ദിരയുടെ മൃതദേഹത്തോട് കാട്ടിയത് അനാദരവെന്ന് മന്ത്രി പി. രാജീവ് : തൻ്റെ അനുവാദത്തോടെയാണ് കൊണ്ടുപോയതെന്ന് ഭര്‍ത്താവ്
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്‍മാന്‍ ഖാന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്. സയിദ് സുഹൈല്‍ ഖാന്‍, മുഹമ്മദ് ഉമര്‍, സഹിദ് തബ്രേസ്, സയ്യിദ് മുദസില്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2017 ല്‍ എല്ലാ പ്രതികളും ബെംഗളൂരു ജയിലില്‍ തടവിലായിരുന്ന വേളയിലാണ് പ്രതികള്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയാറാക്കിയത്.