തിരുവനന്തപുരം: കഴിഞ്ഞ 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറിനെ (50) കൊല്ലം ചിന്നക്കടയിൽ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
നേരത്തേ പോക്സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വർഷം ജയിലിൽ കിടന്നിട്ടുണ്ട്. പതിനൊന്നുകാരിയെ ഉപദ്രവിച്ച പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങി. ഇയാൾക്കെതിരെ 8 കേസ് നിലവിലുണ്ട്. അലഞ്ഞുതിരിയുന്നതാണ് പ്രതിയുടെ രീതി. മുൻപ് കൊല്ലത്ത് നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇയാളെ തല്ലിയ സംഭവമുണ്ടായിട്ടുണ്ട്. ചാക്കയിൽ കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു.
സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വർക്കലയ്ക്ക് ട്രെയിനിൽ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിലിറങ്ങി. നടന്ന് ചാക്കയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസൻ കുട്ടിക്ക് മിഠായി നൽകി അടുത്തുകൂടി. രാത്രി ഇവർ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. കുട്ടി കരഞ്ഞപ്പോൾ വായ് മൂടിയെന്നും പിന്നീട് അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി പുലർച്ചയ്ക്ക് മുൻപ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഉറങ്ങിയ സ്ഥലത്തുനിന്ന് 500 മീറ്റർ അകലെ റെയിൽവേ സ്റ്റേഷനടുത്തത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയിൽ നിന്നാണ് 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയത്.
ബ്രഹ്മോസിന്റെ സിസി ടിവിയിൽനിന്ന് ലഭിച്ചതിൽ സംശയം തോന്നിയവരുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്ക് അയച്ചിരുന്നു. പോക്സോ കേസിൽ കൊല്ലത്തെ ജയിലിൽ കഴിഞ്ഞിരുന്ന ഹസനെ അധികൃതർ തിരിച്ചറിഞ്ഞതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി. തുടർന്ന് ഇയാൾ പതിവായി പോകുന്ന സ്ഥലങ്ങൾ സന്ദർശിച്ചാണ് കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുന്റെയും ഡിസിപി നിഥിൻ രാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന്‍ പവന്‍ സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ