കോട്ടയം: പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ഥിയാകാത്തത് കേരളത്തിലുടനീളം ബിജെപിക്ക് പ്രതിസന്ധിയാകുമെന്ന് പി.സി.ജോര്‍ജ്. താന്‍ സ്ഥാനാര്‍ഥിയായാല്‍ കേരളത്തിലുടനീളം ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പത്തനംതിട്ടയില്‍ തന്നെ മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്നാണ് അവര്‍ തീരുമാനിച്ചിരുന്നത്. ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
”സ്ഥാനാർഥിയാവുന്ന കാര്യം ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. പത്തനംതിട്ടയില്‍ ആര് സ്ഥാനാർഥിയാവണം എന്നതിനെ കുറിച്ച് ബി.ജെ.പി നേതൃത്വം ഒരു അഭിപ്രായ സർവേ നടത്തി. അതിൽ 95 ശതമാനം പേരും എന്റെ പേരാണ് പറഞ്ഞത്. അല്ലാതെ സ്ഥാനാര്‍ത്ഥിത്വം ഞാനാവശ്യപ്പെട്ടിട്ടില്ല. പാർട്ടി നേതൃത്വം നിൽക്കാൻ ആവശ്യപ്പെട്ടാല്‍ നിൽക്കും.
ക്രിസ്ത്യൻ സമുദായത്തില്‍ നിന്ന് ബി.ജെ.പി യിലേക്കുള്ള ആളുകളുടെ ഒഴുക്ക് എന്‍റെ ബി.ജെ.പി പ്രവേശത്തോടെയാണ് ഉണ്ടായത്. അത് മറ്റൊരാള്‍ക്കും കഴിയാത്തതാണ്. കാസയുൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ എന്നെ പത്തനം തിട്ടയിൽ സ്ഥാനാർഥിയാക്കിയാൽ മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനമെടുത്തിരുന്നു. അതെല്ലാം തകിടം മറിയും. എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നതല്ല അത്. എനിക്ക് അനുകൂലമായി എൻ.എസ്.എസ്സും നിലപാടെടുത്തിരുന്നു. അതിലും വലിയ മാറ്റം വരാം”- പി.സി ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
‘കേരളവുമായി ബന്ധമില്ലാത്ത ആളാണ് അനില്‍ ആന്റണി. ബന്ധമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെങ്കിലും എ.കെ.ആന്റണിയുടെ മകനാണ്. എ.കെ.ആന്റണിയുടെ മകന്‍ എന്ന നിലയില്‍ നമുക്കൊരു ബന്ധമായി. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാനും അനില്‍ ആന്റണിയും അടുത്തടുത്താണ് ഇരുന്നത്. ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷേ അന്നൊന്നും സ്ഥാനാര്‍ഥിയാകുമെന്ന് അനില്‍ ആന്റണി പറഞ്ഞില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു സ്ഥലമായത് കൊണ്ടാണല്ലോ പത്തനംതിട്ടയിലേക്ക് വന്നത്. അദ്ദേഹം ആവശ്യപ്പെട്ടിട്ടാണല്ലോ പത്തനംതിട്ട കൊടുത്തതും. തിരഞ്ഞെടുപ്പ് വരട്ടെ, ജയിപ്പാക്കാനുള്ള പരമാധി ശ്രമം നടത്താം എന്നേ എനിക്ക് പറയാനുള്ളൂ’ പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാത്തതിൽ പി.സി ജോര്‍ജ് നേരത്തേ തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന്‍ പവന്‍ സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്
















