ഹിജാബ് വിരുദ്ധ പ്രക്ഷോഭ ഗാനം ചിട്ടപ്പെടുത്തിയതിനു ഗ്രാമി ജേതാവായ ഗായകനെ ഇറാൻ തുറുങ്കിലടച്ചു|Shervin Hajipour

ദുബായ്: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ ഗാനം ചിട്ടപ്പെടുത്തിയതിന് ഗ്രാമി പുരസ്കാരജേതാവായ ഇറാനിയൻ ഗായകൻ ഷെർവിൻ ഹജിപൗറിന് മൂന്നുവർഷത്തിലേറെ തടവുശിക്ഷ.

ശിക്ഷാവിവരം ഷെർവിൻ തന്നെയാണ് വെള്ളിയാഴ്ച സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇറാനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് ഇദ്ദേഹത്തിനെതിരേയുള്ള വിധിയും വന്നത്.

2022-ൽ ഷെർവിൻ രചിച്ച ‘ബരായെ’ എന്ന ഗാനം ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ജനങ്ങളോട് പ്രതിഷേധത്തിന്‌ ആഹ്വാനംചെയ്തു, ഭരണകൂടവിരുദ്ധ പ്രചാരണം നടത്തി തുടങ്ങിയ കുറ്റങ്ങൾ കോടതി ചുമത്തി. മൂന്നുവർഷവും എട്ടുമാസവുമാണ് ശിക്ഷാ കാലയളവ്. രണ്ടുവർഷത്തെ യാത്രാവിലക്കുമുണ്ട്.

Read More…..

ഗാനം പുറത്തിറക്കിയതിൽ ഷെർവിൻ ഇന്നേവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒപ്പം യു.എസിന്റെ കുറ്റകൃത്യങ്ങൾ വിവരിക്കുന്ന ഗാനം ചിട്ടപ്പെടുത്തണമെന്നും ഈ കുറ്റങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടു.

2022-ൽ യു.എസ്. പ്രഥമവനിത ജിൽ ബൈഡനിൽനിന്നാണ് ‘ബരായെ’ ഗാനത്തിനുള്ള ഗ്രാമി പുരസ്കാരം ഷെർവിൻ ഏറ്റുവാങ്ങിയത്.

2022 സെപ്റ്റംബർ 16-ന് ശിരോവസ്ത്രം നേരാംവണ്ണം ധരിച്ചില്ലെന്നാരോപിച്ച് മതകാര്യപോലീസ് അറസ്റ്റുചെയ്ത മഹ്‌സ അമീനി(22) തടവറയിൽ കൊല്ലപ്പെട്ടതോടെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്. അതിൽ ഷെർവിനും സജീവമായി പങ്കെടുത്തിരുന്നു. പ്രക്ഷോഭത്തിൽ ഇതുവരെ 500-ലേറെപ്പേർ കൊല്ലപ്പെട്ടു.