തൃശൂർ: സുരേഷ് ഗോപി തൃശൂർ ലൂര്‍ദ്ദ് കത്തീഡ്രൽ പള്ളിയിൽ സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടത്തിൽ സംശയം ഉന്നയിച്ച് കത്തീഡ്രല്‍ പാരീഷ് കൗണ്‍സിൽ യോഗം. കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിന്റെ കഴിഞ്ഞ യോഗത്തിലാണ് ഒരു വിഭാഗം അംഗങ്ങൾ സ്വര്‍ണ കിരീടത്തെ കുറിച്ച് സംശയം ഉന്നയിച്ചത്. ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന സംശയമാണ് ഇവർ ഉയർത്തിയത്. തുടർന്ന് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ തീരുമാനിച്ചതെന്ന് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കിരീടത്തിന്റെ തൂക്കവും സ്വർണത്തിൻ്റെ അളവും വ്യക്തമായി പരിശോധിച്ച് കണക്കിൽ രേഖപ്പെടുത്തി വയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പിന്നീട് വരുന്ന ഭരണസമിതികൾ ഇപ്പോഴത്തെ ട്രസ്റ്റിമാർക്കെതിരെ ആരോപണം ഉന്നയിച്ചാൽ മറുപടി ഉണ്ടാകില്ലെന്നും അഭിപ്രായമുയർന്നതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.
കിരീടം സ്വർണ്ണം പൂശിയതാണോ എന്ന സംശയം നേരത്തെ തന്നെ പാരിഷ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ പലരും ഉന്നയിച്ചിരുന്നു. സ്വർണ്ണ കിരീടം ആണെന്നാണ് നിലവിൽ പറയുന്നത്. എന്നാൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്ന കാര്യവും അംഗങ്ങൾ ബോധ്യപ്പെടുത്തി. ഇതോടെയാണ് കിരീടം ശാസ്ത്രീയ പരിശോധന നടത്താൻ ധാരണയായത്. ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അടുത്ത യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. കിരീടം പൂർണ്ണമായും സ്വർണത്തിൽ നിർമ്മിച്ചതല്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ടെന്ന സൂചനയും കൈരളി ന്യൂസ് നൽകുന്നുണ്ട്.
ഈ വർഷം ജനുവരി 15നാണ് സുരേഷ് ഗോപി സ്വർണ്ണ കിരീടം . ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണ് കിരീടമെന്ന സംശയം കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങൾക്കുമുണ്ട്. കത്തീഡ്രല്‍ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപിയും കുടുംബവും പള്ളിയിൽ എത്തി കിരീടം സമര്‍പ്പിച്ചത്. ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളിലൂടെയെല്ലാം സ്വർണ്ണ കിരീടമാണ് സമർപ്പിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
















