കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ.ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഒളിയമ്പുമായി ബിജെപി നേതാവ് പി.സി.ജോർജ്. പത്തനംതിട്ടയിൽ അനിലിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജോർജിൻ്റെ പ്രതികരണം.
വ്യക്തിപരമായി ആരെയും ആക്രമിക്കുന്നില്ലെന്ന് പറഞ്ഞ ജോര്‍ജ്, ആര്‍ക്കും പരിചിതനല്ലാത്തഅനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്‌നം, എ.കെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെ എന്നാണ് പരോക്ഷമായി ജോർജ് വിമർശിച്ചത്.
പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് പി.സി. ജോർജ് സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പട്ടികയില്‍ ഇടംപിടിച്ചില്ല. ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിയെ പാർട്ടി നേതൃത്വം പരിഗണിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനെന്ന നിലയിലായിരുന്നു പി.സി. ജോര്‍ജിന്റെ ബിജെപി പ്രവേശനം വാർത്തയായത് ലോക്സഭ തിരഞ്ഞെടുപ്പിലും ഇത് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു.പാർട്ടി തനിക്ക് വേണ്ട ബഹുമാനവും ആദരവും തരുന്നുണ്ട്. വരും കാലത്തും തന്നോട് മാന്യമായി പെരുമാറുമെന്നുറപ്പാണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ജോർജ് പ്രതികരിച്ചു.
പത്തനംത്തിട്ടയിൽ സർപ്രൈസ്; കേരളത്തിലെ 12 സീറ്റുകളിൽ ഉൾപ്പെടെ 195 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് നരേന്ദ്ര മോദിയുടെ പേരും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിലെ വാരണാസിയിൽ മാത്രമാണ് പ്രധാനമന്ത്രി ഇക്കുറി മത്സരത്തിനിറങ്ങുക. അമിത്ഷാ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്നും ജനവിധി തേടും.
28 വനിതകളാണ് ആദ്യ പട്ടികയിൽ ഇടം പിടിച്ചത്.16 സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 48 യുവാക്കളെയും ബിജെപി പരിഗണിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യ ഘട്ട പട്ടിക
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
ആറ്റിങ്ങൽ – വി മുരളീധരൻ
പത്തനംത്തിട്ട – അനിൽ ആൻ്റണി
ആലപ്പുഴ- ശോഭ സുരേന്ദ്രൻ
പാലക്കാട് – സി. കൃഷ്ണകുമാർ
കോഴിക്കോട് – എം.ടി.രമേശ്
വടകര- പ്രഭുൽ കൃഷ്ണ
മലപ്പുറം – ഡോ.അബ്ദുൾ സലാം
തൃശൂർ – സുരേഷ് ഗോപി
കാസർഗോഡ് – എം.എൻ.അശ്വിനി
കണ്ണൂർ – രഘുനാഥ്
പൊന്നാനി- നിവേദിത സുബ്രമണ്യം
















