രണ്ടാം പിണറായി സര്‍ക്കാരിന്റെ അഭിമാനം ഉയര്‍ത്തിയ പരിപാടിയായ നവകേരളാ സദസ്സിന് തയ്യാറാക്കിയ അത്യാധുനിക ബസ് എവിടെ?. അത് എന്തു ചെയ്തു ?. പാട്ട വിലയ്ക്ക് പൊളിച്ചു വിറ്റോ ?. അതോ കെ.എസ്.ആര്‍.ടി.സിക്ക് കൊടുത്തോ ?. അതോ മ്യൂസിയത്തില്‍ വെച്ചോ ?. ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ നിര നീളുകയാണ്. ആ ബസിനെക്കുറിച്ച് ഇപ്പോള്‍ വലിയ വാര്‍ത്തകളൊന്നും കേള്‍ക്കാനില്ല. എന്നാല്‍, സത്യത്തിന്റെ അരികു ചേര്‍ന്നു പോലും നില്‍ക്കാത്ത വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പരക്കുന്നുണ്ട്. എന്താണ് അതിന്റെ സത്യാവസ്ഥ. അത് കണ്ടെത്താന്‍ ‘അന്വേഷണം’ നടത്തിയ ശ്രമമാണ് സത്യം പുറത്തു കൊണ്ടു വന്നത്.
നവകേരളാ സദസ്സിനായി സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ഒന്നരക്കോടി വിലയുള്ള ബസ് പൊടിപിടിച്ച് കിടക്കുന്നുവെന്നും, പൊളിച്ചു ആക്രിയാ്കിയെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ബസ് ഇപ്പോള്‍ എവിടെ നിന്നാണോ വാങ്ങിയത് അവിടെത്തന്നെയുണ്ട്. ബംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ (പ്രകാശ്) ബസുണ്ട്. അതിന്റെ രൂപമാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. മന്ത്രിസഭയ്ക്ക് സഞ്ചരിക്കാന്‍ പാകത്തിന് നിര്‍മ്മിച്ച ബസിന്റെ സീറ്റിംഗ് എല്ലാം മാറ്റി ടൂറിസ്റ്റ് ബസിനു വേണ്ടുന്ന സീറ്റിംഗ് ആക്കുകയാണ്. കൂടാതെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകള്‍ മാറ്റി സാധാരണ ഗ്ലാസ്സുകളും ഫിറ്റ് ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ തയ്യാറാക്കിയ റിവോള്‍വിംഗ് സീറ്റും ഇളക്കി മാറ്റിയിട്ടുണ്ട്. ബസിന്റെ നിറത്തില്‍ മാറ്റം വരുത്തില്ല. ഫുള്‍ സീറ്റിംഗ് കപ്പാസിറ്റിയോടെയായിരിക്കും ബസ് നിരത്തിലിറക്കുക. ഈ മാസം പകുതിയോടെ ബസ് ഓട്ടത്തിന് തയ്യാറാകുമെന്നാണ് കമ്പനിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ മാസം 20ന് ബസിന്റെ ആദ്യ യാത്രയും ബുക്ക് ചെയ്തിട്ടുണ്ട്. ഡെല്‍ഹിയിലേക്കാണ് ആദ്യയാത്ര. 20 പേരടങ്ങളുന്ന സംഘമാണ് യാത്രയ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യാ ടൂറിനാണ് ബുക്കിംഗ്. ടൂറിസ്റ്റ് യാത്രയ്ക്കു വേണ്ടുന്ന എല്ലാ സംവിധാനങ്ങളും ബസിലുണ്ടാകും. എന്നാല്‍, റിവോള്‍വിംഗ് സീറ്റുകളോ, എസ്‌കലേറ്റര്‍ പടികളോ ഉണ്ടാകില്ലെന്നു മാത്രം. ടോയ്‌ലെറ്റ് സൗകര്യം മാറ്റില്ല.
നവകേരളാ സദസ്സിന്റെ സമയത്ത് ബസ് ഓടിച്ചിരുന്നത്, പ്രത്യേകം ട്രെയിനിംഗ് ലഭിച്ച ആറ് ഡ്രൈവര്‍മാരാണ്. മാറിമാറി ഡ്യൂട്ടി ചെയ്ത ഇവര്‍ക്ക് നവകേരളാ സദസ്സില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്കൊപ്പം ശ്രദ്ധയും ലഭിച്ചിരുന്നു. ഇവര്‍ തന്നെയായിരിക്കും ഇനിയും ഈ ബസിന്റെ സാരഥികളാവുക എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കന്നത്. എന്നാല്‍, ബസ് കെ.എസ്.ആര്‍.ടി.സിയുടെ കീഴിലല്ല എന്നത് ഒരു പ്രശ്‌നമാണ്. നവകേരളാ സദസ്സ് കഴിഞ്ഞാല്‍ അത്യാധുനിക ബസ് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറുമെന്നായിരുന്നു ഗതാഗത വകുപ്പു മന്ത്രിയായിരുന്ന ആന്റണി രാജു പറഞ്ഞിരുന്നത്. പക്ഷെ, നവകേരളാ സദസ്സ് കഴിഞ്ഞതോടെ പ്രഖ്യാപനം നടത്തിയ മന്ത്രി തന്നെ മാറിപ്പോയി. പുതിയ മന്ത്രിയെത്തുകയും ചെയ്തു.
ഒരു കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ബസിന് ചെവഴിച്ച തുകയില്‍ ഉള്‍പ്പെടുന്നതാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകളും(അല്ലെങ്കില്‍ അതിനു സമാനമായ വില കൂടിയ കട്ടിയുള്ള ഗ്ലാസ്സുകള്‍) അത്യധുനിക സീറ്റുകളും. ഇവ ഇളക്കി മാറ്റിയാണ് ടൂറിസ്റ്റ് ബസുകളില്‍ ഫിറ്റ് ചെയ്യുന്ന പുഷ്ബാക്ക് സീറ്റുകള്‍ വെയ്ക്കുന്നത്. അപ്പോള്‍ ഇളക്കി മാറ്റുന്ന സീറ്റുകളും ഗ്ലാസ്സുകളും കമ്പനിക്ക് തിരിച്ചു കൊടുക്കുമോ. അതോ അതിന്റെ വില സര്‍ക്കാരിന് നല്‍കുമോ എന്നത് വലിയ ചോദ്യമാണ്. ഇതിന് ആരും ഉത്തരം നല്‍കിയിട്ടില്ല.
അതേസമയം, ബസ് ഇപ്പോഴും ആഭ്യന്തര വകുപ്പിന്റെ കീഴില്‍ തന്നെയാണ്. ആഭ്യന്തര വകുപ്പാണ് ഈ ബസിന്റെ ഓണര്‍ഷിപ്പ് കൈയ്യാളുന്നത്. കെ.എ,സ്.ആര്‍.ടി.സിയുടെ പെര്‍മിറ്റുമായി നിരത്തിലോടുമെന്നു മാത്രം. ബസിന്റെ പേരില്‍ ഒരവകാശവും കെ.എസ്.ആര്‍.ടി.സിക്കുണ്ടാകില്ല. ടൂറിസം വകുപ്പിലേക്ക് ബസ് നല്‍കാനുള്ള തീരുമാനമായിരിക്കും ഉണ്ടാവുകയെന്നാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ലഭിക്കുന്ന സൂചന. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ചോക്ലേറ്റ് ബ്രൗണ്‍ നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയിരിക്കുന്നത്.
ബസിന് പുറത്ത് ‘കേരളം ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കേരള ടൂറിസത്തിന്റെ ആപ്തവാക്യവും ലോഗോയും ഇംഗ്ലീഷില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളര്‍ കോഡ് ഈ ബസിന് ബാധകമല്ല. 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പ്രത്യേക ക്യാബിന്‍, മന്ത്രിമാര്‍ക്ക് പ്രത്യേകം സീറ്റുകള്‍, ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവര്‍ക്ക് തൊട്ടടുത്തായി മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണാനുള്ള സ്‌പോട്‌സ് ലൈറ്റുള്ള പ്രത്യേക സ്‌പേസ്, യോഗം ചേരാനുള്ള ഇടം തുടങ്ങിയവയാണ് ബസിലുള്ളതെന്നാണ് അന്ന് മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു 1.05 കോടി മുടക്കി ആഡംബര ബസ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. നവകേരള സദസിന് ശേഷം ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമാക്കി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രിമാര്‍ പറഞ്ഞിരുന്നു. KSRTCയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കാനായിരുന്നു ഇത്. സര്‍ക്കാരിനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിഐപി കള്‍ക്കും ബസ് ആവശ്യപ്പെടുമ്പോള്‍ വിട്ടു നല്‍ക്കണം. മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ നവകേരള ബസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
എസ് എം കണ്ണപ്പയുടെ മാണ്ഡ്യയിലെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിര്‍മ്മിച്ചത്. 2023 നവംബര്‍ 10 നാണ് ബസ് വാങ്ങാന്‍ ധനവകുപ്പ് പണം അനുവദിച്ചത്.ട്രഷറി നിയന്ത്രണത്തിന് ഇളവ് നല്‍കി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി വകുപ്പിന്റെ ചെലവിലാണ് പണം ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലുമെത്തിയ പരിപാടിയാണ് നവകേരളാ സദസ്സ്.
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ