സംവിധായകൻ ബാലയെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ചിലർ തെറ്റായി വളച്ചൊടിച്ചുവെന്ന് നടി മമിത ബൈജു. തന്റെ കരിയറിൽ പ്രധാന സ്ഥാനത്തു നിൽക്കുന്ന സംവിധായകനാണ് ബാലയെന്നും അദ്ദേഹം ഒരിക്കൽപോലും മാനസികമോ ശാരീരികമോ ആയി ഉപദ്രവിക്കുകയോ മറ്റേതെങ്കിലും തരത്തിൽ അധിക്ഷേപകരമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നു മമിത പറയുന്നു.
‘വണങ്കാൻ’ സിനിമയുടെ സെറ്റിൽ സംവിധായകന്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നുവെന്നു മമിത പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മമിത പ്രതികരിച്ചത്.
‘‘ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് എന്റെ പേരിൽ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു സിനിമാ പ്രമോഷനു വേണ്ടി നല്‍കിയ അഭിമുഖത്തില്‍ നിന്നുമൊരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി ക്വോട്ട് ചെയ്താണ് ഈ നിരുത്തരവാദപരമായ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്.
ആ സിനിമയുടെ പ്രീപ്രൊഡക്‌ഷനും പ്രൊഡക്‌ഷനുമൊക്കെയായി ബാല സാറിനൊപ്പം ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്തിട്ടുണ്ട് ഞാന്‍. കൂടുതല്‍ മെച്ചപ്പെട്ട അഭിനേതാവാകാന്‍ എന്നെ അദ്ദേഹം എന്നും സഹായിച്ചിട്ടുണ്ട്. ഒരു നല്ല നടി എന്ന നിലയിൽ ഉയരാൻ ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.
എനിക്ക് ഒരു തരത്തിലുമുള്ള മാനസികവും ശാരീരികവുമായ വേദനകളോ മറ്റോ ആ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് എടുത്തു പറയട്ടെ. മറ്റു പ്രഫഷനല്‍ കമ്മിറ്റ്‌മെന്റുകള്‍ മൂലമാണ് ഞാന്‍ ആ സിനിമയില്‍നിന്നു പിന്മാറിയത്.
പബ്ലിഷ് ചെയ്യും മുമ്പ് വ്യക്തതയ്ക്കായി എന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടു നന്ദി പറയാനും ആഗ്രഹിക്കുകയാണ്. മനസ്സിലാക്കിയതിന് നന്ദി.’’ മമിത ബൈജുവിന്റെ വാക്കുകൾ.
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വണങ്കാൻ’. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്നും സൂര്യ പിന്മാറി. പിന്നാലെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്.
സൂര്യക്ക് പകരം അരുണ്‍ വിജയ് ചിത്രത്തിലെത്തുകയും ഷൂട്ടിങ് പൂര്‍ത്തിയാക്കുകയും ചെയ്തു. സിനിമയെക്കുറിച്ചും സൂര്യ പിന്മാറാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും ബാലു എന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞ കാര്യങ്ങളും വലിയ ചര്‍ച്ചയായി.
‘തന്റെ സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ ഇടപഴകുന്ന സംവിധായകനാണ് ബാല. അഭിനേതാക്കളില്‍നിന്ന് തനിക്ക് വേണ്ടത് എടുക്കുക എന്ന ശൈലിയാണ് ബാല സ്വീകരിക്കാറുള്ളത്.
Read More…..
ബാല ആരോടും കഥ പറയില്ല. എത്ര വലിയ താരമാണെങ്കിലും പറയില്ല. സൂര്യയോടും കഥ പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങ് ആരംഭിച്ചതു മുതല്‍ ഓടാനും ചാടാനും ഒക്കെ പറയുന്നു. വെയിലത്തു നിര്‍ത്തിയാണ് ഭൂരിഭാഗവും ചിത്രീകരണം. എന്നാല്‍ കഥ മാത്രം പറയുന്നില്ല.
ഒടുവില്‍ കഥ എന്താണെന്ന് സൂര്യ ചോദിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണല്ലോ സൂര്യ. ബാലയ്ക്ക് ഇത് അപമാനമായി തോന്നി. പിന്നീട് ഷൂട്ടിങ് കടുപ്പിച്ചു. ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ചെരുപ്പിടാതെ ഓടിച്ചു.
ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മുന്നില്‍ വെച്ച് മൈക്കിലൂടെ വഴക്ക് പറഞ്ഞു. ഇത് ശരിയായി വരില്ലെന്ന് സൂര്യയ്ക്ക് മനസ്സിലായി. പരസ്പര ധാരണയോടെ ചിത്രത്തില്‍ നിന്ന് പിന്മാറി. ചിത്രം ഉപേക്ഷിക്കാന്‍ ബാല തയാറായിരുന്നില്ല.
ഒടുവില്‍ അരുണ്‍ വിജയ് ചിത്രത്തിലേയ്ക്ക് എത്തി. എന്നെ എന്തുവേണമെങ്കിലും ചെയ്‌തോളാന്‍ അരുണ്‍ വിജയ് പറഞ്ഞു. ഒടുവില്‍ ചിത്രം നിര്‍മിക്കാന്‍ സുരേഷ് കാമാക്ഷി എത്തി’, എന്നായിരുന്നു ബാലയുടെ വെളിപ്പെടുത്തല്‍.