പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിലെ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദശാശ്വമേധഘാട്ടിന് സമീപം ചുവരിൽ മാർക്സിന്റെയും ലെനിന്റെയും ഏംഗൽസിന്റെയും ഭഗത് സിംഗിന്റെയും ഇഎംഎസ്സിന്റെയും എകെജി യുടെയും മറ്റും ചിത്രങ്ങള്‍ തൂക്കിയിട്ടുള്ള ഒരു ഒറ്റമുറിയുണ്ട്. ഇടിഞ്ഞ് പൊളിഞ്ഞ വളരെയധികം പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാൻ മസാലകൾ വിൽക്കുന്ന കടകൾക്ക് മുകളിലുളള ആ ഒറ്റമുറിയുടെ പുറത്ത് സ്ഥാപിച്ചിട്ടുള്ള രണ്ട് ബോർഡുകൾ. ഒന്നിൽ കാര്യാലയ് ഭാരത് കി കമ്മ്യൂണിസ് പാർട്ടി (മാർക്സ് വാദി ) വാരണാസി ഡിസ്ട്രിക് കമ്മിറ്റി, രണ്ടാമത്തേതിൽ ഭാരതീയ ട്രേഡ് യൂണിയൻ കേന്ദ്ര്, വാരണാസി ഡിസ്ട്രിക് കമ്മിറ്റി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. പറഞ്ഞ് വന്നത് വരണാസിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസും സിഐടിയു ഓഫീസിൻ്റെയും ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്; ഒരു കാലത്ത് വാരണാസിൽ സർവ്വ സർവ്വപ്രതാപമുണ്ടായിരുന്ന ഒരു പാർട്ടിയുടെ ദുരവസ്ഥയെക്കുറിച്ചാണ്. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപിഎമ്മും സിപിഐയും കരുത്ത് തെളിയച്ചതും അവർക്ക് ശക്തമായ അടിത്തറയുണ്ടായിരുന്നതുമായ മണ്ഡലമാണ് വാരണാസി. ക്ഷേത്ര നഗരമെന്നറിയപ്പെടുന്ന വാരണാസിയിൽ മാത്രമല്ല പതിറ്റാണ്ടുകൾക്ക് മുമ്പ് ഉത്തർപ്രദേശിലെ തന്നെ നിർണായക ശക്തികളായിരുന്നു ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും. കേരളമൊഴികെ പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലെപ്പോലെ തന്നെ ജനകീയ അടിത്തറ നഷ്ടപ്പെട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ഗതികേടിലാണ് സിപിഐയും സിപിഎമ്മും.
സ്വാതന്ത്ര്യാനന്തരം 1951 നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ യുപിയിൽ മത്സരത്തിനിറങ്ങിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (അന്ന് പാർട്ടി പിളർന്നിട്ടില്ല) മികച്ച പ്രകടനം കാഴ്ചവച്ചു. 43 നിയമസഭാ സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 5 ഇടത്ത് മികച്ച പ്രകടനം നടത്താനായി. ഒപ്പം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാൻസി, അസംഗഡ് മണ്ഡലങ്ങളിൽ രണ്ടാമതെത്താനും സിപിഐക്കായി. അഞ്ച് വർഷം കൊണ്ട് ചിത്രം മാറി.പിന്നീട് നടന്ന ഒരോ തെരഞ്ഞെടുപ്പിലും പാർട്ടി തങ്ങളുടെ കരുത്ത് വർധിപ്പിച്ചുകൊണ്ടിരുന്നു. സംസ്ഥാനത്തെ ഒരു ഡസനിലധികം മണ്ഡലത്തിൽ ( നിയമസഭ) പാർട്ടി വിജയത്തിൻ്റെ ചെങ്കൊടി പാറിച്ചു.
1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റിൽ മത്സരിച്ച സിപിഐ 9 സീറ്റിൽ വിജയം നേടി. ഇക്കുറി ‘ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി. ലോക്സഭയിലേക്ക് റസ്രയിൽ വിജയം പിടിച്ചെടുത്തപ്പോൾ ഘോസി, ജാൻസി, മീററ്റ് എന്നീ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും പാർട്ടിക്കായി.
1962ൽ സിപിഐ വീണ്ടും കരുത്തു വർദ്ധിപ്പിച്ചു. റസ്ര മണ്ഡലം നില നിർത്തിയ പാർട്ടി ഘോസിയിലും വിജയിച്ചു കയറി. ഇക്കുറി സംസ്ഥാനത്ത് നിന്നുള്ള ലോക്സഭാംഗങ്ങളുടെ എണ്ണം രണ്ടായി ഉയർത്ത്. 430 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 147 സീറ്റിൽ പാർട്ടി അങ്കത്തിനിറങ്ങി. കൺപൂർ ഉൾപ്പെടെ 14 മണ്ഡലങ്ങളിൽ വിജയം നേടി. ഇത്തവണ ഉത്തർപ്രദേശ് നിയമസഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയായി സിപിഐമാറി. 1962 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ന് നരേന്ദ്രമോദി വിജയിച്ചവരാണാസി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മിക്ക സീറ്റുകളിലും മുന്നേറ്റമുണ്ടാക്കാനും പലതിലും ജയിക്കാനും സിപിഐക്കായി.
1964ൽ പാർട്ടിയിലുണ്ടായ പിളർപ്പ് പാർട്ടിക്ക് തിരിച്ചടിയായി. സിപിഎമ്മും സിപിഐയുമായി മാറിയതോടെ ഇരുപക്ഷവും ഒറ്റയ്ക്ക് പരസ്പരം പോരിനിറങ്ങിയപ്പോൾ സിപിഐക്കായിരുന്നു. സിപിഎമ്മിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും ഞെട്ടിട്ടുകൊണ്ട് സിപിഐ 1967ൽ ചരിത്ര വിജയം കുറിച്ചു. ഇക്കുറി സംസ്ഥാനത്തു നിന്നും 5 പേരെ പാർട്ടി ലോക്സഭയിലെത്തിച്ചു. 17 സീറ്റിൽ മത്സരിച്ച സിപിഐ ഘോസി, അംരോഹ, ഗാസിപ്പൂർ, ബണ്ട, മുസഫർപുർ മണ്ഡലങ്ങളിലാണ് വിജയക്കൊടി നാട്ടിയത്. പലയിടത്തും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോരടിച്ചില്ലായിരുന്നെങ്കിൽ 1967ൽ ഒരു ഡസനിലേറെ എംപിമാരെ ലോക്സഭയിലെത്തിക്കാൻ കഴിയുമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. അന്ന് നിയമസഭയിലേക്ക് 57 സീറ്റിലാണ് സിപിഎം മത്സരത്തിനിറങ്ങിയത്. എന്നാൽ വിജയംഅൻ്റോഹ മണ്ഡലത്തിൽ മാത്രമായി ചുരുങ്ങി.
1967 ലാണ് സിപിഎം ആദ്യമായി യുപിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നത്. ഇന്ന് ബിജെപിയു കോട്ടയായി മാറിയ വാരണാസിയിലാണ് സിപിഎം അന്ന് ചെങ്കൊടി പാറിച്ചത്.നിയമസഭയിലേക്ക് വാരണാസി സൗത്ത് മണ്ഡലത്തിൽ നിന്നും സിപിഐയും വിജയിച്ചു. ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനപിന്തുണയും ശക്തമായ അടിത്തറയുമുളള മണ്ഡലമായി വരാണാസി മാറി. എന്നാൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും പരസ്പരം പോരടിക്കുന്നതടക്കമുള്ള കാരണങ്ങൾകൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ വിജയം തുടരാൻ സിപിഎമ്മിനായില്ല.
1971 ൽ കോൺഗ്രസ് മണ്ഡലം വാരണാസി മണ്ഡലം പിടിച്ചെടുത്തു. എന്നാൽ 1977 ൽ കോൺഗ്രസിൽ നിന്നും മണ്ഡലം പിടിച്ചെടുത്ത ജനതാ പി ടി1980 ലും 1984 ലും വിജയം ആവർത്തിച്ചു. 1989ൽ ജനതാദൾ വിജയിച്ച വാരണാസി പിന്നീട് കാവി പുതയ്ക്കുന്ന അവസ്ഥയിലേക്ക് എത്തി.1991ലും 1996ലും 1998ലും ബിജെപി വിജയിച്ചു. 2004 മണ്ഡലം ബിജെപിയെ കൈവിട്ടു. കോൺഗ്രസിലെ രാജേഷ് കുമാർ മിശ്ര ശങ്കർ പ്രസാദ് ജയ്സ്വാളിനെ തോൽപ്പിച്ച് ത്രിവർണ പതാക പാറിച്ചു. എന്നാൽ ബിഎസ്പിയുടെ മുഖ്താർ അൻസാരിയെ തോല്പിച്ച് 2009 ൽ മുരളി മനോഹർ ജോഷി ബിജെപിക്കായി മണ്ഡലം തിരിച്ചുപിടിച്ചു. 2014ൽ നരേന്ദ്ര മോദി മത്സരിക്കാൻ എത്തിയതോടെ ആ പഴയ ചുവപ്പു കോട്ടയിലെ കാവി പ്രഭാവം വർധിപ്പിച്ചു. 2019ലും വിജയിച്ച മോദി വാരണാസിയെ ബിജെപിയുടെ ഉറച്ച കോട്ടയാക്കി.2014 ലും 2019ലും ഗുജറാത്തിലെ വഡോദരയിൽ നിന്നു കൂടി മത്സരിച്ച മോദി അങ്കത്തിനിറങ്ങുന്നത് വാരണാസിൽ നിന്നും മാത്രമാണ്.
ഭാരതീയ ക്രാന്തി ദളും ഭാരതീയ ജനസംഘവും തങ്ങളുടെ അടിത്തറ വർധിപ്പിച്ചതോടെ യുപിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പതനമാരംഭിക്കുകയായിരുന്നു.1969ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ 109 സീറ്റിൽ മത്സരിച്ച സിപിഐക്ക് മൂന്നിടത്ത് മാത്രമാണ് വിജയിക്കാനായത്.21 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ജയിക്കാനായത് ഒരിടത്ത് മാത്രം.
1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്നാണ് മത്സരിച്ചത്. എട്ടിടത്ത് മത്സരിച്ച പാർട്ടി നേർ പകുതി സീറ്റുകളിൽ വിജയം നേടി. വിജയം നേടി. ഘോസി, ഘാസിപ്പൂർ, മുസഫർപുർ, അൻ്റോഹ എന്നിവിടങ്ങളിലായിരുന്നു വിജയം. 4 ഇടത്ത് ജയിച്ച സിപിഐക്ക് മൂന്നിടത്ത് രണ്ടാം സ്ഥാനത്ത് എത്താനുമായി. അഞ്ചിടങ്ങളിൽ മത്സരിച്ച സിപിഎം വീണ്ടും വട്ടപൂജ്യമായി. തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പിൽ ജയിച്ച വാരണാസിയിൽ അഞ്ചാം സ്ഥാനത്ത് മാത്രം എത്താനായിരുന്നു പാർട്ടിയുടെ വിധി.
1974 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ വീണ്ടും കരുത്തുകാട്ടിയപ്പോൾ സിപിഎം നില മെച്ചപ്പെടുത്തി. സീറ്റുകളുടെ എണ്ണം കുറച്ച് 40 സീറ്റിൽ മാത്രം മത്സരിച്ച സിപിഐ 16 മണ്ഡലങ്ങളിൽ വിജയിച്ചു. 36 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് രണ്ടിടത്ത് വിജയിക്കാനായി.
1977 ൽ സംസ്ഥാനത്ത് ആഞ്ഞടിച്ച ജനതാ തരംഗത്തിനിടയിലും സിപിഐ വീണ്ടും കരുത്തു തെളിയിച്ചു. നിയമസഭയിലേക്ക് മത്സരിച്ച 29 ൽ 9 സീറ്റിൽ ജയിച്ചു കയി. 35 മണ്ഡലങ്ങളിൽ ഒരിടത്ത് മാത്രമാണ് സിപിഎം ജയിച്ചത്. ജനതാപാർട്ടിയുടെ തകർച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് തങ്ങളുടെ നില വ്യാപിപ്പിക്കാൻ സിപിഐ ശ്രമിച്ചു. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 155 സീറ്റുകളിൽ സിപിഐ സ്ഥാനാർത്ഥികളെ ഇറക്കിയെങ്കിലും ഏഴിടത്ത് മാത്രമാണ് ജയിക്കാനായത്. 18 സീറ്റിൽ മത്സരിച്ച സിപിഎം വീണ്ടും വട്ടപ്പൂജ്യമായി.
1985 ൽ യുപിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ എണ്ണം സീറ്റുകളിൽ സിപിഐ സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും വിജയം 6 ഇടത്തേക്ക് മാത്രമായി ചുരുങ്ങി. 25 ഇടത്ത് മത്സരിച്ച സിപിഎം രണ്ടിടത്ത് വിജയിച്ചു. 1989 ൽ സിപിഐ 68 ൽ ഇടത്ത് മത്സരിച്ചപ്പോൾ എട്ടിടത്ത് വിജയിച്ചു. എട്ടിടത്ത് മത്സരിച്ച സിപിഎം രണ്ടിടത്ത് വിജയിച്ചു.
1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് സിപിഐ വിജയിച്ചു. ബണ്ട, ഫൈസാബാദ് എന്നീ മണ്ഡലങ്ങളിലായിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം. കാൺപൂരിൽ നിന്നും സിപിഎമ്മിന് വേണ്ടി പാർട്ടിയുടെ വനിതാ മുഖം സുഭാഷിണി അലിയും ലോക്സഭയിലെത്തി. ജനതാദളുമായുള്ള സഖ്യത്തിൻ്റെ ഭാഗമായിട്ടാണ് ഇക്കുറി ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും അങ്കത്തിനിറങ്ങിയത്.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തുടർച്ചയായി കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ തകർന്നുകൊണ്ടിരുന്നു.1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 44 സീറ്റിൽ മത്സരിച്ച സിപിഐ 4 ഇടത്ത് ജയിച്ചു. എന്നാൽ 34 ൽ സീറ്റുകളിൽ കെട്ടിവച്ച കാശ് നഷ്ടമായി.14 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ഒരിടത്ത് ജയിക്കാനായെങ്കിലും 13 ഇടത്ത് കെട്ടിവച്ച കാശു പോയി.തുടർന്നുള്ളവർഷങ്ങളിൽ തകർച്ച ശക്തമായി.1993ൽ 37 മണ്ഡലങ്ങളിൽ പോരിനിറങ്ങിയ മത്സരിച്ച സിപിഐ ജയിച്ചത് മൂന്നിടത്ത് മാത്രം. 17 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ജയിക്കാനായതും ഒരിടത്ത്. 1996 ൽ ജനതാദളും മറ്റ് പാർട്ടികളുമായി സഖ്യത്തിലാണ് ഇരു പാർട്ടികളും മത്സരത്തിനിറങ്ങിയത്. സിപിഐ മത്സരിച്ച 15 ൽ ഒരിടത്ത് മാത്രം ജയിച്ചപ്പോൾ സിപിഎം ഇക്കുറി സിപിഐയേക്കാൾ അധികം സീറ്റ് സ്വന്തമാക്കി. സിപിഎം മത്സരിച്ച 11 മണ്ഡലങ്ങളിൽ നാലിടത്ത് വിജയിക്കാൻ പാർട്ടിക്കായി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും പൊടിപോലുമില്ല കണ്ടു പിടിക്കാനെന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തി. 2002 ൽ അഞ്ച് സീറ്റിൽ മത്സരിച്ച സിപിഐ സംസ്ഥാനത്ത് വട്ടപൂജ്യമായി. ആറ് സീറ്റിൽ മത്സരിച്ച സിപിഎം രണ്ടിടത്ത് വിജയിച്ചു. 2007 നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ ആദ്യമായി സംസ്ഥാന ചരിത്രത്തിലെ തങ്ങളുടെ ആദ്യ നാണക്കേട് സ്വന്തമാക്കി. മത്സരിച്ച 21 സീറ്റിലും പാർട്ടിക്ക് കെട്ടിവച്ച കാശ് നഷ്ടമായി. കിട്ടിയതാകട്ടെ 48,286 വോട്ടു മാത്രം. 14 ൽ മത്സരിച്ച സിപിഎമ്മും വട്ടപ്പൂജ്യമായി. 11 ഇടത്ത് കെട്ടിവച്ച കാശും പാർട്ടിക്ക് നഷ്ടമായി. 2012 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 51 സീറ്റിലും കെട്ടിവച്ച തുക നഷ്ടപ്പെട്ട് സിപിഐ വീണ്ടും നാണം കെട്ടു. സിപിഎമ്മും മത്സരിച്ച 17 സീറ്റുകളിലും തോറ്റു.
2017 ബിജെപി മുന്നേറ്റത്തിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും തിരിച്ചടി നേരിട്ടു. 68 സീറ്റിൽ മത്സരിച്ച സിപിഐയും. 26 സീറ്റിൽ മത്സരിച്ച സിപിഎമ്മും വീണ്ടും വട്ടപൂജ്യം.ഒരു കാലത്ത് തങ്ങളുടെ ശക്തി കേന്ദ്രമായിരുന്ന വാരണാസി സൗത്ത് നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന് ലഭിച്ചത് വെറും 740 വോട്ടാണ് .വാരണാസി കൻ്റോൺമെൻ്റിൽ സിപിഐക്ക് കിട്ടിയതാവടെ 1514 വോട്ടും. ഈ കണക്കുകൾ മാത്രം അടയാളപ്പെടുത്തുന്നു ഉത്തർപ്രദേശിൽ സിപിഐയും സിപിഎമ്മും നേരിട്ട തകർച്ചയുടെ ആ ആഴം.2022 ൽ സിപിഐ 40 സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിച്ചെങ്കിൽ ഇരു പാർട്ടികളും സംപൂജ്യരാവുകയായിരുന്നു.
വീണ്ടും രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ‘ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കഴിയാത്ത തരത്തിലുള്ള ദയനീയ അവസ്ഥയിലാണ് ഉത്തർപ്രദേശിലെ സിപിഎമ്മും സിപിഐയും. ഇത്തവണ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉണ്ടാവുമോ എന്ന് തന്നെ സംശയമാണ്. ചരിത്രത്തിന് മുമ്പുള്ള നഗരം എന്ന് വിശേഷിപ്പിക്കുന്ന വാരണാസിയിലടക്കം സംസ്ഥാനത്താകെ വെറും ചരിത്രമായി മാറിയിരിക്കുകയാണ് ഇരു കമ്മ്യൂണിസ്റ്റു പാർട്ടികളും.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ