മുടികൊഴിച്ചിലുണ്ടോ? നിസ്സാരമായി കരുതണ്ട, കാരണങ്ങൾ ഇവയാണോയെന്ന് പരിശോധിക്കു

മുടികൊഴിച്ചിൽ ഇപ്പോൾ വളരെ സാധാരണമായിരിക്കുന്നു. മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പറയുന്നൊരു പരാതിയാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചിലുണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, തൈറോയ്ഡ് പോലുള്ള ചില രോഗങ്ങള്‍, ചില രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, കാലാവസ്ഥ, ഭക്ഷണത്തിലെ പോരായ്കകള്‍, സ്ട്രെസ് എന്നിങ്ങനെ വിവിധ തരത്തിലുള്ള കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാം. 

ഇത്തരത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 

ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ലെങ്കില്‍ ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം. മുടിയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന കെരാറ്റിൻ എന്ന പ്രോട്ടീനുണ്ടാകണമെങ്കില്‍ നമ്മള്‍ ഭക്ഷണത്തിലൂടെ പ്രോട്ടീൻ എടുക്കണം. മുടി ദുര്‍ബലമാകാനും മുടി പൊട്ടിപ്പോകാനും മുടി കൊഴിച്ചിലിനുമെല്ലാം പ്രോട്ടീൻ കുറവ് കാരണമാകാം. 

അയേണ്‍ കുറവിനാലും ധാരാളം പേരില്‍ മുടി കൊഴിച്ചിലുണ്ടാകുന്നുണ്ട്. അയേണഅ‍ കുറവായി അത് വിളര്‍ച്ചയിലേക്ക് നയിക്കുമ്പോഴാണ് മുടി കൊഴിച്ചില്‍ കാര്യമായി സംഭവിക്കുന്നത്. അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള‍ാണ് ഇതിനായി കഴിക്കേണ്ടത്. 

പലരും വണ്ണം കൂടാതിരിക്കുക എന്ന ലക്ഷ്യത്തില്‍ കലോറി എടുക്കുന്നത് നല്ലതുപോലെ കുറയ്ക്കാറുണ്ട്. ഇങ്ങനെ കലോറി വളരെയധികം കുറയ്ക്കുന്നതും ചിലരില്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാം. 

നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു ഘടകമാണ് വൈറ്റമിൻ എ. പ്രത്യേകിച്ച് കണ്ണിനും മുടിക്കുമെല്ലാം. എന്നാലിത് കൂടിയാലും പ്രശ്നമാണ്. ഭക്ഷണത്തിലൂടെ നമ്മളെടുക്കുന്ന വൈറ്റമിൻ എ കൂടുന്നത് മുടി കൊഴിച്ചിലിലേക്കും നയിക്കാം. 

ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള അവശ്യം വേണ്ടുന്ന ഫാറ്റി ആസിഡുകളുടെ കുറവും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. മുടി വല്ലാതെ ഡ്രൈ ആവുക, മുടി പൊട്ടിപ്പോകല്‍, മുടി കൊഴിച്ചില്‍ എല്ലാം ഇത്തരത്തില്‍ സംഭവിക്കാം.