തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി ഓസ്ട്രേലിയയിലെ ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് വകുപ്പ് മന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യോഗം ചേര്‍ന്നു. ഓസ്‌ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച അവസരമൊരുങ്ങുകയാണ്.
ഇതിനായി തിരുവനന്തപുരം കേന്ദ്രമാക്കി കേരള, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുള്‍പ്പെട്ട പ്രത്യേക സെല്‍ സ്ഥാപിക്കുന്നതാണ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തൊഴില്‍ വകുപ്പ് സെക്രട്ടറി, എസ്.സി. എസ്.ടി. വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ ഈ സെല്ലിലുണ്ടാകും. ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനത്തിനും എക്‌സ്‌ചേഞ്ച് പരിപാടികള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങള്‍ കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് മുന്നിലെത്തിക്കുകയും കേരളത്തിലെ യുവതലമുറയ്ക്ക് അവിടെയുള്ള മികച്ച സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമൊരുക്കുകയും ചെയ്യും. അതുവഴി വെസ്റ്റേണ്‍ ഓസ്ട്രേലിയയും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും.
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
ഓസ്‌ട്രേലിയയിലെ ആരോഗ്യ രംഗത്ത് ധാരാളം തൊഴില്‍ സാധ്യതകളാണുള്ളത്. നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി, മെഡിക്കല്‍, അലൈഡ് ഹെല്‍ത്ത്, ദന്തല്‍ എന്നീ വിഭാഗങ്ങളിലാണ് ഓസ്‌ട്രേലിയ ജീവനക്കാരെ തേടുന്നത്. കേരളത്തിലെ നഴ്സുമാരുടെ വൈദഗ്ധ്യം, പരിചരണം, കഠിനാധ്വാനം, ആത്മാര്‍ത്ഥത, പെരുമാറ്റം എന്നിവ ലോകമെമ്പാടും പ്രശസ്തമാണ്. മികച്ച പരിശീലനം ലഭിച്ചവരായതിനാല്‍ കേരളത്തിലെ നഴ്സുമാര്‍ക്ക് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ്. ഇവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനാവശ്യമായ പരിശീലനം ഒഡെപക് നല്‍കി വരുന്നു. മന്ത്രിമാര്‍ എല്ലാവിധ പിന്തുണയും നല്‍കി.ഒഡെപക് ചെയര്‍മാന്‍ കെ.പി. അനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ കെ.എ. അനൂപ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.