തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭ യോഗം അംഗീകാരം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാര ഏജൻസി നിർദേശിച്ചതിൽ കൂടുതൽ ഭൂമിയുള്ള സ്ഥാപനങ്ങളിലായിരിക്കും വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ അടുത്ത സാമ്പത്തിക വർഷത്തിൽ 25 പാർക്കുകളാണ് ലക്ഷ്യമിടുന്നത്. 70ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് സർവകലാശാലകളും വ്യവസായ പാർക്കുകൾക്കായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് അഞ്ച് ഏക്കർ ഭൂമിയുള്ള സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പ്രഫഷനൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാമ്പസ് വ്യവസായ പാർക്കുകൾ തുടങ്ങാം. രണ്ട് ഏക്കർ ഭൂമിയുള്ളവക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് അനുമതി നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങൾക്കും വ്യവസായ പാർക്കുകൾക്കായി അപേക്ഷിക്കാനാകും.
ഇതിനായി ഡെവലപ്പർ പെർമിറ്റിന് അപേക്ഷ നൽകണം. വ്യവസായ, ഉന്നത വിദ്യാഭ്യാസ, ധന, റവന്യൂ, തദ്ദേശ, ജലവിഭവ, ഊർജ പരിസ്ഥിതി വകുപ്പുകൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി അപേക്ഷകളിൽ തീരുമാനമെടുക്കും. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും അനുമതി നൽകുക. വ്യവസായ ആവശ്യത്തിനുള്ള സ്ഥല ദൗർലഭ്യം പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നതിനും ഇത് വഴിയൊരുക്കും. വിദ്യാർഥികളിൽ സംരംഭകത്വം വളർത്താനും വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും കാമ്പസ് വ്യവസായ പാർക്കുകൾ വഴിയൊരുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. റോഡ്, വൈദ്യുതി, മാലിന്യ നിർമാർജനം തുടങ്ങിയ സൗകര്യങ്ങളൊരുക്കാൻ 1.5 കോടി രൂപ വരെ സർക്കാർ അനുവദിക്കും.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ