ഭാവിയിലെ യാത്രാ യാനം; ഹൈഡ്രജന്‍ ഫെറി ആദ്യം വാരാണസിയില്‍ ഓടും; കേരളത്തിലും വരുമെന്ന് ഷിപ്പിയാര്‍ഡ് ചെയര്‍മാന്‍

ഉള്‍നാടന്‍ ജലഗതാഗതം രാജ്യത്തെ ഏറ്റവും കൂടുതലും ശ്രദ്ധേയവുമായ സ്ഥലമാണ് വാരാണസി. അതുകൊണ്ടാണ് ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന രാജ്യത്തെ ആദ്യ യാനം അങ്ങോട്ടേക്കു കൊണ്ടുപോകുന്നതെന്ന് ഫെറി ഫ്‌ളാഗ് ഓഫിനു ശേഷം കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ പറഞ്ഞു. ഇത് നിര്‍മ്മിക്കാന്‍ 14 കോടി രൂപയാണ് ചെലവ്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന യാനം പൂര്‍ണ്ണമായും എയര്‍ കണ്ടിഷന്‍ സംവിധാനമുള്ളതാണ്. ഇതിന്റെ സോഫ്റ്റ്‌വെയര്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ കെ.പി.ഐ.റ്റി ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. 

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.എസ്.ആറിന്റെ സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചത്. രണ്ടുവര്‍ഷത്തെ സമയമാണ് യാനം നിര്‍മ്മാണത്തിനു വേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. 3 കിലോവാട്ടിന്റെ സോളര്‍ പാനലും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഫ്യുവല്‍ സെല്ലിലുള്ള ഹൈഡ്രജന്‍ വായുവിലെ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ച് വൈദ്യുതി നിര്‍മ്മിക്കുകയാണ് ചെയ്യുക. ഈ വൈദ്യുതി ഉപയോഗിച്ച് യാനം പ്രവര്‍ത്തിക്കും എന്നതാണ് സാങ്കേതിക വിദ്യ. വെള്ളമാണ് ഉപോല്‍പ്പന്നമായി വരുന്നത് എന്നതിനാല്‍ പരിസ്ഥിതിക്ക് ദോഷമില്ല. ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള യാനം ശബ്ദമലിനീകരണവും ഉണ്ടാക്കില്ല. 

രാജ്യത്തെ ഉള്‍നാടന്‍ ജലഗതാഗത സംവിധാനം പൂര്‍ണമായി പരിസ്ഥിതി സൗഹാര്‍ദമാക്കുന്നതിനുള്ള ആലോചനകളും നടന്നു വരുന്നുണ്ട്. കേരളവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.  ഇലക്ട്രിക് ഉള്‍പ്പെടെ 1000 ‘ഗ്രീന്‍ വാട്ടര്‍’ യാനങ്ങള്‍ പുറത്തിറക്കാനാണ് ആലോചന നടക്കുന്നത്. കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 5 യാനങ്ങളെങ്കിലും വന്നാല്‍ മാത്രമേ സര്‍വീസ് തുടങ്ങാനാകൂ. അധികം വൈകാതെ മൂന്ന് സമുദ്രതീര പട്ടണങ്ങളെ ഇത്തരത്തില്‍ പരിസ്ഥിതി സൗഹാര്‍ദ യാനങ്ങള്‍ ഉപയോഗിക്കുന്നവയാക്കി മാറ്റാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. 

Read more :

കൊച്ചി, കൊല്ലം, ഗുവാഹത്തി, ഗോവ തുടങ്ങിയ നഗരങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ട്. 50 കിലോവാട്ടിന്റെ ഫ്യുവല്‍ സെല്‍ ആണുള്ളത്. ഭാവിയില്‍ ഇത് 300 കിലോവാട്ടിന്റെ സെല്‍ ആക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 40 കിലോഗ്രാം ഹൈഡ്രജന്‍ കൊള്ളുന്ന 5 സിലിണ്ടറുകളാണ് ഫെറിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് എട്ടു മണിക്കൂര്‍ സഞ്ചരിക്കാം. ആഗോളതലത്തില്‍ ഏതാനും രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ ഒന്നാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഹൈഡ്രജന്‍ ഇന്ധന യാന നിര്‍മ്മാണത്തിലൂടെ പ്രാവര്‍ത്തികമാക്കിയത്. 

ഇത്തരമൊന്ന് ഇന്ത്യയില്‍ വികസിപ്പിക്കാന്‍ കഴിയില്ല. പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും എന്നു കരുതിയിരുന്നവര്‍ക്കുള്ള ഉത്തരമാണ് കൊച്ചിയില്‍ നിര്‍മ്മിച്ച ബോട്ട്. 99.996 ശതമാനം ശുദ്ധമായ ഹൈഡ്രജനാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവില്‍ വാണിജ്യപരമായി ലാഭകരമല്ല ഹൈഡ്രജന്‍. എന്നാല്‍ ഏതാനും വര്‍ഷത്തിനുള്ളില്‍ ഹൈഡ്രജന്‍ ബദല്‍ ഊര്‍ജ്ജസ്രോതസ്സായി മാറും. അതുകൊണ്ടു തന്നെ തുടക്കക്കാരെന്ന നിലയില്‍ ഇന്ത്യക്ക് പ്രാധാന്യം ലഭിക്കും.

കൊച്ചിയില്‍ ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. തൂത്തുക്കുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. 2070ഓടെ ഇന്ത്യയില്‍ ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള പൈലറ്റ് പദ്ധതി ആയാണ് ഹൈഡ്രജന്‍ ഫെറി നിര്‍മ്മിച്ചത്. ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല. ഊര്‍ജ ഉപയോഗവും കാര്യക്ഷമമാണ്. ഫലത്തില്‍ ഇത് ആഗോള താപനത്തിന്റെ ആഘാതം കുറക്കുന്നതിനും സഹായിക്കും. 

     അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ