തിരുവനന്തപുരം: കേരളത്തിന്റെ അന്നം മുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ നടപടികളിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) സംസ്ഥാന കമ്മിറ്റി. ഭക്ഷ്യധാന്യ ഉല്പാദനത്തിൽ കമ്മി സംസ്ഥാനമായ കേരളത്തിൽ 1965 മുതൽ നടപിലാക്കി വന്ന സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരും ഇപ്പോഴത്തെ ബിജെപി സർക്കാരും കൂടി തകർത്തിരിക്കുകയാണെന്ന് ബികെഎംയു പറഞ്ഞു.
കേരളത്തിലെ 57 ശതമാനം ജനങ്ങൾക്കും റേഷന്‍ അരി നിഷേധിക്കുന്ന സമീപനമാണ് 2013 ലെ ഭക്ഷ്യ ഭദ്രത നിയമം പ്രകാരം ഉണ്ടായത്. ആവശ്യത്തിന് നല്‍കിയില്ലെങ്കിലും 2013 വരെ കേരളത്തിന്റെ അരിവിഹിതം 16.25 ലക്ഷം മെട്രിക് ടണ്‍ എന്നത് ഭക്ഷ്യഭദ്രത നിയമത്തിലൂടെ 14.25 ലക്ഷം മെട്രിക് ടണ്ണായി ചുരുങ്ങി. അത് കേരളം പോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് വലിയ പ്രയാസം ഉണ്ടാക്കി. 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേന്ദ്ര നിബന്ധനകള്‍ പ്രകാരം റേഷനിങ്ങിനു പുറത്തുപോയ 57 ശതമാനത്തിനും നാല് രൂപ, 10.90 രൂപ നിരക്കില്‍ സംസ്ഥാന പദ്ധതി പ്രകാരം റേഷന്‍ നല്‍കിവരുന്നു. ഇതിനുപോലും ആവശ്യത്തിന് ഭക്ഷ്യധാന്യം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ 29 രൂപയ്ക്ക് അരിയുമായി രംഗത്ത് വന്നിട്ടുള്ളത്.
അധിക ഭക്ഷ്യധാന്യ സ്റ്റോക്ക് ഒഎംഎസ് ( ഓപ്പണ്‍ മാര്‍ക്കറ്റിങ് സെയില്‍സ് സ്കീം ) മുഖേന വയ്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധാര്‍ഹമാണെന്നും ബികെഎംയു ചൂണ്ടിക്കാട്ടി.
ലേലത്തില്‍ പങ്കെടുത്ത് സപ്ലൈകോ വിലയ്ക്ക് വാങ്ങി സബ്സിഡി നല്‍കി , കഴിഞ്ഞ ഏഴര വര്‍ഷക്കാലമായി 23 മുതല്‍ 25 വരെ രൂപയ്ക്ക് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന അരിയാണ് ഇപ്പോള്‍ ഭാരത് അരിയായി 29 രൂപയ്ക്ക് നല്‍കുന്നത്. കേന്ദ്ര ഏജന്‍സികള്‍ വഴി വിതരണം ചെയ്യുന്ന ഭാരത് അരിയ്ക്ക് റേഷന്‍ കാര്‍ഡ് പോലും ബാധകമല്ല. കേരളത്തിലെ ന്യായവില ഷോപ്പുകളിലെയും കേരളത്തിന്റെ മാതൃകാപരമായ വിപണി ഇടപെടല്‍ ശൃംഖലകളും മറികടന്നുകൊണ്ടുള്ള കേന്ദ്ര ഏജന്‍സികളുടെ അരിവിതരണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.
റേഷന്‍ കാര്‍ഡ് പോലും പരിഗണിക്കാതെ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന ഈ അരി വിതരണം ആരെ സഹായിക്കാനാണെന്ന് മനസിലാകുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി വിപണി ഇടപെടല്‍ നടപ്പാക്കി മുന്നോട്ടുപോകുന്ന കേരള സര്‍ക്കാരിനെതിരെ കേന്ദ്രം തുടര്‍ച്ചയായി നടത്തിവരുന്ന പ്രതികാര നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് ജനങ്ങളുടെ അന്നം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാറും ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും അഭ്യര്‍ത്ഥിച്ചു.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















