അത്ഭുതങ്ങളൊന്നുമില്ല; സിപിഐ സ്ഥാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപനം നടത്തിയത്.

വയനാട്ടില്‍ ആനിരാജ മത്സരിക്കും. മാവേലിക്കരയില്‍ സിഎ അരുണ്‍ കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മത്സരിക്കും. തൃശൂരില്‍ വിഎസ് സുനില്‍ കുമാറും മത്സരരംഗത്തുണ്ടാകും. സിപിഐ എക്‌സിക്യൂട്ടീവാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

കോട്ടയം, കൊല്ലം ജില്ലാ കൗണ്‍സിലുകള്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ചിരുന്നില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി.എ. അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണം.

സ്പോൺസേർഡ് സ്ഥാനാർത്ഥി എന്ന വിമർശനവും അരുണിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അരുണിനെ സ്ഥാനാർത്ഥിയാക്കാൻ ഗൂഡാലോചന നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. അതിനിടെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ്  ഇന്ന് സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അരുണിന്റെ പേര് ഉള്‍പ്പെടുത്തിയത്.