ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ടത് കേരളത്തിന്റെ സാംസ്‌ക്കാരിക മാറ്റത്തിലൂടെയുള്ള ധനാഗമന മാര്‍ഗത്തിന്റെ ‘ബ്ലൂ’പ്രിന്റാണ്. അതിനെ സര്‍ക്കാര്‍ ഓമനപ്പേരിട്ടു വിളിക്കുന്നത് പ്ലാന്‍ ബി എന്നും. നിരവധി കടമ്പകള്‍ കടന്നും, പല പരീക്ഷണങ്ങളും, നിരീക്ഷണങ്ങളും നടത്തിയിട്ടുമാണ് ബാലഗോപാലന്റെ പ്ലാന്‍ ബി ബജറ്റിലൂടെ പ്രഖ്യാപിച്ചത്. ചൂതാട്ടവും, സെക്‌സ് ടൂറിസവും, നൈറ്റ് ക്ലബ്ബുകള്‍, ബിയര്‍ പാര്‍ലറുകള്‍ തുടങ്ങിയ ആധുനിക കാലത്തിന്റെ മറ്റൊരു തലമാണ് കേരളത്തില്‍ ഒരുക്കാന്‍ വേണ്ടി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഇതിനോടൊപ്പം വിദേശ സര്‍വ്വകലാശായ്ക്കും സ്വകാര്യ സര്‍വ്വകലാശാലയ്ക്കും അനുമതി നല്‍കുമെന്ന മെമ്പൊടിയും ഇട്ടതോടെ പ്ലാന്‍ ബിയെ കുറിച്ച് ആരും ചര്‍ച്ച ചെയ്യാതായി. വിദേശ സര്‍വ്വകലാശാലയുടെ പിന്നാലെ മാധ്യമങ്ങളും വിമര്‍ശകരും പ്രതിപക്ഷവും പോയതോടെ പ്ലാന്‍ ബി എന്താണെന്ന ചര്‍ച്ച പാടെ മറന്നു. അവിടെയാണ് ബാലഗോപാലും, ബാലഗോപാലിന് ബുദ്ധി പറഞ്ഞു കൊടുത്തവരും വിജയിച്ചത്. ഉള്ളില്‍ ചിരിച്ചു കൊണ്ട് വിദേശ സര്‍വ്വകലാശാല തുടങ്ങുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചതോടെ പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങി.
ഐ.ടി. പാര്‍ക്കുകളില്‍ ബിയര്‍ പാര്‍ലറുകള്‍ കൊണ്ടുവരുന്നതിനുള്ള തീരുമാനത്തെ വളരെ നേരത്തെ പൊതു ചര്‍ച്ചയ്ക്കിട്ടതും, വനിതാ ശാക്തീകരണമെന്ന ലേബലില്‍ സ്ത്രീയുടെ നഗ്നതയെ പരസ്യമാക്കാനുള്ള പൊതുഇടപെടലും തന്ത്രപരമായി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. സ്ത്രീ ശരീരത്തെ എന്തിനാണ് മറച്ചു വെയ്ക്കുന്നതെന്നും വസ്ത്രധാരണത്തില്‍ സ്വാതന്ത്ര്യം വേണമെന്നുമുള്ള ആവശ്യങ്ങളെ അംഗീകരിച്ചു കൊടുക്കുന്നതിനുമായി നിരന്തരം ഇടപെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലാത്ത കാലത്താണ് വീണ്ടും സ്വാതന്ത്ര്യം വേണമെന്ന് ശഠിക്കുന്നത് എന്നതാണ് ചിന്തിക്കേണ്ടത്.
രാത്രികാല ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് മറ്റൊരു പരീക്ഷണം. തിരുവനന്തപുരത്തെ മാനവീയം വീഥിയെ നൈറ്റ്‌ലൈഫ് ആക്കാനെടുത്ത കൂര്‍മ്മ ചിന്ത എന്തിനായിരുന്നു. കൗമാരക്കാര്‍ വീടുകളില്‍ ഇരിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം പദ്ധതികളെ പ്രമോട്ടു ചെയ്യുന്നത്. രാത്രി ഇരിക്കാന്‍ ഒരിടം സര്‍ക്കാര്‍ സഹകരണത്തോടെ നല്‍കുന്ന വികസനം എന്തിലേക്കായിരിക്കും നയിക്കുക എന്നതും ചിന്തിക്കണം. ഇങ്ങനെ, കേരളത്തിന്റെ പരിസരത്തെ ആകെ മാറ്റിമറിച്ചു കൊണ്ട് പുതിയ സാമ്പത്തിക സ്രോതസ്സ് തുറക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്ലാന്‍ ബി.
1990 കാലഘട്ടത്തില്‍ കേരളത്തില്‍ ബക്കറ്റ് പിരിവ് നടത്തി 100 കോടി രൂപ യാതൊരു നികുതി കണക്കും നല്‍കാതെ കണ്ടെത്തിയ പാര്‍ട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നത് അവരുടെ ധനമന്ത്രി പ്ലാന്‍ ‘ബി’ എന്ന് പറഞ്ഞപ്പോള്‍ ബക്കറ്റാണ് ഓര്‍മയില്‍ ആദ്യം എത്തുന്നതെന്നാണ് ഇതേക്കുറിച്ച് കേരളാ ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ലജീവ് വിജയന് പറയാനുള്ളത്. ബജറ്റിലെ പ്ലാന്‍ ”ബി” സുവ്യക്തമാണ്. ബജറ്റിലുടനീളം സ്വകാര്യ നിക്ഷേപ അനുകൂല നടപടികളാണുള്ളത്. അതിനാല്‍ തന്നെ പ്ലാന്‍ ബി വിവക്ഷിക്കുന്നത് സ്വകാര്യ മുതല്‍മുടക്ക് നടത്തി അതില്‍ നിന്ന് സംസ്ഥാനത്തേക്ക് പണം എത്തിക്കുന്ന പ്രത്യേക മേഖലകള്‍ ഉണ്ടാക്കുക എന്നാണ്.
ഈ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും ചൂതാട്ടത്തിലും ലോട്ടറിയിലുമാണ്. ഇതിന് കേന്ദ്രത്തിന്റെ പിന്‍ബലവും കേന്ദ്രസര്‍ക്കാരിന്റെ നോമിനി ഗവര്‍ണര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാണ്. കാരണം, എത്ര അടിയന്തിര പ്രാധാന്യമുള്ള ഫയലുകള്‍ കേരള സര്‍ക്കാര്‍ എത്തിച്ചാലും അത് തലയണക്കീഴില്‍ വച്ച് അതിന്‍മേല്‍ ഉറങ്ങുന്ന ഗവര്‍ണറെയാണ് ജനം കണ്ടിരിക്കുന്നത്. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ഇടതടവില്ലാതെ നടക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ചൂടുള്ള വാര്‍ത്തയുമാകുന്നു. എന്നാല്‍, ഇതെല്ലാം കണ്ടിരിക്കുന്ന ജനങ്ങളെ പോരിന്റെ മറവില്‍ ഇവര്‍ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ചൂതാട്ടത്തിന്റെ 28 ശതമാനം ജി.എസ്.ടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു നല്‍കി.
ഇതോടെ കേരളീയരുടെ സംസ്‌കാരവും ജീവിതരീതിയും എല്ലാം തകര്‍ത്തുകൊണ്ട് ചൂതാട്ടവും, മദ്യം ഉള്‍പ്പടെയുള്ള ലഹരികളും, മറ്റുപലതും അരങ്ങുവാഴുന്ന കാസിനോകള്‍ പോലെയുള്ള ചൂതാട്ട കേന്ദ്രങ്ങളിലൂടെ പണം ഖജനാവിലേക്ക് എത്തിക്കുന്ന ഒരു പുതിയ രീതിക്കാണ് അംഗീകാരം നല്‍കിത്. ഇതു തന്നെയാണ് സര്‍ക്കാരിന്റെ പ്ലാന്‍ ‘ബി’ കൊണ്ടുദ്ദേശിച്ചതും. ഓര്‍ഡിനന്‍സ് ഇറക്കിയതും. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും, പണംവച്ചുള്ള ചൂതാട്ടങ്ങള്‍ക്കും 28 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തി ജി.എസ്.ടി. കൗണ്‍സില്‍ പാസാക്കിയ നിയമം സംസ്ഥാനങ്ങളുടെ താത്പര്യം അനുസരിച്ചു മാത്രമേ നടപ്പാക്കാനാവൂ.
എന്നാല്‍, കേരളം ഇത് നടപ്പാക്കാന്‍ തീരുമാനിച്ചു എന്നിടത്താണ് സാമ്പത്തികം മാത്രം കണ്ണുവെച്ചതിന്റെ ചിത്രം തെളിയുന്നത്. കേരളം ചൂതാട്ടത്തിന്റെ 28ശതമാനം ജി.എസ്.ടി അംഗീകരിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തൃശൂരില്‍ 2023 ഡിസംബര്‍ ആദ്യവാരം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിക്കുന്നു. ചൂതാട്ടത്തെയും ഓണ്‍ലൈന്‍ ഗെയിമിനേയും സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ തെളിവാണിത്. 2024 ജനുവരി നാലിന് ഗവര്‍ണറുടെ അംഗീകാരത്തിന് ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തുന്നു. അടുത്ത ദിവസം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുന്നു. എല്ലാ ഫയലിലും കുറ്റം കണ്ടിരുന്ന ഗവര്‍ണര്‍ ഈ ഫയല്‍ തൊട്ടടുത്ത ദിവസം അംഗീകാരം നല്‍കിയത്, സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വെളിവാക്കുന്നു.
ചൂതാട്ടം, പ്ലാന്‍ ”ബി’യുടെ ആദ്യ ഘട്ടമാണ്, രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ അംഗീകൃത ലൈംഗീക കേന്ദ്രങ്ങളാകും നടപ്പാക്കുക. രതിയുടേയും ലഹരിയുടേയും പുകപടലവും സുഖവും കേരളത്തില്‍ കിട്ടുമെന്ന് മനസ്സിലാക്കുമ്പോള്‍, അത് തേടി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് എത്ര വലുതായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. ഇപ്പോള്‍ തന്നെ 28 ശതമാനം ജി.എസ്.ടി വാങ്ങി നടത്തുന്ന കേരള ലോട്ടറിയുടെ നികുതി പ്രതിദിനം ഒന്‍പതരക്കോടിയോളം വരും. അപ്പോള്‍ ചൂതാട്ടത്തിന്റെയും അനുബന്ധ വരുമാനങ്ങളുടേയും ഫീസും നികുതിയും ചേര്‍ന്ന് എത്ര കോടികളാകും കിട്ടുക. സംസ്ഥാന വരുമാനം ഐഎസ്.ആര്‍.ഒ യുടെ റോക്കറ്റ് പോലെ ഒട്ടും പിഴയ്ക്കാതെ മേലോട്ട് കുതിക്കുമെന്നുറപ്പാണ്.
പക്ഷേ കാലം അധികമാകും മുന്‍പ് ഇവിടുത്തെ യുവത്വം, ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കാണുന്നത് പോലെ ലഹരിയില്‍ മുങ്ങിയ തലമുറയാകും. വരുമാനത്തിന്റെ ഇത്തരം കണക്കുകള്‍ മനസിലുള്ളത് കൊണ്ടാണ് ഇവിടുത്തെ കര്‍ഷകര്‍ കൃഷി ചെയ്തില്ലങ്കില്‍ ഞങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് അരി കൊണ്ട് വരും, ജോലിക്ക് പി.എസ്.സിയല്ല, മറ്റ് വഴികളുണ്ടെന്നും പറയാനുള്ള ആര്‍ജ്ജവം ഒരു മന്ത്രിക്കുണ്ടായതെന്നാണ് കേരളാ ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ലജീവ് വിജയന്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക