കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും കെ. സുധാകരനും ഇപ്പോഴും സൗന്ദര്യപ്പിണക്കത്തില്‍ തന്നെയാണ്. ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിക്കാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇരുവരുടെയും വെറുപ്പും വിദ്വേഷവും മൂപ്പളിമ തര്‍ക്കവും പരസ്യമായത്. പിന്നീടിങ്ങോട്ട് സൗഹൃദ നാടകങ്ങള്‍ മാത്രമാണ് അരങ്ങേറിയത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും കാണിക്കാനുള്ള തത്രപ്പാടാണ് കേരളം കണ്ടുകൊണ്ടേയിരിക്കുന്നത്.
എന്നാല്‍, അതൊന്നും ഫലവത്താകുന്നില്ല എന്നിടത്താണ് പ്രതിസന്ധി രൂപപ്പെടുന്നത്. ഇരുവരും പങ്കെടുക്കുന്ന പരിപാടികളില്‍ ചേര്‍ന്നൊക്കെ ഇരിക്കുമെങ്കിലും പുച്ഛവും, വിഷമവും, ദഹന പ്രശ്‌നം കലശലായ മനോഭാവത്തിലുമായിരിക്കും ഇരുവരും ഉണ്ടാവുക. ഇത് കാണുന്ന അണികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മനസ്സിലാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മനസ്സിലാകാത്തത് അവര്‍ക്കു രണ്ടുപേര്‍ക്കു മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ ഐക്യമുണ്ടെന്ന് തെളിയിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നടത്തുന്ന സമരാഗ്‌നി ജാഥയിലും കല്ലുകടി. പ്രതിപക്ഷ നേതാവ് വി ഡി വാര്‍ത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമായി പറയുകയായിരുന്നു കെ സുധാകരന്‍. ഇതോടെയാണ് സംഭവം വിവാദമായത്. മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ. സുധാകരന്‍ ചോദിച്ചു. തുടര്‍ന്ന് പ്രസിഡന്റ് എന്തെങ്കിലും കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു.
20 മുനിട്ട് സുധാകരന്‍ വി.ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു. വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ സതീശന്‍ വൈകിയപ്പോള്‍ ബാബു പ്രസാദ് ഫോണില്‍ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരന്‍ നീരസം പ്രകടമാക്കിയത്. പത്രക്കാരെ വിളിച്ചു വരുത്തിയിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരന്‍ ചോദിച്ചു. ചെസ് ടൂര്‍ണമെന്റ് നടക്കുന്നിടത്ത് പോയതാണെന്ന് പറഞ്ഞപ്പോള്‍ ‘ഇയാളിത് എന്ത് പരിപാടിയാണ് കാണിക്കുന്നത് എന്നാണ് സുധാകരന്‍ ചോദിച്ചത്. ആ സമയം അടുത്തുണ്ടായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ മൈക്ക് ഓണ്‍ ആണ്.
മറ്റുള്ളവര്‍ ഉണ്ട് എന്നെല്ലാം ഇരുവരോടും പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് സതീശന്‍ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കള്‍ പറയുന്നുണ്ട്. 10 മണിക്ക് നിശ്ചയിച്ച വാര്‍ത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരന്‍ എത്തിയത്. ഇത് ആദ്യമായല്ല സുധാകരന്‍ സതീശനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും ഇരുവരും കോര്‍ത്തിരുന്നു. രണ്ടാമത് സംസാരിച്ചാല്‍ പ്രാധാന്യം കുറയുമോ എന്ന ചിന്തയില്‍ മൈക്കിന് വേണ്ടിയായിരുന്നു ഇരുവരും തര്‍ക്കിച്ചത്.
ഞാനല്ലേ കെ.പി.സി.സി പ്രസിഡന്റ് ഞാന്‍ തുടങ്ങി വെയ്ക്കാം എന്നായിരകുന്നു സുധാകരന്‍ പറഞ്ഞത്. എന്നാല്‍, അതുവേണ്ട താന്‍ തന്നെ പറഞ്ഞോളാമെന്നായി വി.ഡി. സതീശന്‍. ഞാനല്ലേ, പാര്‍ട്ടിയില്‍ സീനിയറും പ്രസിഡന്റും ഞാന്‍ തന്നെ പറഞ്ഞോളാമെന്ന് വാസി പിടിച്ചതോടെ തര്‍ക്കം രൂക്ഷമാകുമെന്ന ഘട്ടമെത്തിയതും, വിഡി സതീശന്‍ യോഗത്തില്‍ മിണ്ടാതിരുന്നു. സുധാകരന്‍ പറഞ്ഞു തീര്‍ന്ന് മൈക്ക് സതീശനു നേരെ നീട്ടിയപ്പോള്‍, എല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും, തനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. അവിടെ തുടങ്ങിയ തര്‍ക്കം നീണ്ടു നീണ്ട് സമരാഗ്നി വരെയെത്തിയിരിക്കുകയാണ്. കെ.പി.സി.സി ഓഫീസ് കെ. സുധാകരനും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വി.ഡി. സതീശനും ഏകാധിപതികളെപ്പോലെ വാഴുകയാണ്.
കെ.പി.സി.സി പ്രസിഡന്റാണോ പ്രതിപക്ഷ നേതാവാണോ വലുതെന്ന പ്രശ്‌നത്തിന് ഇതുവരെ അറുതി വന്നിട്ടില്ല എന്നുതന്നെ പറയാം. പാര്‍ട്ടി നേതാവും, പാര്‍ട്ടി പാര്‍ലമെന്ററി നേതാവും തമ്മിലുള്ള അങ്കത്തിന് ഇതോടെ പുതിയ മാനം വന്നിരിക്കുകയാണ്. തീരാത്ത പകയുള്ളതു പോലെയാണ് ഇരുവരും പല വേദികളിലും പരസ്പരം കോര്‍ക്കുന്നതെന്ന് മനസ്സിലാകും. എന്തു പരിപാടി സംഘടിപ്പിച്ചാലും രണ്ടുപേരെയും ഒരുമിച്ചു കൊണ്ടു വരാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് പരിഹാരം കാണാന്‍ പാര്‍ട്ടിയില്‍ ആര്‍ക്കും കഴിയുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധപതനത്തിനു വഴിവെയ്ക്കുന്ന മൂപ്പലിമപ്പോര് എന്നവസാനിക്കുമെന്ന് നോക്കിയിരിക്കുന്നവര്‍ക്ക് നിരാശ മാത്രമേ ബാക്കിയാകൂ.
ഗ്രൂപ്പു തര്‍ക്കങ്ങളായിരുന്നു കോണ്‍ഗ്രസിനെ കാലാകാലങ്ങളായി പിന്നോട്ടടിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്, വ്യക്തി വൈരാഗ്യത്തിലും, മൂപ്പളിമ തര്‍ക്കത്തിലേക്കും നയിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്ക് ആകുന്നില്ല എന്നത് ഗൗരവമേറിയ വിഷയമാണ്. പാര്‍ട്ടി ഹൈക്കമാന്റോ കോന്ദ്ര നേതൃത്വമോ ഇതില്‍ ഇടപെടാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്നുത തന്നെയാണ് കോണ്‍ഗ്രസ് അണികള്‍ക്കിടയിലും ചര്‍ച്ചയാകുന്നത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. പരസ്പരമുള്ള ആശയതര്‍ക്കങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് മുന്നോട്ടു പോകുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ. വഴക്കുകള്‍ പരിഹരിക്കാന്‍ ആളില്ലാതായി എന്നത് വസ്തുതയാണ്. കെ. സുധാകരനെ മെരുക്കാന്‍ പാര്‍ട്ടിയില്‍ ഇപ്പോഴാര്‍ക്കും സാധിക്കില്ല. വി.ഡി. സതീശനാകട്ടെ, നിയമസഭയിലും, എം.എല്‍.എമാര്‍ക്കിടയിലും താരമാണെന്ന സ്വയം ബോധ്യത്തിനടിമയായി മാറിക്കഴിഞ്ഞു. ഇങ്ങനെ അവനവനു തോന്നുന്ന തരത്തില്‍ പാര്‍ട്ടിയെ നയിക്കുകയും, പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക