ലണ്ടൻ∙ ജമ്മു കശ്മീരിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ യാന മിറിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. യുകെ പാർലമെന്റിന്റെ ഡൈവേഴ്‌സിറ്റി അംബാസഡർ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷമായിരുന്നു ‘ഞാൻ മലാല യൂസഫ്സായി അല്ല’ എന്ന പരാമർശത്തോടെ ജമ്മു കശ്മീരിനു നേരെയുള്ള പ്രചാരണത്തിനെതിരെ യാനയുടെ പ്രസംഗം.
‘‘ഞാൻ ഒരു മലാല യൂസഫ്സായി അല്ല. കാരണം ഇന്ത്യയുടെ ഭാഗമായ എന്റെ ജന്മനാടായ കശ്മീരിൽ ഞാൻ സുരക്ഷിതയും സ്വതന്ത്രയുമാണ്. ഞാനൊരിക്കലും എന്റെ മാതൃരാജ്യത്തിൽനിന്ന് ഓടിപ്പോയി നിങ്ങളുടെ രാജ്യത്ത് (യുകെ) അഭയം തേടില്ല. എനിക്ക് ഒരിക്കലും മലാല യൂസഫ്‌സായി ആകാൻ കഴിയില്ല.’’– യുകെയിലെ ജമ്മു കശ്മീർ സ്റ്റഡി സെന്റർ ആതിഥേയത്വം വഹിച്ച പരിപാടിയിൽ യാന മിർ പറഞ്ഞു. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ പാക്കിസ്ഥാൻ സ്വദേശിയായ മലാല, യുകെയിൽ അഭയം പ്രാപിച്ചിരുന്നു.
കശ്മീർ ജനതയെ ‘അടിച്ചമർത്തപ്പെട്ടവർ’ എന്ന് വിളിച്ച് ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് മലാലയെ യാന മിർ വിമർശിക്കുകയും ചെയ്തു. ‘‘സമൂഹമാധ്യമങ്ങളിൽനിന്നും വിദേശ മാധ്യമങ്ങളിൽനിന്നുമുള്ള ടൂൾകിറ്റിലൂടെ അടിച്ചമർത്തലിന്റെ കഥകൾ മെനഞ്ഞെടുത്ത, ഒരിക്കലും കശ്മീർ സന്ദർശിക്കാൻ താൽപ്പര്യമില്ലാത്തവരെ ഞാൻ വെറുക്കുന്നു. മതത്തിന്റെ പേരിൽ ഇന്ത്യക്കാരെ ധ്രുവീകരിക്കുന്നത് അവസാനിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. ഞങ്ങളെ തകർക്കാൻ അനുവദിക്കില്ല.’’
Read more:
‘‘ഞങ്ങളുടെ പിന്നാലെ വരുന്നത് നിർത്തുക. എന്റെ കശ്മീർ സമൂഹത്തെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക’’ എന്ന അഭ്യർഥനയോടെയാണ് യാന മിർ പ്രസംഗം അവസാനിപ്പിച്ചത്. എക്സ് പ്ലാറ്റഫോമിൽ പങ്കുവച്ച വിഡിയോയ്ക്ക് പത്തു ലക്ഷത്തിലേറെ വ്യൂസാണ് ലഭിച്ചത്. ‘മലാല സിദ്ധാന്തം’ തന്റെ സഹോദരിയാണ് തനിക്ക് നൽകിയതെന്ന് വിഡിയോയ്ക്ക് മറുപടിയായി യാന പറഞ്ഞു.
പാർലമെന്റ് എംപിമാരായ ബോബ് ബ്ലാക്ക്മാൻ, വീരേന്ദ്ര ശർമ എന്നിവരുടെ സാന്നിധ്യത്തിൽ യുകെ എംപി തെരേസ വില്ലിയേഴ്സിൽനിന്ന് യാന മിർ ഡൈവേഴ്‌സിറ്റി അംബാസഡർ അവാർഡ് ഏറ്റുവാങ്ങി. ലണ്ടന് സമീപമുള്ള ഈലിങ് സൗത്ത്ഹാളിൽ നിന്നുള്ള ലേബർ പാർട്ടി എംപിയാണ് വീരേന്ദ്ര ശർമ. നടൻ അനുപം ഖേർ ഉൾപ്പെടെയുള്ളവർ യാന മിറിനെ എക്‌സിൽ അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക