ശതാബ്ദി ആഘോഷിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പലർക്കും അറിയുന്ന നിർമ്മാണക്കരാർസ്ഥാപനം എന്നതിനപ്പുറം ഒട്ടനവധി കുടുംബങ്ങള്‍ക്ക് അത്താണിയും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും രോഗികൾക്കുമൊക്കെ പ്രത്യാശയും ആകുന്ന മനുഷ്യസ്നേഹത്തിന്റെ പ്രതിരൂപം കൂടി ആണ്. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി സൊസൈറ്റിയുടെ ക്ഷേമ ഫൗണ്ടേഷൻ വികസിപ്പിച്ച പരിശീലന-പുനരധിവാസപദ്ധതി രാജ്യത്തിനുതന്നെ മാതൃക ആയിരിക്കുന്നു. അത് ഉൾപ്പെടെയുള്ള സൊസൈറ്റിയുടെ സമൂഹക്ഷേമപ്രവർത്തനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
സാമൂഹിക സംരംഭത്തിനു മികച്ച ഉദാഹരണമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (യുഎൽസിസിഎസ്) ഇന്നത്തെ മൂലധനാധിഷ്ഠിത കോർപ്പറേറ്റ് മോഡൽ വികസനത്തിനുള്ള മികച്ച മനുഷ്യപക്ഷ ബദൽ ആണെന്നു പല പ്രമുഖരും വിലയിരുത്തിയിട്ടുണ്ട്.
ലാഭത്തിനായല്ലാതെ, പരമാവധിപേർക്കു തൊഴിൽ ലഭ്യമാക്കുക എന്ന ജന്മദൗത്യത്തിന്റെ നിറവേറ്റലിനായി, പ്രവർത്തിക്കുന്ന സൊസൈറ്റി അവരുടെ ലാഭത്തിൽ സ്ഥാപനത്തിന്റെ വികസനത്തിനു വേണ്ടതൊഴികെ മുഴുവനും സ്വന്തം ഈറ്റില്ലമായ മടപ്പള്ളിയും ഒഞ്ചിയവും ഉള്‍പ്പെടുന്ന മേഖലയുടെയും പൊതുവിൽ കോഴിക്കോടു ജില്ലയുടെയും വളർച്ചയ്ക്കായാണു വിനിയോഗിക്കുന്നത്. ഓഹരിയുടമകളുടെ ലാഭവിഹിതവും ഫലത്തിൽ നാട്ടിലെ ജീവിതാഭിവൃദ്ധിയായി മാറുന്നു.
ഇന്ന് ഈ വികസന-ക്ഷേമപ്രവർത്തനങ്ങൾ കോഴിക്കോട് നഗരത്തിലേക്കും സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളുള്ള നാടുകളിലേക്കും പടർന്നിരിക്കുന്നു. ഇതു സാമൂഹികശാസ്ത്രജ്ഞർ പഠിക്കേണ്ട വിഷയമാണ്. ശതാബ്ദിയാഘോഷിക്കുമ്പോൾ അവർക്കായി നമുക്കു നല്കാവുന്ന നല്ലൊരു അഭിവാദനം ഇക്കാര്യങ്ങൾ ശരിയായി മനസിലാക്കുക എന്നതാണ്.
ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 18,000-ത്തോളം പേരുടെ കുടുംബങ്ങളുടെ, എന്നുവച്ചാൽ 90,000-ത്തോളം മനുഷ്യരുടെ, ജീവിതമാണീ പ്രസ്ഥാനം! ഒപ്പം, പരോക്ഷമായി തൊഴിൽ ലഭിക്കുന്ന ആയിരങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും അത്താണിയും. രാജ്യത്തെ ഏറ്റവും മികച്ച വേതനം ലഭിക്കുന്നവരാണ് സൊസൈറ്റിയിലെ തൊഴിലാളികൾ. ആനുകൂല്യങ്ങളും അങ്ങനെതന്നെ. ഇത്തരം ഒരു സുദീർഘലേഖനത്തിൽപ്പോലും ഒതുങ്ങാത്ത അത്തരം കാര്യങ്ങൾ മാറ്റിനിർത്തി സമൂഹക്ഷേമരംഗത്തെ പ്രവർത്തനങ്ങൾ മാത്രം പരിചയപ്പെടുത്തുകയാണ്
കോർപ്പറേറ്റുകൾ സാമൂഹികോത്തരവാദിത്വം എന്ന ആശയമൊക്കെ ഉണ്ടാക്കുന്നതിനും എത്രയോമുമ്പേ അതു ജന്മദൗത്യമായി നിർവ്വഹിക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി!
സൊസൈറ്റിയുടെ വേരുകൾതന്നെ ആ പ്രവർത്തനങ്ങളിലാണ്. ബാലാരിഷ്ടയിൽ വലഞ്ഞ ആദ്യനാളുകളിൽത്തന്നെ പൊതുനന്മാഫണ്ടിനു പണം നീക്കിവച്ചതും ദരിദ്രവിദ്യാർത്ഥികൾക്കു വിദ്യാഭ്യാസസഹായം നല്കിയതും പോലുള്ള ഉദാഹരണങ്ങൾ സൊസൈറ്റിയുടെ രേഖകളിൽ ധാരാളം.
ചൈനായുദ്ധകാലത്ത് 1962-ൽ തൊഴിലാളികളിൽനിന്ന് ഒരു ദിവസത്തെ വേതനം സംഭാവനയായി സമാഹരിച്ച് 351 രൂപ ഇൻഡ്യാസർക്കാരിന്റെ യുദ്ധഫണ്ടിലേക്കു നല്കിയതും 1969-70-ലെ ലാഭത്തിൽ 248.91 രൂപ ലക്ഷംവീട് പദ്ധതിക്കു നല്കിയതുമൊക്കെ രേഖകളിൽ ഉണ്ട്. ധനസ്ഥിതി മെച്ചപ്പെട്ടുതുടങ്ങിയ അക്കാലത്ത് 1963-ൽ മടപ്പള്ളി ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിനു സൊസൈറ്റി സ്വന്തം ചെലവിൽ സ്റ്റേജ് നിർമ്മിച്ചുനല്കി.
ക്ഷേമഫൗണ്ടേഷൻ
സംഘത്തിന്റെ പ്രവർത്തനം വിപുലപ്പെട്ടപ്പോൾ അത്തരം കാര്യങ്ങൾ കൂടുതൽ ശുഷ്കാന്തിയോടും വിപുലമായും നിർവ്വഹിക്കാൻ 2011-ൽ ഒരു ഉപസ്ഥാപനംതന്നെ ആരംഭിച്ചു ‘യുഎൽസിസിഎസ് ചാരിറ്റബിള്‍ ആൻഡ് വെൽഫെയർ ഫൗണ്ടേഷന്‍’. വെബ്‌സൈറ്റ്: https://ulccsfoundation.org/ ആരോഗ്യരക്ഷയും പാലിയേറ്റീവ് കെയറും അടക്കം ഒരു നാടിനുവേണ്ട ഒട്ടെല്ലാക്കാര്യങ്ങളും ഇവരുടെ മുൻകൈയിൽ ഈ പ്രദേശത്തിനായി നടപ്പാക്കിവരുന്നു.
ഭിന്നശേഷിയുള്ള മുതിർന്നവര്‍ക്കായി 2015-ൽ തുടങ്ങിയ സ്ഥാപനമാണ് ‘യുഎൽ കെയർ വൊക്കേഷണൽ ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ് സെന്റർ ഫോർ അഡൽറ്റ്സ് വിത്ത് ഇന്റലക്‌ച്വൽ ചാലഞ്ചസ്’ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള വി. ആർ. നായനാർ ബാലികാസദനത്തിലാണ് ഇതു പ്രവർത്തിക്കുന്നത്. ഒരു സമയം 50 പേർക്കുവീതമാണ് ഈ തൊഴിൽപരിശീലനം.
ഇൻഡോർ കായികസൗകര്യങ്ങൾ, ഓഫീസ്, സ്റ്റാഫ് റൂമുകൾ, ഭക്ഷണശാല തുടങ്ങിയവയൊക്കെയായി സ്ഥാപനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണു സംഘം. തുടർന്ന്, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി, മ്യൂസിക് തെറാപ്പി, കായികപരിശീലനങ്ങൾ എന്നിവ വൈകാതെ ആരംഭിക്കും.
ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു സാധാരണജീവിതം നയിക്കാൻ സഹായിക്കാൻ അവർക്കു തൊഴിൽ ലഭ്യമാക്കുന്നുമുണ്ട്. ഇത്തരത്തിൽ നൂറോളംപേർക്കു വിവിധ സംരംഭകരുടെ സഹായത്തോടെ തൊഴിൽ നല്കാൻ കഴിഞ്ഞു. ഇവരുടെ പ്രവർത്തനം തൃപ്തികരമാണ് എന്നു നിരന്തരവിലയിരുത്തലിലൂടെ വ്യക്തമായിട്ടുണ്ട്.
മുൻമാതൃകകൾ ഇല്ലാതിരിക്കെ ഇവരുടെ പരിശീലനത്തിനായി യുഎൽസിസിഎസ് വികസിപ്പിച്ചു വിജയിച്ച രീതി ഈ രംഗത്തു മാതൃകയാണ്. സ്പെഷ്യൽ എജ്യൂക്കേഷൻ, റീഹാബിലിറ്റേഷൻ സയൻസ് കോഴ്സുകളായ നാലുവർഷ ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി (B.ASLP), നാലുവർഷ ബാച്ചിലർ ഇൻ ഒക്യുപ്പേഷണൽ തെറാപ്പി (BOT), മൂന്നുവർഷ ബാച്ചിലർ ഇൻ റീഹാബിലിറ്റേഷൻ സയൻസ് (BRS), ഒരുവർഷ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ (PGDEI) എന്നിവ ആരംഭിക്കാൻ ഫൗണ്ടേഷനു പദ്ധതിയുണ്ട്.
ഡൗൺ സിൻഡ്രോം ബാധിച്ച യുവതികൾ വില്പനക്കാരായി, വില്ക്കാൻ ഭിന്നശേഷിക്കാർ മെനഞ്ഞ ഉത്പന്നങ്ങളുടെ കരകൗശലവിപണിയും സൊസൈറ്റിയുടെ മുൻകൈയിൽ കോഴിക്കോട്ടു പ്രവർത്തിക്കുന്നു – നടക്കാവിൽ വൈഡബ്ലിയുസിഎയ്ക്കു സമീപം കണ്ണൂർ റോഡിലുള്ള സർഗ്ഗശേഷി.
ഇവരുടെ സാമൂഹിക സാമ്പത്തിക സ്വാശ്രയത്വവും പുനരധിവാസവും അതിജീവനവും ഉറപ്പാക്കുന്ന ഈ സ്ഥാപനം കോഴിക്കോട് ഡൗൺ സിൻഡ്രോം ട്രസ്റ്റു(DoST)മായി ചേർന്ന് സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ സഹകരണത്തോടെയാണു നടത്തുന്നത്.
സർഗ്ഗാലയ പരിശീലിപ്പിച്ച ഭിന്നശേഷിയുള്ളയാളും രക്ഷിതാവും അടങ്ങുന്ന സംഘം വീടുകളിൽ നിർമ്മിക്കുന്ന മികച്ച ഫിനിഷിങ്ങുള്ള കരകൗശലവസ്തുക്കൾ ലഭിക്കുന്ന ‘സർഗ്ഗശേഷി’ ഇന്ന് നഗരത്തിലെ പലർക്കും സ്നേഹോപഹാരങ്ങളും സുവനീറുകളും ഗൃഹാലങ്കാരങ്ങളും വാങ്ങാനുള്ള ഇഷ്ടകേന്ദ്രമാണ്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള നവജ്യോതി ട്രസ്റ്റിന്റെ ‘പ്രശാന്തി സ്പെഷ്യൽ സ്കൂൾ’ അതിന്റെ ഉടമകളുടെ അഭ്യർത്ഥനപ്രകാരം 2018 ജൂൺ മുതൽ 2020 ഡിസംബർ വരെ യുഎൽസിസിഎസ് ചാരിറ്റബിൾ ആന്‍ഡ് വെല്‍ഫെയർ ഫൗണ്ടേഷൻ ഏറ്റെടുത്തു നടത്തിയിരുന്നു. അക്കാലത്ത് സോഫ്റ്റ്‌വെയറധിഷ്ഠിത സ്മാർട്ട് വിദ്യാഭ്യാസത്തിലൂടെ ഫലം മെച്ചപ്പെടുത്തുന്ന പ്രവർത്തനം പ്രശാന്തിയിൽ സംഘടിപ്പിക്കുകയും സ്കൂൾ നവീകരിക്കുകയും ചെയ്തിരുന്നു.
അറുപതുവയസു കഴിഞ്ഞവര്‍ക്കുള്ള പകൽ പരിചരണകേന്ദ്രമാണ് ആത്മവിദ്യാസംഘവുമായി ചേർന്നു 2018 ഫെബ്രുവരി 13-ന് മടപ്പള്ളി ഗവ. സ്കൂളിനു സമീപം തുടങ്ങിയ ‘യുഎൽ കെയർ മടിത്തട്ട്’. ലബോറട്ടറിയും ഫാർമസിയും എല്ലാമുള്ള സുസജ്ജമായ സ്ഥാപനം.
വൈദ്യപരിശോധനകൾ, ബോധവത്ക്കരണം, ഫിസിയോതെറാപ്പി, യോഗ, ശാസ്ത്രീയപോഷകാഹാരം തുടങ്ങിയവയ്ക്കൊപ്പം ലൈബ്രറി, വായന, സിനിമ, സാഹിത്യപ്രവർത്തനങ്ങൾ, ദാർശനികക്ലാസുകൾ, ചെറു മത്സരങ്ങൾ തുടങ്ങിയ വിനോദ-വിജ്ഞാനപ്രവർത്തനങ്ങളും ഇവിടെയുണ്ട്. കൊണ്ടുവരാനും തിരികെ വിടാനും ഗതാഗതസൗകര്യവുമുണ്ട്. കോഴിക്കോട് നഗരത്തിലും ഒരു ‘മടിത്തട്ട്’ പ്രവർത്തിക്കുന്നു. 2022 നവംബർ 14-ന് സാമൂഹികനീതിമന്ത്രി ഡോ. ആർ. ബിന്ദുവാണ് അത് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
തദ്ദേശ ഭരണസ്ഥാപനങ്ങളുമായിച്ചേർന്ന് ‘സാമൂഹികാധിഷ്ഠിത സമഗ്ര വയോജന പരിപാലന പദ്ധതി’ എന്നൊരു പരിപാടിയും മടിത്തട്ട് ആരംഭിച്ചിട്ടുണ്ട്. വൈദ്യപരിശോധനാലാബും ഫാർമസിയും ഇവിടെ ഉണ്ട്. ഈ രംഗത്തു പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരുടെ കുറവു പരിഹരിക്കാൻ ജിറിയാട്രിക് & നഴ്സിങ് പരിശീലനകോഴ്സുകൾ നടത്താനും ആലോചിക്കുന്നു.
കോവിഡ്-19 മഹാമാരിക്കാലത്ത് അടിയന്തരചികിത്സ വേണ്ട രോഗികൾക്കായി നൂതന വൈദ്യപരിശോധന സങ്കേതങ്ങൾ ഉപയോഗിച്ചും വിദഗ്ദ്ധഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭ്യമാക്കിയും 2020 നവംബർ 14-നു ‘മടിത്തട്ട് ടെലിമെഡിസിൻ പദ്ധതി’ തുടങ്ങി. ഇതു പിന്നീട് സ്ഥിരം സംവിധാനം ആക്കി. അന്ന് ഇത് ഉദ്ഘാടനം ചെയ്യാൻ എത്തിയ അന്നത്തെ സാമൂഹികനീതിമന്ത്രി കെ. കെ. ശൈലജ പറഞ്ഞത് ആതുരസേവനരംഗത്ത് ഊരാളുങ്കൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിനുതന്നെ മാതൃക ആണെന്നും ആ സമീപനം സംസ്ഥാനമാകെ നടപ്പാക്കാൻ സർക്കാർ നടപടി കൈക്കൊള്ളും എന്നും ആണ്.
ഫൗണ്ടേഷന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ബെസ്റ്റ് എൽഡർലി ആൻഡ് ചൈൽഡ് കെയർ അവാർഡ് ഉൾപ്പെടെ പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
സഹായഹസ്തം എവിടെയും
സമൂഹത്തിലെ നിർദ്ധനരായ ആളുകൾക്ക് ക്യാൻസറും വൃക്കരോഗങ്ങളും ഉൾപ്പെടെയുള്ള വലിയ രോഗങ്ങൾക്കു ചികിത്സയ്ക്കായി സൊസൈറ്റി സഹായം നല്കിവരുന്നു. നേരിട്ടു സമീപിക്കുന്ന വ്യക്തികൾക്കും മറ്റുള്ളവർക്ക് ഈ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകൾ വഴിയും ഇങ്ങനെ സഹായം നല്കുന്നുണ്ട്.
സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലം കണക്കിലെടുത്ത്, വ്യവസ്ഥാപിതമായ മാനദണ്ഡങ്ങളോടെയാണ്, ഈ സഹായത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത്. സമീപത്തെ എല്ലാ വാർഡുകളിലെയും ജനങ്ങൾക്ക് ഈ സഹായം നല്കുന്നുണ്ട്. കൂടാതെ, ഏറ്റവും ആവശ്യമുള്ള ആളുകളെ കണ്ടെത്താൻ സമഗ്രമായ സർവേയും നടത്തുന്നു.
സൊസൈറ്റിക്കു പുറത്തുള്ളവർക്കുള്ള ധനസഹായമായി ഈ സാമ്പത്തികവർഷം ഇതുവരെ മാത്രം എട്ടുലക്ഷത്തിൽപ്പരം രൂപയാണ് സൊസൈറ്റി അനുവദിച്ചത്.
സൊസൈറ്റിയിലെ അംഗങ്ങൾക്കും തൊഴിലാളികൾക്കും കൂലിയുടെ 2.5 ശതമാനം മെഡിക്കൽ അലവൻസ്, ബോണസ്, ഗ്രാറ്റുവിറ്റി, സൊസൈറ്റിയുടെ മികച്ച ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നുതുടങ്ങി ഭവനപദ്ധതിയും പെൻഷനുംവരെ ഉണ്ട്. അതിവിപുലമായ ഈ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും ‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ ഇൻഷ്വറൻസ് ഉള്ളവർക്കും ചികിത്സയ്ക്ക് അധികസഹായം വേണ്ടിവന്നാൽ സൊസൈറ്റി നല്കും.
ഇതിനുപുറമെ, അംഗങ്ങളുടെയും തൊഴിലാളികളുടെയും കുടുംബങ്ങൾക്കും പ്രസവം, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയ്ക്കു ധനസഹായങ്ങൾ നല്കുന്നുണ്ട്. സൊസൈറ്റി ഇക്കഴിഞ്ഞ (2022-23) സാമ്പത്തികർഷം 70 അംഗങ്ങളുടെ കുടുംബങ്ങൾക്ക് പ്രസവ അലവൻസായി 10,000 രൂപവീതം ഏഴുലക്ഷം രൂപ കൊടുത്തിട്ടുണ്ട്.
വിവാഹത്തിനും ഗൃഹപ്രവേശത്തിനുമായി 464 പേർക്ക് 68,04,171 രൂപയും ഈ കാലയളവിൽ നല്കി. സൊസൈറ്റിയുടെ ലാഭത്തിൽനിന്ന് അല്ലാതെ തൊഴിലാളികളിൽനിന്നു വിഹിതം സ്വീകരിച്ചു സഹായം നല്കുന്ന മറ്റൊരു പദ്ധതിയിൽ 22 പേർക്കായി 11,95,000 രൂപയും നല്കിയിട്ടുണ്ട്. എല്ലാവർഷവും ഇങ്ങനെ ധനസഹായങ്ങൾ നല്കിവരുന്നു.
സമൂഹക്ഷേമരംഗത്ത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമനിദര്‍ശനമാണ് കോഴിക്കോടുജില്ലയിലെ മുതുകാട് കുളത്തൂര്‍ എസ്റ്റേറ്റില്‍ ആദിവാസികുടുംബങ്ങൾക്കു 41 വീടു നിര്‍മ്മിച്ചു നല്കാൻ സർക്കാർ കൊണ്ടുവന്ന പദ്ധതി വന്‍ സാമ്പത്തികഭാരം വകവയ്ക്കാതെ സൊസൈറ്റി ഏറ്റെടുത്തത്. 2003-ൽ ആണ് അത്. യുഡിഎഫ് സർക്കാരാണു ഭരണത്തിൽ.
വീടൊന്നിന് 75,000 രൂപവീതമേ ഉള്ളൂ. മിഷൻ നല്കിയ ഡിസൈൻ ഉയർന്ന ചെലവുള്ള വീടിന്റേത് ആയിരുന്നു. നിർമ്മാണദൗത്യം ഏറ്റെടുക്കണമെന്ന് കളക്റ്റർ സൊസൈറ്റിയോട് അഭ്യർത്ഥിച്ചു. പുനരധിവാസം എന്ന മഹത്തായ ലക്ഷ്യത്തില്‍ പങ്കെടുക്കാൻ സാമ്പത്തികബാദ്ധ്യത തടസ്സമായി കാണരുതെന്നു സൊസൈറ്റിയുടെ ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
മറ്റൊരു കഥയാണ് 2018-ലെ പ്രളയത്തിൽ നിരാലംബയായ ഒരു വിധവയുടെ കുടുംബത്തിനു വീടുപണിതുനല്കാൻ കോഴിക്കോട് ജില്ലയിലെ ലീഗൽ ഓഫീസർമാരും കോടതിജീവനക്കാരും എടുത്ത മുൻകൈയിൽ സൊസൈറ്റി പങ്കാളി ആയത്. അവർ ആറരലക്ഷം രൂപ സമാഹരിച്ചു. ആ തുകകൊണ്ട് വീടു പണിയുന്ന ചുമതല സൊസൈറ്റിയെ ഏല്പിച്ചു.
സൊസൈറ്റിയുടെ എൻജിനീയർ സ്ഥലം സന്ദർശിച്ചപ്പോഴാണ് സ്ഥിതിഗതികൾ മനസിലാകുന്നത്. വീടുനിന്ന സ്ഥലം വെള്ളക്കെട്ടാണ്. നിലം നന്നായി ഉയർത്തി നിർമ്മാണം നടത്തണം. അതിന് ആ പണം മതിയാവില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ അധികതുക സൊസൈറ്റിയുടെ സംഭാവനയായി ചേർത്തു നിർമ്മാണം നടത്താം എന്നായിരുന്നു സൊസൈറ്റിയുടെ ചെയർമാന്റെ തീരുമാനം.
ഭൂമി ഉയർത്തി സംരക്ഷണഭിത്തിയും ചുറ്റുമതിലുമൊക്കെ കെട്ടി, മതിയായ ആഴത്തിൽ അടിത്തറയും ഇട്ട്, കിണറും ടോയ്‌ലെറ്റും വൈദ്യുതിസൗകര്യവും എല്ലാമുള്ള വീടു നിർമ്മിക്കാൻ പതിനൊന്നരലക്ഷം രൂപയായി. നിർമ്മാണം സമയത്തിനു മുമ്പേ തീർത്തു താക്കോലും കൈമാറി.
കോവിഡ്ക്കാലത്തു രാജ്യമാകെ ആശുപത്രികൾ ഓക്സിജൻ കിട്ടാതെ മരണാലയങ്ങൾ ആയപ്പോൾ കോഴിക്കോട്ടെയും മഞ്ചേരിയിലെയും മെഡിക്കൽ കോളെജുകളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനം സൊസൈറ്റി സൗജന്യമായി ചെയ്തുകൊടുത്തു.
കോഴിക്കോട്ട് പികെ സ്റ്റീൽസിൽനിന്നു സർക്കാർ ഏറ്റെടുത്ത 13 കിലോലീറ്റർ ശേഷിയുള്ള പ്ലാന്റ് അപ്പാടെ അവിടെനിന്നു മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ച്, ആവശ്യമായ നിർമ്മാണങ്ങൾ നടത്തി സ്ഥാപിക്കുകയായിരുന്നു. മെയ് ദിനത്തിലെ അവധി വേണ്ടെന്നുവച്ചാണ് ഉരാളുങ്കൽ തൊഴിലാളികൾ സന്നദ്ധസേവനം ചെയ്തത്. ഇതിന് ഊരാളുങ്കൽ സൊസൈറ്റിയെ യൂണിയൻ പ്രതിരോധസെക്രട്ടറി അജയ് കുമാർ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയുണ്ടായി.
തൊട്ടുപിന്നാലെ മഞ്ചേരി മെഡിക്കൽ കോളെജിലും പ്ലാന്റ് സ്ഥാപിക്കേണ്ടിവന്നു. അതിനും സൊസൈറ്റി മുന്നിട്ടിറങ്ങി. അവിടെ പ്ലാന്റ് കൊണ്ടെത്തിക്കാൻ തന്നെ പ്രയാസം ആയിരുന്നു. സൊസൈറ്റിയുടെ യന്ത്രസംവിധാനങ്ങളും വൈദഗ്ദ്ധ്യവും ഉപയോഗിച്ച് അത് എത്തിച്ചു. പ്രത്യേക ഫൗണ്ടേഷനൊക്കെ നിർമ്മിച്ചാണ് 10 കിലോലീറ്റർ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത്. നിർമ്മാണച്ചെലവുകളും സൊസൈറ്റിയാണു വഹിച്ചത്.
കോഴിക്കോട് ജില്ലയിലെ തെരുവുകളിൽ കഴിയുന്ന അശരണർക്ക് ആശ്രയമായി കോഴിക്കോട് ജില്ലാപ്പഞ്ചായത്തും കോർപ്പറേഷനും ജില്ലാഭരണകൂടവും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും വ്യക്തികളും ചേർന്നു നടപ്പാക്കിയ ‘ഉദയം’ പദ്ധതിയിൽ പുനരധിവാസകേന്ദ്രം നിർമ്മിക്കാനുള്ള രണ്ടുകോടി രൂപയുടെ പദ്ധതി ഒന്നരക്കോടിക്കു സൊസൈറ്റി പൂർത്തിയാക്കിക്കൊടുത്തതു മറ്റൊരു സംഭവം. കരാറുകാർക്ക് അനുവദനീയമായ ലാഭം സൊസൈറ്റി വേണ്ടെന്നുവയ്ക്കുകയും ചെയ്തു. ആ 35 ലക്ഷത്തോളം രൂപയും സൊസൈറ്റിയുടെ വിഹിതമായി കണക്കാക്കാം.
പ്രകൃതി ദുരന്തങ്ങളിലും കാവലാൾ
പ്രളയവും ചുഴലിക്കാറ്റുകളും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ ദുരന്തമുഖത്ത് രക്ഷാദൗത്യവും പുനരധിവാസസഹായവും ഒക്കെയായി ഊരാളുങ്കൽ സൊസൈറ്റി മുന്നിൽ ഉണ്ടാകാറുണ്ട്. 2018-ലെ മഹാപ്രളയവേളയിലെ ഇടപെടൽതന്നെ മികച്ച ഉദാഹരണം.
കനത്തെ വെള്ളപ്പൊക്കവും ചാലക്കുടിപ്പുഴയുടെ വഴിമാറിയൊഴുകലും കാരണം പ്രളയം ഏറ്റവും രൂക്ഷമായി ബാധിക്കുകയും പാടേ തകർന്നുപോകുകയും ചെയ്ത തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ബ്ലോക്കിലെ കാടുകുറ്റി പഞ്ചായത്തിലാണ് ഊരാളുങ്കൽ സൊസൈറ്റി മുഖ്യമായും പുനഃസ്ഥാപനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ആയിരത്തോളം വീടുകളാണ് അവിടെ വാസയോഗ്യം അല്ലാതായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ഊരാളുങ്കൽ സൊസൈറ്റി അവിടത്തെ ദൗത്യം ഏറ്റെടുത്തത്. റോഡുകളെല്ലാം ഒലിച്ചുപോയി പൂർണ്ണമായി ഒറ്റപ്പെട്ട കാടുകുറ്റിയിൽ കേന്ദ്രീകരിക്കാൻ അധികൃതർ സൊസൈറ്റിയോട് അഭ്യർത്ഥിക്കുക ആയിരുന്നു. ഓഗസ്റ്റ് 21 മുതൽ 24 വരെ ആയിരുന്നു അവിടത്തെ പ്രവർത്തനം.
നാലു ഡയറക്ടർമാർ ചുമതല ഏറ്റെടുത്തു. അവരുടെ നേതൃത്വത്തിൽ സൊസൈറ്റിയിലെ മുതിർന്ന അഞ്ച് ഉദ്യോഗസ്ഥർ കോർഡിനേറ്റർമാരായി. സൊസൈറ്റിയുടെ കർമ്മസേന 20 ടീമുകളായി തിരിഞ്ഞു കളത്തിലിറങ്ങി. എട്ടുപേർ അടങ്ങുന്നതാണ് ഒരു ടീം. ശുചീകരണ പ്രവൃത്തികൾക്ക് ആറു പേരും പ്ലമിങ്ങിനും ഇലക്ട്രിക്കൽ വർക്കിനും ഓരോരുത്തരും.
ആകെ 25 ഇലക്ട്രിക്കൽ എഞ്ചിനീയർമാർ, 25 പ്ലമർമാർ, ആറുപേർ വീതമുള്ള കാർപ്പെന്ററി ടീം, പത്തുപേരുടെ മേസൺ ടീം. ഈ 220 അംഗസൈന്യമാണ് ആദ്യം എത്തിയത്. അടുത്തദിവസം 80 പേർകൂടി എത്തി സംഘത്തിൽ ചേർന്നു. ആകെ 300 പേർ ഓണാഘോഷമെല്ലാം ഉപേക്ഷിച്ച് രാപ്പകൽ സേവനത്തിൽ മുഴുകി.
പത്തു ജനറേറ്ററും പത്തു പ്രഷർ പമ്പും മൂന്നു വാക്വം ക്ലീനറും ഉൾപ്പെടെയുള്ള യന്ത്രങ്ങളും 330-ൽപ്പരം ഉപകരണങ്ങളും പെട്രോളും ഡീസലും ഒക്കെയായി സംഘം അശ്രാന്തപരിശ്രമത്തിൽ മുഴുകി. ഇവരുടെ യാത്രയ്ക്കു നാലു ബസും പ്രവൃത്തിക്കായി രണ്ടു പിക്ക് അപ് വാൻ, മൂന്നു ടോറസ് ടിപ്പർ ലോറി എന്നിവയും നിയോഗിച്ചു. അംഗങ്ങൾക്കുള്ള താമസസൗകര്യം ഭക്ഷണസൗകര്യം എല്ലാം ഏർപ്പാടാക്കി.
പാചകക്കാരും പാത്രങ്ങളും മറ്റു സന്നാഹങ്ങളും ഒക്കെ സൊസൈറ്റിയുടെ വർക് സൈറ്റുകളിലെപ്പോലെ സുസജ്ജം. സുരക്ഷാ ഉപകരണങ്ങൾ, ഗ്ലാസ്സ്, ബൂട്ട്, ജാക്കറ്റ് എന്നിവ അനുവദിക്കുകയും മുഴുവൻപേരുടെയും സുരക്ഷയ്ക്കു പ്രത്യേക ചുമതലക്കാരെ നിയോഗിക്കുകയും ചെയ്തു.
യത്നത്തിൽ ഏർപ്പെടുന്നവരുടെ ആരോഗ്യരക്ഷയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കി. ഡോക്ക്യുമെന്റേഷന് യുഎൽറ്റിഎസിൽനിന്ന് ഉള്ളവരെയും നിയോഗിച്ചു. എല്ലാം ചേർന്ന സാക്ഷാൽ യുദ്ധസന്നാഹം. അകവും പുറവും ചെളി മൂടിയ വീടുകൾ ഓരോന്നായി വീണ്ടെടുത്തു. തകർന്നുപോയിരുന്ന വീടുകൾ പുനർനിർമ്മിക്കാൻ വേണ്ട സാമഗ്രികളും സൊസൈറ്റി എത്തിച്ചു. ആ പ്രവർത്തനവും പൂർണ്ണമായി നിർവ്വഹിച്ചു. മൊത്തത്തിൽ ആയിരത്തോളം വീടുകൾ സൊസൈറ്റി വാസയോഗ്യമാക്കിനല്കി.
ആദ്യം ഒരു എൻജിനീയർ കെട്ടിടത്തിന്റെ ഉറപ്പു പരിശോധിക്കും. പിന്നെ റഫിജറേറ്ററിൽനിന്നു ചോർന്നതോ മറ്റുതരത്തിൽ ഉണ്ടായതോ ആയ വിഷവാതകത്തിന്റെ സാന്നിദ്ധ്യം പരിശോധിക്കും. മെല്ലെ വാതിൽ തുറന്ന് അകം പരിശോധിക്കും. മിക്ക വീട്ടിലും പാമ്പുകൾ ഉണ്ടായിരുന്നു.
ഒരു വീടിന്റെ ക്ലോസെറ്റ് നിറയെ പാമ്പുകൾ ആയിരുന്നത്രേ! മണ്ണും ചെളിയുമെല്ലാം നീക്കി വീടു കഴുകി വൃത്തിയാക്കിയശേഷം വയറിങ്ങും പ്ലമിങ്ങും ഒക്കെ പരിശോധിച്ചു കേടുപാടു തീർക്കും.
പൈപ്പുസംവിധാനം ശരിയാണോ എന്ന് അറിയാൻ വെള്ളം പമ്പ് ചെയ്യാൻ പറ്റില്ല. കാരണം, കിണറ്റിലെ വെള്ളം സെപ്റ്റിക് ടാങ്കിലെ വെള്ളവും ഒഴുകിവന്ന മാലിൻ്ന്യങ്ങളും ഒക്കെ കലർന്നതാണ്. ആദ്യം കിണർ വൃത്തിയാക്കണം. പമ്പുകളും മിക്കതും പ്രവർത്തനക്ഷമം ആയിരുന്നില്ല. അതും ശരിയാക്കണം. അതുപോലെതന്നെ വീടുകളിലെ വൈദ്യുത, ഇലക്ട്രോണിക് ഉപകരണങ്ങളും. ഇങ്ങനെ വളരെ ശാസ്ത്രീയമായും ചിട്ടയിലും ആയിരുന്നു സൊസൈറ്റിയുടെ പ്രവർത്തനം.
കോഴിക്കോട്ട് റോഡുകളുടെ പുനഃസ്ഥാപനത്തിനു സർക്കാർ സൊസൈറ്റിയുടെ സഹായം തേടിയിരുന്നു. ആ ഉത്തരവാദിത്വത്തോടൊപ്പം, വാസയോഗ്യമല്ലാതായ വീടുകൾ വൃത്തിയാക്കിയും ബലപ്പെടുത്തിയും വാസയോഗ്യമാക്കാനുള്ള പ്രവർത്തനവും ഊരാളുങ്കൽ സൊസൈറ്റി സ്വമേധയാ ഏറ്റെടുത്തു. അവിടങ്ങളിലും സമാനമായ പ്രവർത്തനം സൊസൈറ്റി സംഘടിപ്പിച്ചു.
മഹാപ്രളയത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ജില്ലയിലെ താമരശേരി ഭാഗത്തു ചുരത്തിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനും ഇങ്ങനെ ദൗത്യസംഘം യന്ത്രോപകരണങ്ങളും വാഹനങ്ങളും എല്ലാമായി പോയിരുന്നു.
സംസ്ഥാനത്തു പ്രളയത്തിൽ തകർന്ന റോഡുകളും ചെറുപലങ്ങളും കൽവെർട്ടുകളും യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുന്നതിലും സൊസൈറ്റി സുപ്രധാനപങ്കു വഹിച്ചു.
പുല്ലൂരാംപാറ, ആനക്കാമ്പോയിൽ, താമരശേരി തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാ കാലവർഷക്കാലത്തും മണ്ണിടിച്ചിൽ പതിവാണ്. അപ്പോഴെല്ലാം ഒറ്റപ്പെട്ടുപോകുന്ന ആ സ്ഥലങ്ങളിൽ പൊക്ലയിൻ എക്സ്കവേറ്ററുകളും ടിപ്പർ ട്രക്കുകളുമെല്ലാമായി എത്തി രക്ഷാപ്രവർത്തനവും പുനരധിവാസയജ്ഞവും സംഘടിപ്പിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്.
കോഴിക്കോട് നഗരത്തിലെ എസ്എം സ്ട്രീറ്റിൽ 2007, 2010, 2013, 2015, 2017 വർഷങ്ങളിൽ തീപിടിത്തം ഉണ്ടായപ്പോഴും രക്ഷാപ്രവർത്തനത്തിന് ഈ സൊസൈറ്റി മുന്നിൽ ഉണ്ടായിരുന്നു. 2007-ൽ എട്ടു ജീവനും 50-ഓളം കടകളും നഷ്ടമാക്കിയ വലിയ തീപിടിത്തമാണ് അവിടെ ഉണ്ടായത്. 2017-ൽ സൊസൈറ്റിയുടെ ആസ്ഥാനമായ തീരമേഖലയെയും ആശങ്കയിലാഴ്ത്തിയ ഓഖി വന്നപ്പോഴും ഊരാളുങ്കൽ സൊസൈറ്റി സജീവമായി രംഗത്തിറങ്ങി. കോഴിക്കോട് ജില്ലയിൽ എവിടെ പ്രകൃതിക്ഷോഭം ഉണ്ടായാലും ആദ്യം എത്തുന്നത് ഊരാളുങ്കലിന്റെ ടീമാണ്. ഇതെല്ലാം പരിഗണിച്ച് കോഴിക്കോട് ജില്ലാഭരണകൂടം ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രശസ്തിപത്രം നല്കുകയുണ്ടായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇത്തരം സന്ദിഗ്ദ്ധഘട്ടങ്ങളിൽ ഗണ്യമായ തുകകൾ സൊസൈറ്റി സംഭാവന നല്കിയിട്ടുമുണ്ട്. ഇതിനു മുഖ്യമന്ത്രിയുടെ കൃതജ്ഞതാപത്രവും സൊസൈറ്റിക്കു ലഭിച്ചു.
ഊരാളുങ്കൽ സൊസൈറ്റിക്കു സുശിക്ഷിതമായ ഒരു രക്ഷാപ്രവർത്തകസംഘം ഉണ്ട്. സൊസൈറ്റി കാലാകാലം പരിശീലനം നല്കുന്ന ഈ ടീമിനു കോഴിക്കോട് എൻഐറ്റിയിൽ നിന്നു സാങ്കേതികവിദ്യകളിലും ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്ന് പ്രഥമശുശ്രൂഷയിലും പരിശീലനല്കുന്നു. ദുരന്തപ്രതിരോധരംഗത്തെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ആഗോളതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. പല രാജ്യങ്ങളും ഇക്കാര്യത്തിൽ സൊസൈറ്റിയുടെ സഹകരണത്തിൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
അപകടങ്ങളിലും ദുരന്തങ്ങളിലും പെടുന്നവരെ ശാസ്ത്രീയമായി രക്ഷപ്പെടുത്താനും പ്രഥമശുശ്രൂഷ നല്കാനും സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കാനും വേണ്ട ട്രോമാകെയർ വൈദഗ്ദ്ധ്യമുള്ള സന്നദ്ധസേനയും ഊരാളുങ്കൽ സൊസൈറ്റിക്ക് ഉണ്ട്.
പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ, തീപിടുത്തം, റോഡപകടങ്ങൾ, തൊഴിൽസ്ഥലത്തും മറ്റും സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങൾ, ഹൃദയാഘാതവും സ്തംഭനവും എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കാലതാമസം കൂടാതെ ഇടപെടാനുള്ള പരിശീലനം നേടിയ തൊഴിലാളികൾതന്നെയാണ് ഈ സന്നദ്ധസേന.
സംഘത്തിൽ രക്തദാനസേനയും പ്രവർത്തിക്കുന്നു. സംഘത്തിലെ അംഗങ്ങളും തൊഴിലാളികളും ആവശ്യാനുസരണം രക്തദാനം നടത്തുന്നു. ജോലി മുടക്കി രക്തദാനത്തിനു പോകാം. അവധിയായി കണക്കാക്കില്ല.
പരിസ്ഥിതി സൗഹൃദം പ്രവർത്തനം
മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല സൊസൈറ്റിയുടെ ഈ കരുതൽ. കാസര്‍ഗോഡ് ടൗണില്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം 2006-ൽ കവയിത്രി ബി. സുഗതകുമാരി നട്ടു പേരിട്ട ‘പയസ്വിനി’ എന്ന മാവ് ദേശീയപാത 66-ന്റെ വികസനത്തിനായി മാറ്റി നട്ടത് പത്രമാദ്ധ്യമങ്ങളിൽ കൗതുകവാർത്ത ആയിരുന്നു.
താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്കൂളങ്കണത്തിലേക്ക് ആയിരുന്നു 16 വര്‍ഷം പ്രായമുള്ള, ഏറെ ശാഖകളുള്ള, മാവിന്റെ പറിച്ചുനടൽ. മൂന്നു ദിവസത്തെ ശാസ്ത്രീയവും ആസൂത്രിതവുമായ പരിശ്രമത്തിലൂടെ ആയിരുന്നു വലിയ യന്ത്രങ്ങളുടെ സഹായത്തോടെ നടത്തിയ ഈ മാറ്റിനടൽ. തുടർന്നുള്ള പരിപാലനവും സൊസൈറ്റി ഉറപ്പാക്കി. അങ്ങനെ നന്നായി വളരുന്ന പയസ്വിനിയുടെ രണ്ടാം പിറവിയുടെ പിറന്നാളുകൾ കുട്ടികൾ മാമ്പഴമധുരത്തോടെ സംഘടിപ്പിക്കുകയും ചെയ്യുന്നു. പയസ്വിനി ഇനി ഏറെക്കാലം കുട്ടികൾക്കു മാങ്കനിയും തണലുമേകും.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന 40 വർഷം പ്രായമുള്ള അപൂർവ്വയിനം മാവു മുറിക്കുമ്മുമ്പ് അതിന്റെ 500 തൈ ഗ്രാഫ്റ്റിങ്ങിലൂടെ ഉണ്ടാക്കി അതിന്റെ വംശം നിലനിർത്തിയതാണ് മറ്റൊരു സമീപകാലസംഭവം. അതേ റോഡിനായി മുറിക്കേണ്ട മരങ്ങളിൽ കുമ്പള പാലത്തിന് അരികിൽ നിന്ന ഈന്തപ്പനയും സൊസൈറ്റി സ്വന്തം ചെലവിൽ കയ്യാറിലെ സൊസൈറ്റിവക തോട്ടത്തിൽ മാറ്റി നട്ടു. രണ്ടുകൊല്ലത്തോളം ആകുന്നു. നന്നായി വളരുന്നു. ഈന്തപ്പഴവും ഉണ്ടായി.
തലപ്പാടി – ചെങ്കള ദേശീയപാതാപദ്ധതിപ്രദേശത്തുതന്നെ പെരുമ്പാമ്പ് മുട്ടയിട്ടിരിക്കുന്നതു കണ്ടതിനെത്തുടർന്ന് 55 ദിവസത്തോളം പണി നിർത്തിവച്ച് മുട്ടകൾ വിരിയാൻ കാത്തിരുന്ന സൊസൈറ്റിയുടെ മാതൃകയും ദേശീയമാദ്ധ്യമങ്ങളിലടക്കം വാർത്ത ആയിരുന്നു.
‘കുളർ’ എന്നു സഞ്ജയൻ പേരിട്ട വടകര റെയിൽവേ കുളത്തിനു പുനർജന്മം നല്കിയത് ആഘോഷിക്കാൻ ഒരു മുഴുവൻ കളർപ്പേജുതന്നെ നീക്കിവച്ച പത്രങ്ങൾപോലും ഉണ്ട്. പലപരിശ്രമവും പരാജയപ്പെട്ടിടത്താണ് ഊരാളുങ്കൽ സൊസൈറ്റി സന്നദ്ധസേവനമായി ആ ദൗത്യം ഏറ്റെടുത്തത്.
തലപ്പാടി – ചെങ്കള ദേശീയപാതയുടെ വശങ്ങളിൽ ഉടനീളം ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നത്, ഫലവൃക്ഷത്തെരുവ് ഒരുക്കുന്നത്, ആലപ്പുഴ – ചങ്ങനാശേരി റോഡിന്റെ വശങ്ങളിൽ 1000 തൈ വീതം നട്ടത്, സംസ്ഥാനത്തെ ഏഴു കേന്ദ്രങ്ങളിൽ ഏഴുതരം വനങ്ങൾ നട്ടു വളർത്തി പരിപാലിക്കുന്ന മഴവിൽ വനവത്ക്കരണപരിപാടി, അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടി ദ്വീപ് ശുചീകരിച്ചു പ്ലാസ്റ്റിക് മാലിന്യമുക്തം ആക്കിയത്,… ഇങ്ങനെ സംസ്ഥാനത്തെ മുഴുവൻ വർക് സൈറ്റുകളിലും സൊസൈറ്റി സമാനമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഇവയ്ക്കുപുറമെ, വിപുലമായ വേറെയും നെറ്റ് സീറോ പദ്ധതികൾ സൊസൈറ്റിക്കുണ്ട്.
കുരുന്നുകൾക്കു ചിറകു പിടിപ്പിക്കുമ്പോൾ
വിദ്യാഭ്യാസരംഗത്തുമുണ്ട് പരിപാടികൾ. ആദ്യംമുതലേ സൊസൈറ്റി വിദ്യാഭ്യാസരംഗത്തു നല്കിവന്ന പ്രോത്സാഹനങ്ങളുടെ ഗുണഫലങ്ങൾ ഇന്ന് ഈ നാട്ടിൽ മൂർത്തമായിത്തന്നെ ദൃശ്യമാണ്. അതിന്റെ പതിന്മടങ്ങായ ഇന്നത്തെ പ്രവർത്തനങ്ങളുടെ മാന്ത്രികഫലം ഇനിയുള്ള കാൽനൂറ്റാണ്ടിൽ വലിയ മുന്നേറ്റം ഉണ്ടാക്കും.
ഒരു അനുഭവകഥയിൽ തുടങ്ങാം. പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ കുട്ടികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഒരു സിനിമ ചെയ്യാൻ പറ്റിയ കുട്ടികളെ തേടി ഹിന്ദി ചലച്ചിത്രരംഗത്തു പ്രവർത്തിക്കുന്ന അജയ് ഗോവിന്ദ് രാജ്യം മുഴുവൻ അലഞ്ഞു. ഒടുവിൽ എത്തിച്ചേർന്നത് മടപ്പള്ളി സർക്കാർ സ്കൂളിൽ! അവിടത്തെ മിടുക്കർ സിനിമയിലെ അഭിനേതാക്കളായി. ഒടുവിൽ സിനിമയുടെ പേരുതന്നെ ‘മടപ്പള്ളി യുണൈറ്റഡ്’ എന്നായി!
ടെഹറാനിൽ നടന്ന 52-ാമത് റോഷ്ഡ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ഫിക്‌ഷൻ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. നാലാമത് കെനിയ ഇന്റർനാഷണൽ സ്പോർട്ട്സ് ഫിലിം ഫെസ്റ്റിവലിൽ സാമൂഹികസന്ദേശം അടങ്ങുന്ന മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടി.
അമേരിക്കയിലെ ഇൻഡ്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയിൽ വാരാന്ത്യ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ‘മടപ്പള്ളി യുനൈറ്റഡ്’ മികച്ച കുടുംബചിത്രത്തിനുള്ള പുരസ്കാരവും മികച്ച സിനിമയ്ക്കുള്ള ജൂറി അവാർഡും മികച്ച തിരക്കഥയ്ക്കുള്ള നോമിനേഷനും കരസ്ഥമാക്കി.
സിംഗപ്പൂർ വേൾഡ് ഫിലിം കാർണിവലിലും ടൊറന്റോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിലും ഫൈനലിസ്റ്റും ആയി. ഇൻഡ്യയിൽ നേരത്തേ കിഡ്സ് ഫസ്റ്റ് ഫിലിം ഫെസ്റ്റിവലിലും കോൽക്കൊത്ത ഇന്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവലിലും ‘മടപ്പള്ളി യുണൈറ്റഡ്’ ശ്രദ്ധ നേടിയിരുന്നു. കെനിയൻ ഫെസ്റ്റിവലിൽ ഈ സിനിമ കണ്ട കെനിയൻ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റൻ ആസിഫ് കരീം ചിത്രത്തിലെ അഭിനേതാക്കളെയും ശില്പികളെയും ഓൺലൈനായി അഭിനന്ദിച്ചതും മടപ്പള്ളിക്കാർക്ക് അവിസ്മരണീയാനുഭവം.
മടപ്പള്ളി ഗവൺമെന്റ് സ്കൂളിലെ കുട്ടികൾക്കിടയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും യുഎൽ ഫൗണ്ടേഷനും നടത്തിവരുന്ന നിരവധി പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ ‘മടപ്പള്ളി യുണൈറ്റഡ്’ സാദ്ധ്യമാകുമായിരുന്നില്ലെന്നാണ് അജയ് ഗോവിന്ദ് പറഞ്ഞത്.
കുട്ടികളുമായുള്ള ആശയവിനിമയം, അവരുടെ ആത്മവിശ്വാസം, അവരുടെ പരിശീലനം എന്നിവയാണ് ഈ കുട്ടികളുമായി ചേർന്ന് സിനിമ നിർമ്മിക്കാൻ പ്രചോദിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ചിത്രീകരണത്തിനു മുമ്പുതന്നെ ഈ വിദ്യാർത്ഥികൾ അവരുടെ സ്കൂളിൽ സൊസൈറ്റി നടപ്പാക്കിവരുന്ന വിദ്യാഭ്യാസപരിപാടിയിലൂടെ നിരവധി ശിൽപ്പശാലകളിൽ പങ്കെടുത്തിരുന്നത് ചിത്രത്തിനു സ്വാഭാവികത ഏറ്റിയതായും അജയ് ഗോവിന്ദ് വ്യക്തമാക്കി.
തീരദേശത്തെ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടു നടപ്പാക്കിയ മടപ്പള്ളി അക്കാദമിക് പ്രോഗ്രാം ഫോർ ലേണിങ് ആൻഡ് എംപവർമെന്റ് – മേപ്ൾ (MAPLE) എന്ന പരിപാടി കുട്ടികളിൽ വരുത്തിയ മാറ്റത്തിന് ഇത്തരത്തിലുള്ള പ്രാധാന്യം ഉണ്ടെന്ന് നടത്തിപ്പുകാർ അന്നു ചിന്തിച്ചിരുന്നില്ല. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് നിരവധി ശില്പശാലകൾ നടത്തി അവരുമായി വിദ്യാർത്ഥികൾക്ക് ഇടപഴകാൻ സൊസൈറ്റി അവസരം ഒരുക്കിയിരുന്നു.
വിദ്യാഭ്യാസസമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും കുട്ടികളുടെ ജീവിതത്തിലെ ക്രിയാത്മകമായ മാറ്റങ്ങൾക്കു പ്രചോദനം നൽകുന്നതിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുടെ പങ്ക് അവതരിപ്പിച്ച സിനിമയിലൂടെ വാസ്തവത്തിൽ ആവിഷ്ക്കൃതമായത് ഊരാളുങ്കൽ സൊസൈറ്റിയുടെ മാതൃകയാണ്.
സമഗ്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, പ്രത്യേകിച്ച് കായികവിദ്യാഭ്യാസം, കഴിവ്, ലിംഗപദവിവൈവിദ്ധ്യം, കുട്ടികളുടെ കളിക്കാനുള്ള അവകാശം തുടങ്ങിയവ വിഷയമായ സിനിമയ്ക്കു തുണ ആയത് ഈ കാഴ്ചപ്പാടോടെ സൊസൈറ്റി നടപ്പാക്കിയ ‘മേപ്ൾ’ എന്ന പ്രവർത്തനമാണ്. പദ്ധതിയിലൂടെ ഒന്നാന്തരം ക്രിക്കറ്റർമാരായി മാറിയ കുട്ടികളാണ് സിനിമയിലെ താരങ്ങൾ.
യുഎൽസിസിഎസിന്റെ വിദ്യാഭ്യാസരംഗത്തെ ഇടപെടലുകൾക്കുള്ള നല്ല ഉദാഹരണമാണ് സാമൂഹികവിദ്യാഭ്യാസപദ്ധതി ആയിരുന്ന ‘മേപ്ൾ’. വിവിധങ്ങളായ അക്കാഡമിക് പ്രവർത്തനങ്ങൾക്കു പുറമെ തിയേറ്റർ, മ്യൂസിക് ക്ലബ്, സ്പോർട്സ് എന്നിങ്ങനെ കുട്ടികളുടെ ബഹുമുഖമായ വികസനത്തിന് ആവശ്യമായ പല കാര്യങ്ങളും മടപ്പള്ളി സ്കൂളിൽ ‘മേപ്ൾ’ പദ്ധതിയുടെ ഭാഗമായി ചെയ്തിരുന്നു.
തിയറ്റർ ക്യാമ്പ് ഈ സിനിമയിലേക്കു കുട്ടികൾക്കു വഴി സുഗമമാക്കി. 2018 മാർച്ച് 3-ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത പദ്ധതി ചെറിയ കാലയളവുകൊണ്ടാണ് ഇത്രവലിയ മാറ്റം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയത്. മേപ്ളിന്റെ പ്രവർത്തനം കോവിഡ് വേളയിൽ താത്ക്കാലികമായി നിർത്തിവച്ചത് കൂടുതൽ മികവുകളോടെ പുനരാരംഭിക്കുകയാണ്.
ഇംഗ്ലിഷ് പരിശീലനത്തിനായി യുഎൽ-കേംബ്രിഡ്ജ് സെന്റർ ഓഫ് എക്സലൻസ് എന്ന സംരംഭവും യുഎൽഎജ്യൂക്കേഷൻ നടത്തിയിരുന്നു. പല മേഖലകളിലുള്ള മിടുക്കരായ വിദ്യാർത്ഥികളെ വളർത്തിക്കൊണ്ടുവരാൻ 2010 മുതൽ നടത്തിവരുന്ന നർച്ചറിങ് ഇനീഷ്യേറ്റീവ്സി(Nurturing Initiatives)ന്റെ ഭാഗമാണ് ഇതെല്ലാം.
യുഎൽഎൽസിഎസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 2010 മുതൽ കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിച്ചുവരുന്ന സമൂഹസേവനസംരംഭമായ ‘വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്റ്റ്’ ആണ് നിലവിലെ പ്രധാനപ്രവർത്തനങ്ങളിൽ ഒന്ന്.
അക്കാഡമികമികവു പുലർത്തുന്ന വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസമേഖലകളിലേക്കും ഉയർന്ന തൊഴിൽമേഖലകളിലേക്കും എത്തിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങളും പരിശീലനങ്ങളും പഠനാനുഭവങ്ങളും നല്കി അവരെ സമൂഹപ്രതിബദ്ധതയുള്ള പൗരർ ആക്കുകയാണു ലക്ഷ്യം.
കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളിൽ ഉള്ള എട്ടു സന്നദ്ധക്കൂട്ടായ്മകളാണ് ഈ പ്രൊജെക്ട് ഏറ്റെടുത്തു നടത്തുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളാണ് മുഖ്യമായും ഗുണഭോക്താക്കൾ. എട്ടാം ക്ലാസിൽനിന്നു മികച്ച പഠനനിലവാരമുള്ള കുട്ടികളെ എഴുത്തുപരീക്ഷയിലൂടെയും അഭിമുഖങ്ങളിലൂടെയും കണ്ടെത്തുന്നു.
പ്രൊജെക്ട് പ്രവർത്തനങ്ങൾ, ക്ലാസുകൾ, പഠനയാത്രകൾ, ക്യാമ്പുകൾ, വിവിധ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനക്ലാസുകൾ ഒക്കെ ഇതിന്റെ പ്രവർത്തനങ്ങളാണ്. പെട്ടെന്നുതന്നെ വിദ്യാഭ്യാസവിദഗ്ദ്ധരുടെ ശ്രദ്ധ നേടിയ പ്രവർത്തനങ്ങളാണ് 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള നാഷണൽ ടാലന്റ് സേർച്ച് എക്സാമിനേഷൻ (NTSE) പരിശീലനക്ലാസുകളും ‘റേസ് റ്റു റാങ്ക് വൺ’ പരിപാടിയും. പ്രൊജക്റ്റിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മികച്ച അനുഭവങ്ങളുടേതാണ്.
മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ സംസ്ഥാന-യൂണിയൻസര്‍ക്കാരുകളുടെ സ്കോളര്‍ഷിപ്പുകള്‍ക്ക് യോഗ്യരാക്കാനും അതുവഴി ഉന്നതവിജയം സാദ്ധ്യമാക്കാനും ‘വാഗ്ഭടാനന്ദ എജ്യൂ ഫണ്ട്’ ഉണ്ട്.
അംഗങ്ങളുടെയും തൊഴിലാളികളുടെയും മക്കൾക്ക് പത്താം ക്ലാസിനു മുകളിലേക്കുള്ള എല്ലാ തലത്തിലെ പഠനത്തിനും സൊസൈറ്റി സ്കോളർഷിപ് നല്കുന്നുണ്ട്. അംഗങ്ങളുടെ മക്കൾക്ക് ഉപരിപഠനത്തിനുമുണ്ട് സ്കോളർഷിപ്. എജ്യൂ ഫണ്ട് നല്കുന്ന സ്കോളർഷിപ്പ് ഉപയോഗിച്ചാണ് സംഘം അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾ ഉന്നതവിദ്യാഭ്യാസമടക്കം നേടുന്നത്. എൻജിനീയറിങ്ങിനും മെഡിസിനുമൊക്കെ ഇങ്ങനെ എത്രയോപേർ പഠിക്കുന്നു, പഠിച്ചിരിക്കുന്നു!
സ്കോളർഷിപ്പുതുക നിശ്ചയിക്കുന്നതിൽ കുടുംബവരുമാനം, കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തികപശ്ചാത്തലം, കുടുംബാംഗങ്ങളുടെ സാഹചര്യങ്ങൾ എന്നിവയ്ക്കൊപ്പം വിദ്യാർത്ഥിയുടെ അക്കാദമികവിജയം പ്രധാന മാനദണ്ഡമാണ്. കഴിഞ്ഞ സാമ്പത്തികവർഷം (2022-23) എസ്‌എസ്‌എൽസി കഴിഞ്ഞ 102 പേർക്കും പ്ലസ് ടൂ കഴിഞ്ഞ 124 പേർക്കും ഡിഗ്രി കഴിഞ്ഞ 20 പേർക്കും സ്കോളർഷിപ്പ് അനുവദിച്ചു. എല്ലാംകൂടി 9,44,000 രൂപ. ഈ തുകകളെല്ലാം കാലാകാലം സൊസൈറ്റി ഉയർത്തിക്കൊണ്ടും ഇരിക്കുന്നു.
കൂടാതെ, വിദ്യാഭ്യാസപ്രോത്സാഹനപരിപാടികളും ഉണ്ട്. ഈ പദ്ധതിയിൽ ഇക്കഴിഞ്ഞവർഷം എസ്എസ്എൽസിക്കും പ്ലസ് ടൂവിനും മികച്ച വിജയം നേടിയ 84 വിദ്യാർത്ഥികൾക്ക് 11,71,500 രൂപയാണ് സമ്മാനമായി നല്കിയത്. സൊസൈറ്റിയിലെ കൾച്ചറൽ സെന്ററിന്റെ വിഹിതവും ചേർന്നതാണ് സമ്മാനത്തുക.
ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും, മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്കാൻ കാരപ്പറമ്പിലെ വാഗ്ഭടാനന്ദ മന്ദിരത്തിൽ ‘സെന്റര്‍ ഫോര്‍ സിവില്‍ സര്‍വീസ്’ എന്നൊരു സ്ഥാപനവും തുടങ്ങിയിരുന്നു.
സൊസൈറ്റിയിലെയും സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ. ആദായകരം അല്ലാതായി അടച്ചുപൂട്ടാൻ പോകുകയായിരുന്ന ഒരു എൽപി സ്കൂൾ അടുത്തിടെ സൊസൈറ്റി ഏറ്റെടുത്തു. സൊസൈറ്റിയാസ്ഥാനത്തിനടുത്ത് കൈനാട്ടിയിലുള്ള മുട്ടുങ്ങൽ എൽപി സ്കൂളാണ് അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയുംമറ്റും നിർബ്ബന്ധത്തെത്തുടർന്ന് ഏറ്റെടുത്തത്. അത് ഇപ്പോൾ നല്ലനിലയിൽ നടക്കുന്നു.
കുരുന്നിലേതന്നെ കുട്ടികളുടെ അഭിരുചികണ്ടെത്തി അതിനൊത്ത വ്യക്തികേന്ദ്രിതവിദ്യാഭ്യാസം തുടക്കംമുതലേ നല്കുന്ന, അത്യാധുനികവും സവിശേഷവുമായ, വിദ്യാഭ്യാസസമ്പ്രദായം വികസിപ്പിക്കാനുള്ള വിപുലമായ പദ്ധതി സൊസൈറ്റിയുടെ ചെയർമാന്റെ ആലോചനയിൽ ഇതിനു മുമ്പുതന്നെ ഉണ്ടായിരുന്നു. നമുക്കു പരിചിതമല്ലാത്ത ഒരു പുതുതലമുറസ്കൂൾ.
പ്രവേശനം കിട്ടുന്ന കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം സ്കൂൾപരിസരത്തു താമസിക്കാൻ സൗകര്യം ഒരുക്കുന്ന റെസിഡെൻഷ്യൽ മാതൃക ഉൾപ്പെടെയുള്ള വിപ്ലവാത്മകമായ മാറ്റങ്ങളാണ് ആലോചനയിൽ ഉള്ളത്. ഇതിനു സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു. പറ്റിയ വിഗദ്ധരെ കണ്ടെത്തുകയാണു വെല്ലുവിളി. സ്കൂളിന്റെ രൂപകല്പനപോലും അതു മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ ആശയങ്ങൾക്കൊത്തത് ആകണമെന്നും ചെയർമാൻ ആഗ്രഹിക്കുന്നു. ഏതായാലും, ഈ സ്കൂളിൽ മുഖ്യപരിഗണന സൊസൈറ്റിയിലെ തൊഴിലാളികളുടെ കുട്ടികൾക്ക് ആയിരിക്കും എന്നത് ഉറപ്പിച്ചിട്ടുണ്ട്.
നക്ഷത്രക്കുട്ടികളുടെ ക്ലബ്ബ്
സ്പേസ് സയൻസിൽ ഔദ്യോഗികജീവിതം സ്വപ്നം കാണുന്നവർക്കു പ്രചോദനവും പിന്തുണയുമായി, വികസിതരാജ്യങ്ങളിലെ സ്പേസ് ക്ലബ്ബുകളുടെ നിലവാരത്തിൽ, പ്രവർത്തിക്കുന്ന യുഎൽ സ്പേസ് ക്ലബ്ബ് ആണ് വ്യാപകശ്രദ്ധ നേടിയ മറ്റൊരു മുൻകൈ. ഈ ക്ലബ്ബ് ഉണ്ടാക്കിയ ഫലം അത്ഭുതാവഹമാണ്.
കോഴിക്കോട് ജില്ലയിലെ സ്കൂൾ, കോളെജ് വിദ്യാർത്ഥികളിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം, ബഹിരാകാശശാസ്ത്രം എന്നീ വിഷയങ്ങളിൽ അഭിരുചിയും ആഭിമുഖ്യവും വളർത്താൻ യുഎൽസിസിഎസ് ഫൗണ്ടേഷൻ രൂപം നല്കിയതാണ് യുഎൽ സ്പേസ് ക്ലബ്ബ്. ആദ്യത്തെ ഏഴുവർഷംകൊണ്ടുതന്നെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇത് ഉണ്ടാക്കിയത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെമാത്രം ഐസെറും ഐഐറ്റികളും എൻഐറ്റികളും ഐഐഎമ്മുകളും രാമാനുജൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സും ഉൾപ്പെടെയുള്ള രാജ്യത്തെ അഭിമാനസ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചത് 16 മിടുക്കർക്ക്! മറ്റ് അനവധി പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം കിട്ടിയവർ വേറെയും.
ക്ലബ്ബ് അംഗങ്ങളായ 60 പേരിൽനിന്നാണ് അത്ഭുതകരമായ ഈ വിളവെടുപ്പ്. ഇവർക്കു പുറമെ പിഎസ്‌എൽവി വിക്ഷേപണത്തിനു ക്ഷണിക്കപ്പെട്ടതും ബഹിരാകാശപദ്ധതിയിൽ കൃത്രിമോപഗ്രഹം നിർമ്മിക്കാനുള്ള പദ്ധതി ലഭിച്ചതും അടക്കം അഭിമാനാർഹമായ മറ്റു നേട്ടങ്ങൾ കൈവരിച്ചവരുമുണ്ട് ക്ലബ്ബ് അംഗങ്ങളിൽ.
വിദ്യാർത്ഥികൾക്കു ശാസ്ത്രപഠനത്തിന് ഉതകുന്ന മനോഹരമായ ആവാസവ്യവസ്ഥയാണ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. 2016 ഒക്ടോബറിൽ ആരംഭിച്ച യുഎൽ സ്പേസ് ക്ലബ് ബഹിരാകാശശാസ്ത്രത്തിൽ കേന്ദ്രീകരിച്ച് ആയിരുന്നു തുടക്കമെങ്കിലും അതിന്റെ അടിത്തറവിഷയങ്ങൾ എന്ന നിലയിലും പൊതുവൈജ്ഞാനികമണ്ഡലം എന്ന നിലയിലും ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിങ്, ഗണിതം, ബഹിരാകാശശാസ്ത്രം എന്നീ മേഖലകളിലേക്കു വികസിപ്പിക്കുക ആയിരുന്നു. സ്റ്റെംസ് (STEMS) എന്നു ചുരുക്കിവിളിക്കുന്ന ഈ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ താൽപര്യം വളർത്തിയെടുക്കുകയാണ് ക്ലബ്ബിന്റെ പ്രധാനലക്ഷ്യം.
ബഹിരാകാശശാസ്ത്രരംഗത്ത് 45 കൊല്ലത്തെ അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ. കെ. കുട്ടിയാണ് സ്പേസ് ക്ലബ്ബിന്റെ പ്രണേതാവും മെന്റോറും. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഭരണവിഭാഗം മേധാവിയായി പ്രവർത്തിച്ച അനുഭവ സമ്പത്തുകൂടി കൈമുതലുള്ള ഇദ്ദേഹമാണ് ക്ലബ്ബിന്റെ ചുക്കാൻ പിടിക്കുന്നത്. ഐഎസ്‌ആർഒ മുൻ ഡെപ്യൂട്ടി ഡയറക്റ്റർ കെ. ജയറാമും ഒപ്പമുണ്ട്.
ബഹിരാകാശശാസ്ത്രം പഠിപ്പിക്കാനുള്ള ‘ഐഎസ്‌ആർഒ സ്പേസ് ട്യൂട്ടർ’ പദവി യുഎൽ സ്പേസ് ക്ലബ്ബിന് ഉണ്ട്. ഐഎസ്‌ആർഒയുടെ മുദ്ര ഉൾപ്പെടെ ഉപയോഗിക്കാൻ അനുമതിയുള്ള പദവിയാണ് ഇത്. സ്പേസ് ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് എല്ലാം സൗജന്യമായാണു നൽകുന്നത്.
ഐഎസ്ആർഒ, ഐഐഎസ്‌റ്റി, ഡിആർഡിഒ, ബിഎആർസി, റ്റിഐഎഫ്ആർ, ഐസർ, എൻഐറ്റി, വിവിധ സർവ്വകലാശാലകൾ എന്നിവയുടെയും അവിടങ്ങളിലെ വിദഗ്ദ്ധരുടെയും പങ്കാളിത്തത്തോടെയാണു ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഈ സ്പേസ് ക്ലബ്ബ് ഇന്നു രാജ്യത്തിനുതന്നെ മാതൃകയാണ്.
ശ്രീഹരിക്കോട്ടയിൽ ഉപഗ്രഹവിക്ഷേപണത്തിനു ക്ഷണം ലഭിച്ചത് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അനുഭവസമ്പത്തും ക്ലബ്ബ് അംഗങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ഇപ്പോൾ, കോഴിക്കോട് എൻഐറ്റിയുമായി ചേർന്ന് ഐഎസ്‌ആർഒയുടെ ബഹിരാകാശപദ്ധതിയുടെ ഭാഗമായ ഒരു ഉപഗ്രഹം നിർമ്മിക്കുന്നതിൽ വ്യാപൃതരാണ് ക്ലബ്ബ്.
ക്ലാസ് റൂം ആശയവിനിമയം, ശാസ്ത്രഗവേഷണ-അദ്ധ്യയനരംഗത്തെ അഭിമാനസ്ഥാപനങ്ങളിൽ താമസിച്ചു നടത്തുന്ന പഠനക്യാമ്പുകൾ, നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കലും അവയുടെ അവതരണങ്ങൾ നടത്തലും, അമച്വർ അസ്ട്രോണമർമാരുടെ നേതൃത്വത്തിലുള്ള നക്ഷത്രനിരീക്ഷണം, STEMS വിഷയങ്ങളിൽ ഊന്നി സ്റ്റെല്ലാർ ക്രോണിക്ക്ൾ (Stellar Chronicle) എന്ന അർദ്ധവാർഷിക ഇ-മാഗസീൻ പ്രസിദ്ധീകരണം, അക്കാദമികപരിശീലനങ്ങൾ, വിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങൾ, സർഗ്ഗാത്മകതയും നേതൃവൈഭവവും പരസ്പരസംവേദനശേഷിയും നൂതനാശയങ്ങൾ ആവിഷ്ക്കരിക്കാനുള്ള വൈഭവവും ഒക്കെ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ, സ്റ്റെല്ലാർ മീഡിയ, പോഡ്‌കാസ്റ്റ്, മറ്റു മാദ്ധ്യമപ്രവർത്തനങ്ങൾ ഇങ്ങനെ പരന്നുകിടക്കുന്നൂ സ്പേസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.
തൊഴിലാളി ഭരിക്കുന്നതിന്റെ മെച്ചം
സമൂഹക്ഷേമരംഗത്തെ യുഎൽസിസിഎസിന്റെ പ്രവർത്തനങ്ങൾ പലതും ഇവിടെ വിട്ടുപോയിട്ടുണ്ട്. പലതിന്റെയും വിശദാംശങ്ങളിലേക്കു വിസ്തരഭയത്താൽ പോയിട്ടുമില്ല. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുന്ന കാര്യങ്ങളാണ് ഈ മേഖലയിൽ ഉള്ളത് എന്നതുകൊണ്ടാണ് ഈ ശതാബ്ദിവേളയിൽ അതിൽ മാത്രം ഊന്നി എഴുതാം എന്നു തീരുമാനിച്ചത്.
ഊരാളുങ്കൽ സൊസൈറ്റിയുടെ ഓരോ മേഖലയിലെ ഇടപെടലും ഇത്തരത്തിൽ കേരളം അറിയേണ്ടതും പഠിക്കപ്പെടേണ്ടതും ആണ്. അങ്ങനെയൊക്കെയാണു യുഎൽസിസിഎസ്. അതിനു കൃത്യമായ കാരണവും ഉണ്ട്. കൂലിവേലക്കാരുടെ സംഘത്തിന്, പിറവിയിൽ വാഗ്ഭടാനന്ദഗുരു പകർന്നുകൊടുത്ത ചൈതന്യം പാവങ്ങളുടെയും അവശരുടെയും നല്ല ജീവിതവും ക്ഷേമവും എന്നതായിരുന്നു. അത് എന്നും സംഘത്തിന്റെ അടിസ്ഥാനദർശനമാണ്.
ഉദ്ദേശ്യലക്ഷ്യങ്ങളെ കടലാസിലൊതുക്കാതെ അവർ പ്രാവർത്തികമാക്കി. ഒരു കാലത്ത് സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന കൂലിവേലക്കാർക്കു ജീവിതത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കാട്ടിക്കൊടുത്ത സംഘം ഇന്നും അതിന്റെ നവോത്ഥാനമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ഒരു ‘നവകാരയ്ക്കാട്’ സൃഷ്ടിച്ചിരിക്കുന്നു. വികസനവും ക്ഷേമൈശ്വര്യങ്ങളും പുലരുന്ന ഗ്രാമം.
വടവൃക്ഷമായി വളർന്നുപടരുമ്പോഴും ആ ജീവവൃക്ഷത്തിന്റെ തണലിൽ വലിയൊരു സമൂഹം ജീവിതം കരുപ്പിടിപ്പിക്കുന്നു. മനുഷ്യസ്നേഹത്തിന്റെ ആ മഹാദർശനം നാടിനു പുറത്തേക്കും പരന്നൊഴുകുന്നു.
‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും – ഊരാളുങ്കൽ സൊസൈറ്റിയുടെ സമഗ്രചരിത്രം’ എന്ന പുസ്തകത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ലേഖനം.
ulccs