ലണ്ടൻ∙ വിലവർധനയിലും പണപ്പെരുപ്പത്തിലും പലിശനിരക്കിലെ വൻ കുതിപ്പിലും നട്ടം തിരിയുന്ന ബ്രിട്ടനിലെ സാധാരണക്കാർക്ക് ആശ്വാസമായി എനർജി റെഗുലേറ്റർ ‘ഓഫ്ജെമ്മിന്‍റെ’ പുതിയ പ്രൈസ് ക്യാപ്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ നിയന്ത്രണം ഏപ്രിൽ മുതൽ പ്രാബല്യത്തിലാകും. ഇതോടെ ഒരു ശരാശരി കുടുംബത്തിന്‍റെ ഗ്യാസ്, വൈദ്യുതി ബില്ല് 1690 പൗണ്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ രണ്ടായിരം പൗണ്ടിന് മുകളിലാണ് മിക്ക കുടുംബങ്ങളും എനർജി ബില്ലിനായി മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എനർജി ബില്ല് താഴുമെന്നാണ് ഓഫ്ജെം നൽകുന്ന വാഗ്ദാനം. ശരാശരി പ്രതിവർഷം 238 പൗണ്ടിന്‍റെ ലാഭം (മാസം 20 പൗണ്ടിന്‍റെ കുറവ്) ഇത്തരത്തിൽ ഓരോ കുടുംബങ്ങൾക്കും ഉണ്ടാകും.
ഇനിയും എനർജി ബില്ലിൽ ഏറെ കുറവ് വരുത്തേണ്ടതുണ്ടെന്നാണ് ഇതിനായി സമരരംഗത്തുള്ളവരുടെ നിലപാട്. നിലവിലെ കുറവുകൊണ്ടും ബില്ലടയ്ക്കാൻ സാധാക്കാത്തവർ നിരവധിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടിഷ് ഗ്യാസ് ഉൾപ്പെടെയുള്ള എനർജി കമ്പനികൾ കഴിഞ്ഞവർഷം നേടിയ ശതകോടികളുടെ ലാഭക്കണക്ക് ചൂണ്ടിക്കാട്ടിയാണ് ഇനിയും നിരക്കു കുറയ്ക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്. കോവിഡ് കാലത്തിനും യുക്രെയ്ൻ യുദ്ധത്തിനും മുമ്പുള്ള സ്ഥിതിയിലേക്ക് എനർജി ബില്ലിനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞാൻ മാത്രമേ സാധാരണ ജനങ്ങൾക്ക് യഥാർഥ ആശ്വാസമാകൂ.
ഓരോ യൂണിറ്റ് വൈദ്യുതിയ്ക്കും ഗ്യാസിനും വിതരണക്കാർക്ക് ചുമത്താവുന്ന പരമാവധി തുക മാത്രമാണ് ഓഫ്ജെം നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഓരോ കുടുംബത്തിനും ഏർപ്പെടുത്താവുന്ന പരമാവധി ബില്ല് എത്രയെന്ന് റെഗുലേറ്റർ നിശ്ചയിച്ചിട്ടില്ല. അതിനാൽ കൂടുതൽ എനർജി ഉപയോഗിക്കുന്നവർ കൂടുതൽ തുക ബില്ലായി നൽകേണ്ടി വരും.
നിലവിൽ യൂണിറ്റിന് 7.42 പെൻസായിരുന്ന ഗ്യാസിന്‍റെ നിരക്ക് ആറു പെൻസായും 28.62 പെൻസായിരുന്ന വൈദ്യുതി നിരക്ക് 24 പെൻസായുമാണ് കുറച്ചത്. ബില്ലിങ് രീതിയനുസരിച്ച് ഈ നിരക്കിൽ ചെറിയ മാറ്റമുണ്ടാകും. പ്രീപെയ്ഡുകാർക്കും, ഡയറക്ട് ഡെബിറ്റ് പേമെന്‍റിനും. ക്യാഷ്- ചെക്ക് പേമെന്‍റുകൾക്കും വ്യത്യസ്ത നിരക്കിലാകും വിതരണം നടത്തുന്ന കമ്പനികൾ നിരക്ക് ഈടാക്കുക.
സപ്ലൈ കമ്പനികൾക്ക് നിലവിലുള്ള 3.1 ബില്യൻ പൗണ്ടിന്‍റെ കടബാധ്യത ഒഴിവാക്കാനായി ഒരു വർഷത്തെ ബില്ലിൽ 28 പൗണ്ടിന്‍റെ അധികഭാരം ഉൾപ്പെടുത്തിക്കൊണ്ടാണ് ബില്ലിലെ ഈ ഇളവുകൾ ഓഫ്ജെം പ്രഖ്യാപിച്ചത്. എനർജി നിരക്കിലെ പുതിയ മാറ്റങ്ങൾ സപ്ലൈ കമ്പനികൾ ഏപ്രിലിനു മുമ്പ് ഉപയോക്താക്കളെ നേരിട്ട് അറിയിക്കണമെന്നും നിർദേശമുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ