കെ.എസ്.ആര്‍.ടി.സി എം.ഡി. സ്ഥാനത്തു നിന്നും ബിജു പ്രാഭാകര്‍ തെറിച്ചതിനു പിന്നാലെ ചീഫ് ഓഫീസിലെ അദ്ദേഹത്തിന്റെ വിശ്വസ്തനും വലംകൈയ്യുമായ ഉദ്യോഗസ്ഥനെയും തെറിപ്പിച്ചിരിക്കുകയാണ് മന്ത്രി ഗണേസ് കുമാര്‍. ചീഫ് ഓഫീസില്‍ സ്പാര്‍ക്ക് സെല്ലില്‍ ജോലി ചെയ്തിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ പി. ബിജുവിനെയാണ് നെടുമങ്ങാട് യൂണിറ്റിലേക്ക് തിരിച്ചു തട്ടിയിരിക്കുന്നത്. അടിയന്തിര ഉത്തരവിറക്കി, മിന്നല്‍ വേഗത്തിലായിരുന്നു ബിജുവിനെതിരേ കരുനീക്കം നടത്തിയത്. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി എം.ഡിയായി ജോയിന്റ് എം.ഡിയായിരുന്നു പി.എസ് പ്രമോദ് ശങ്കറിനെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു.

ഇതിനു തൊട്ടു പിന്നാലെയാണ് രാത്രിയോടെ ബിജുവിനെ തട്ടാന്‍ തീരുമാനമെടുത്തത്. മന്ത്രി ഗണേശുമായി ആശയ വിനിമയം നടത്തിയതിനു ശേഷമാണ് തീരുമാനം വേഗത്തില്‍ എടുത്തിരിക്കുന്നത്. എന്നാല്‍, ഈ നീക്കത്തിനു പിന്നില്‍ സ്പാര്‍ക്കിനെ തകര്‍ക്കാനുള്ള ഗൂഢ ശ്രമം ഉണ്ടെന്നാണ് വിമര്‍ശനം ഉയരുന്നത്. ബിജു പ്രഭാകര്‍ എം.ഡി.യായി സ്ഥാനമേറ്റപ്പോള്‍, സ്പാര്‍ക്ക് വഴിയുള്ള ശമ്പള വിതരണം കാര്യക്ഷമമാക്കാന്‍ വേണ്ടി നടപടി എടുത്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയാണ് ആദ്യമായി സ്പാര്‍ക്ക് നടപ്പാക്കിയതും. ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും സ്പാര്‍ക്കും തമ്മില്‍ ബന്ധിപ്പിച്ചുള്ള സാങ്കേതിക വിദ്യയിലൂടെയാണ് ശമ്പളം നല്‍കുന്നത്.

സ്പാര്‍ക്ക് നടപ്പാക്കാന്‍ നെടുമങ്ങാട് ഡിപ്പോ കണ്ടക്ടറായിരുന്ന പി. ബിജുവിനെ ചീഫ് ഓഫീസില്‍ പ്രത്യേക ഓഫീസറായി നിയമിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെ അസിസ്റ്റ് ചെയ്യാന്‍ മിനിലസ്റ്റീരിയല്‍ സ്റ്റാഫില്‍ നിന്നും കുറച്ചു പേര്‍ക്ക് പരിശീലനം നല്‍കി നിയമിക്കുകയും ചെയ്തു. ‘ശമ്പളം കൊടുക്കാന്‍ കാശില്ലാത്ത കെ.എസ്.ആര്‍.ടി.സിയില്‍ സ്പാര്‍ക്ക് നടപ്പാക്കിയിട്ട് എന്തു പ്രയോജനം’ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു എന്നാണ് മാനേജ്‌മെന്റ് അന്നും ഇന്നും പറയുന്നത്. അതുകൊണ്ട് തൊഴിലാളികള്‍ വായും പൂട്ടി മിണ്ടാതിരുന്നോണം.

ചോദ്യങ്ങള്‍ നിരോധിച്ച കെ.എസ്.ആര്‍.ടി.സിയില്‍ ഇടവേളകളിട്ട് വരികയും പോവുകയും ചെയ്യുന്ന എം.ഡിമാരും മന്ത്രിമാരും തീരുമാനിക്കുന്ന താത്ക്കാലിക നടപടികള്‍ കൊണ്ടാണ് ഈ പ്രസ്ഥാനം ഓടിക്കൊണ്ടിരിക്കുന്നത്. ദീര്‍ഘകാലത്തേക്കുള്ള ഒരു പദ്ധതിയോ, പ്രവൃത്തികളോ കാഴ്ചപ്പാടോ വരുന്നവര്‍ക്കില്ല. അവര്‍ ഇരിക്കുന്ന കാലം എങ്ങനെ പോകണമെന്നുള്ളതാണ് ഓരോ ഐ.എ.എസ്. ഐ.പി.എസ് എംഡിമാരുടെയും കാഴ്ചപ്പാട്. മാറി വരുന്ന സര്‍ക്കാരുകള്‍ക്കും വകുപ്പു മന്ത്രിമാര്‍ക്കും അവരുടെ രാഷ്ട്രീയത്തിന് കോട്ടം തട്ടാതിരിക്കുകയും ഒപ്പം സ്വന്തംനില ഭദ്രമാക്കുകയും ചെയ്യുക എന്നതിനപ്പുറം ഒരു ആത്മാര്‍ത്ഥതയും കെ.എസ്.ആര്‍.ടി.സിയോട് ആരും കാണിച്ചിട്ടില്ല.

ഇത് വാസ്തവമാണ്. പക്ഷെ, പറയാനൊരാള്‍ക്കും കഴിയില്ല. കണ്ണില്‍ കരടാകാന്‍ ആഗ്രഹമില്ലാത്ത, അല്‍പ്പ പ്രാണികളെപ്പോലെ കേരളത്തെ ചലിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. സ്പാര്‍ക്കിന്റെ പ്രവര്‍ത്തനം ഗംഭീരമാക്കാന്‍ പി. ബിജുവിനെ ചീഫ് ഓഫീസില്‍ എത്തിച്ച ബിജു പ്രഭാകര്‍ എന്താണ് ചെയ്തത്, ജീവനക്കാര്‍ക്ക് രണ്ടു ഘട്ടമായല്ലേ ശമ്പളം നല്‍കിയത്. അതും സര്‍ക്കാര്‍ വിഹിതം കിട്ടിയാല്‍ മാത്രം. ഇന്നലെയും ഒരു തൊഴിലാളി ഹൃദയാഘാതം മൂലം മരണമടഞ്ഞിട്ടുണ്ട്. പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടര്‍ നന്ദകുമാറാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി, അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്നാണ് ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടത്. ഇത് ജോലിയുടെ സ്വഭാവം കൊണ്ടാണെന്ന് തന്നെ പറയേണ്ടി വരും. ഇങ്ങനെ ദിവസം തോറും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മരണപ്പെടുമ്പോഴും, അവരുടെ കുടുംബങ്ങള്‍ക്ക് നാഥനില്ലാതാകുമ്പോഴും ചെയ്ത ജോലിയുടെ കൂലിക്കിരക്കുന്ന അവസ്ഥയില്‍ എത്തിച്ചതാരാണ്. പരിഷ്‌ക്കാരങ്ങളൊന്നും തൊഴിലാളികളെ സമാധാനിപ്പിക്കുന്നതല്ലെന്ന് സര്‍ക്കാരിനും മനസ്സിലായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയ സ്പാര്‍ക്ക് വഴിയാണ് എത്ര ജീവനക്കാരുണ്ടെന്നും, എത്ര രൂപയാണ് ശമ്പളം കൊടുക്കേണ്ടതെന്നുമുള്ള കൃത്യമായ കണക്കുകള്‍ ലഭിച്ചത്.
എന്നാല്‍, കണക്കൊപ്പിച്ച് ചീഫ് ഓഫീസ് കമ്പ്യൂട്ടര്‍ വത്കൃതമായിട്ടും തൊഴിലാളികളുടെ ശമ്പളം വെട്ടി മുറിച്ചാണ് കൊടുത്തിരുന്നത്. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ില്‍ നടക്കുന്നത് മേലേ തട്ടിലുള്ള ഉന്നതരുടെ കസേര മാറ്റവും തെറിക്കലുമൊക്കെയാണ്. അടുത്ത മാസം ശമ്പളം ഒന്നാം തീയതി തന്നെ കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഗണേഷ് കുമാര്‍ മുന്നില്‍ കണ്ടിരിക്കുന്നത് എന്താണെന്നു മാത്രം നിശ്ചയമില്ല. എങ്കിലും ജീവനക്കാര്‍ ടിക്കറ്റ് വനരുമാനം വഴി എത്തിക്കുന്നത് ലാഭം തന്നെയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ, കടത്തിന്റെ കാര്യം പറഞ്ഞ് ചെയ്ത ജോലിയുടെ കൂലി കൊടുക്കാന്‍ വൈകിപ്പിക്കുന്ന സ്ഥിരം ശൈലിക്കു മാത്രം മാറ്റം വന്നിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















