ന്യൂഡൽഹി: ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ ഖനൗരിയിൽ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ് കരൺ സിങ്ങിന്റെ (21) മൃതദേഹം ഏറ്റുവാങ്ങില്ലെന്നു കുടുംബവും കർഷക സംഘടനകളും വ്യക്തമാക്കി. പഞ്ചാബ് സർക്കാരിന്റെ ഒരു കോടി രൂപ ധനസഹായം കൊല്ലപ്പെട്ട കർഷകന്റെ കുടുംബം നിരസിച്ചു. മരണത്തിൽ കേസ് റജിസ്റ്റർ ചെയ്യാതെ മൃതദേഹം സംസ്കരിക്കേണ്ടതില്ലെന്നാണ് സമരരംഗത്തുള്ള സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം) ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം. ‘ദില്ലി ചലോ’ മാർച്ച് 29 വരെ നിർത്തിവയ്ക്കാനും പഞ്ചാബ്–ഹരിയാന അതിർത്തിയിൽ തന്നെ തുടരാനും കർഷകർ തീരുമാനിച്ചു.
ഇതിനിടെ സമരരംഗത്തുണ്ടായിരുന്ന മറ്റൊരു കർഷകൻ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഈ മാസം 13 മുതൽ ഖനൗരി അതിർത്തിയിൽ സമരരംഗത്തുള്ള ഭട്ടിൻഡ അമർഗഡ് സ്വദേശി ദർശൻ സിങ്ങാണു(62) മരിച്ചത്. ഇതോടെ കർഷക സമരത്തിനിടെ മരിച്ചവർ അഞ്ചായി. 3 കർഷകരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ശാരീരിക അസ്വസ്ഥതകളെത്തുടർന്നാണു മരിച്ചതെങ്കിൽ പൊലീസ് അതിക്രമത്തിലാണ് ശുഭ് കരൺ സിങ്ങിന് ജീവൻ നഷ്ടമായത്.
ദർശൻ സിങ്ങിന് 8 ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. 8 ഏക്കർ സ്ഥലമുള്ള ഇദ്ദേഹം ഇത് ഈടുവച്ചാണു വായ്പ എടുത്തത്. വ്യാഴാഴ്ച രാത്രി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം പട്യാല മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ടു 3 ദിവസം പിന്നിട്ടെങ്കിലും സംസ്കാരം നടത്താൻ കുടുംബം തയാറാകാത്തതു പഞ്ചാബ് സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. നഷ്ടപരിഹാരത്തുക നിരസിച്ച കുടുംബാംഗങ്ങൾ സഹോദരിക്കു വാഗ്ദാനം ചെയ്ത ജോലിയും വേണ്ടെന്ന് അറിയിച്ചു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു സംയുക്ത കിസാൻ മോർച്ച ഇന്നലെ കരിദിനം ആചരിച്ചു. ഭാരതി കിസാൻ യൂണിയന്റെ (ഏക്ത ഉഗ്രഹൻ) നേതൃത്വത്തിൽ പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടത്തി. ഇതിനിടെ, ഹരിയാനയിലെ ഖേരി ചോപ്ത ഗ്രാമത്തിൽനിന്നു ഖനൗരി അതിർത്തിയിലേക്കു പ്രതിഷേധത്തിൽ പോയ കർഷകർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സമരക്കാർക്കെതിരെ ദേശസുരക്ഷാ നിയമം (എൻഎസ്എ) പ്രയോഗിക്കാൻ ഹരിയാന പൊലീസ് തീരുമാനിച്ചിരുന്നുവെങ്കിലും വിമർശനം ഉയർന്നതോടെ പിൻവലിച്ചു. പൊതുമുതൽ നശിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിയമം പ്രയോഗിക്കാൻ അംബാല ജില്ലാ ഭരണകൂടം വ്യാഴാഴ്ച തീരുമാനിച്ചത്. എന്നാൽ, വെള്ളിയാഴ്ച രാത്രി ഇതു പിൻവലിച്ച് ഉത്തരവിറക്കി. ഇതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർഷകരുടെ വിള വായ്പയിൽ ഇളവുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചു. പലിശ ഇളവിനൊപ്പം മേയ് 31നുള്ളിൽ വായ്പ തിരികെ അടയ്ക്കുന്നവർക്കു പിഴത്തുകയിൽ കുറവും നൽകും.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക