ജനങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹവും ആശംസകളും എന്‍റെ കണ്ണുനീര്‍ കുറച്ചു: ചാള്‍സ് രാജാവ്

ലണ്ടൻ∙ കാൻസർ സ്ഥീകരിച്ചതിന് ശേഷം ജനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ കണ്ണുനീർ കുറച്ചുവെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ്. ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പൊതു ചുമതലകളില്‍ നിന്ന് മാറിനിന്നതിന് ശേഷം ആദ്യമായി ബക്കിങ്ഹാം കൊട്ടാരത്തില്‍ പ്രതിവാര സദസ് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തവേയാണ് ചാൾസ് രാജാവ് ഇക്കാര്യം പറഞ്ഞത്. 

”ഞങ്ങളെല്ലാവരും താങ്കളുടെ ഒപ്പമുണ്ട്, ഈ രാജ്യം മുഴുവന്‍ താങ്കളുടെ പിന്നിലുണ്ട്” എന്ന് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് രാജാവിനോട് പറഞ്ഞു. നേവി ബ്ലൂ സ്യൂട്ടും ടൈയും ധരിച്ചാണ് ചാള്‍സ് രാജാവ് എത്തിയത്. ”എനിക്ക് ധാരാളം സന്ദേശങ്ങളും ആശംസ കാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഇത് മിക്ക സമയത്തും എന്‍റെ കണ്ണുനീര്‍ കുറച്ചു” ചാള്‍സ് രാജാവ് പ്രതികരിച്ചു. സര്‍ക്കാര്‍ കാര്യങ്ങളില്‍ രാജാവിനെ ഉപദേശിക്കാന്‍ മാസത്തിലൊരിക്കല്‍ യോഗം ചേരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘമായ പ്രിവി കൗണ്‍സിലുമായാണ് ചാള്‍സ് രാജാവ് കൂടിക്കാഴ്ച നടത്തിയത്.

ഈയിടെയാണ് ചാള്‍സ് രാജാവിന് കാൻസർ സ്ഥിരീകരിച്ചത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ചികിത്സക്ക് പിന്നാലെയാണ് ബക്കിങ്ഹാം കൊട്ടാരം ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. കാൻസർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയില്ലെങ്കിലും 75 വയസ്സുകാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവ് തന്‍റെ പൊതു ചുമതലകള്‍ മാറ്റിവെച്ചതായും പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ മറ്റു പരിശോധനകളിലാണ് കാൻസർ തിരിച്ചറിഞ്ഞത്. ചികിത്സ ആരംഭിച്ചതിനാല്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടര്‍മാര്‍ രാജാവിനെ ഉപദേശിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News