സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി

 

കോഴിക്കോട്: കൊയിലാണ്ടിയിലെ ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്. പ്രതി സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നാണ് അഭിലാഷ് പോലീസിന് മൊഴി നൽകിയത്. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി. 

സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകളുണ്ടായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും കഴുത്തിലുമായാണ് മുറിവുകളുള്ളത്. ഇന്നലെ രാത്രിയായിരുന്നു കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സത്യനാഥന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്.
 
പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥന്‍ പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.

ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയില്‍ ഉള്‍പെട്ടയാളാണ് എന്നും സൂചനയുണ്ട്. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യന്‍ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിലവിലെ നിഗമനം. രണ്ട് വര്‍ഷം മുന്‍പ് അഭിലാഷ് സത്യന്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്. 

2015ലാണ് അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിലുള്ള എതിര്‍പ്പും അഭിലാഷിനുണ്ടായിരുന്നു. സിപിഐഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു പി വി സത്യനാഥന്‍(62).

കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന് പൊലീസ് പറയുന്നു.

 

Read More……