ബൈജു രവീന്ദ്രനെ സ്ഥാപക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡൽഹിയിൽ ഓഹരിയുടമകളുടെ പൊതുയോഗം

ന്യൂഡല്‍ഹി: ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണലില്‍. കമ്പനിയെ നയിക്കാന്‍ ബൈജു രവീന്ദ്രന്‍ അയോഗ്യനെന്നു പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിനിടെ ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗം (ഇജിഎം) ഡല്‍ഹിയില്‍ തുടങ്ങി.

ഇജിഎമ്മിനു മുന്നോടിയായാണ് ഏതാനും നിക്ഷേപകര്‍ ഹര്‍ജിയുമായി ട്രൈബ്യൂണല്‍ ബംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ബൈജു രവീന്ദ്രനെ നീക്കം ചെയ്ത് കമ്പനിക്കു പുതിയ ബോര്‍ഡിനെ നിയമിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അടുത്തിടെ കമ്പനി നടത്തിയ റൈറ്റ്‌സ് ഇഷ്യു റദ്ദാക്കണമെന്നും അക്കൗണ്ടുകള്‍ ഫൊറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
   

Read more : 

   

ഇജിഎമ്മില്‍ ബൈജൂസ് ജീവനക്കാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഇരുന്നൂറോളം പേര്‍ യോഗത്തിനെത്തിയിട്ടുണ്ടെന്ന്, വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബൈജു രവീന്ദ്രനെ നീക്കം ചെയ്തുകൊണ്ടു യോഗം പ്രമേയം പാസാക്കിയാലും മാര്‍ച്ച് 13 വരെ അതു പ്രാബല്യത്തില്‍ വരില്ല. അന്നുവരെ നടപടി പാടില്ലെന്ന്, ബൈജു രവീന്ദ്രന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇജിഎം തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.