കോഴിക്കോട്: രാഷ്ട്രീയത്തെ കച്ചവടമാക്കാത്ത സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥിന്റെ (64) മരണം താന്‍ മകനെപ്പോലെ സ്‌നേഹിച്ചു വളര്‍ത്തിയ കൈയ്യില്‍ നിന്നുതന്നെ. മോശമായ വഴിയിലൂടെ നടന്നപ്പോഴൊക്കെ ശാസിച്ചും, ശകാരിച്ചും, ചെറുതായി ശിക്ഷിച്ചുമൊക്കെ നല്ല വഴിയേ കൊണ്ടു വരാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ തന്റെ അന്തകനായി മാറി തീരുകയായിരുന്നു അഭിലാഷ് എന്ന കൊലപാതകി. മഴുകൊണ്ട് കഴുത്തില്‍ ആഞ്ഞുവെട്ടി വീഴ്ത്തുമ്പോഴും, എതിരാളിയെ നിഷ്പ്രയാസം കൊന്നുതള്ളിയ മനോഭാവമാണ് അഭിലാഷിനുണ്ടായിരുന്നത് എന്നാണ് ഗാനമേള കേള്‍ക്കാനെത്തിയ ദൃക്‌സാക്ഷികള്‍ പറയുന്നത്. ചോര ചീറ്റിത്തെറിക്കുമ്പോഴും വീണ്ടും അഭിലാഷ് മഴുകൊണ്ട് ആഞ്ഞു വെട്ടിക്കൊണ്ടേയിരുന്നു. പെട്ടെന്നുള്ള ആക്രമണവും, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ, കൃത്യം കണ്ടതിന്റെ വെപ്രാളത്തിലായിരുന്നു ദക്‌സാക്ഷികള്‍. സംഭവ സ്ഥലത്തു നിന്നും അഭിലാഷ് ഓടിപ്പോവുകയും ചെയ്തു.
നാടിനും ജനങ്ങള്‍ക്കുമൊപ്പം നിന്ന് പ്രവര്‍ത്തിച്ച കറകളഞ്ഞ സഖാവ്. സമ്പത്തുണ്ടാക്കുന്നതിനേക്കാള്‍ പ്രദേശത്ത് പാര്‍ട്ടിയെ വളര്‍ത്തുന്നതിലായിരുന്നു ശ്രദ്ധ. ഇതിനു വേണ്ടിയാണ് അഭിലാഷ് അടക്കമുള്ളവരെ ചെറുപ്പത്തിലേ ചേര്‍ത്തു നിര്‍ത്തിയതും പഠിപ്പിച്ച് മുമ്പോട്ട് നയിച്ചതും. ഇതായിരുന്നു പി.വി സത്യനാഥിനെ കുറിച്ച് പാര്‍ട്ടിക്കാര്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത്. അഭിലാഷിനെ പഠിപ്പിച്ചതും വളര്‍ത്തിയും സത്യനാഥനായിരുന്നു, സത്യനാഥിന്റെ വീട്ടില്‍ നിന്നാണ് അഭിലാഷ് പഠിച്ചത്. ഈ മേഖലയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവര്‍ തമ്മിലെ വ്യക്തി വൈരാഗ്യമാത്രമായിരുന്നു ഉണ്ടായിരുന്നത്. പരോപകാരം ഒടുവില്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല സത്യനാഥന്‍. എന്നാല്‍, അഭിലാഷ് തക്കം പാര്‍ത്തു നടക്കുകയായിരുന്നു. വ്യക്തമായ പ്ലാനിംഗ് നേരത്തെ തന്നെ കൊലപാതകത്തിന് നടത്തിയിരുന്നു. കൊലപാതകത്തിന് പിന്തുണയും ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് പോലീസ് കരുതുന്നതും. കാരണം, കൊല നടത്തിയിട്ട് അഭിലാഷിന്റെ കൊലവിളി കാണിക്കുന്നത് ഇതാണ്.
പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കൊപ്പമായിരുന്നു അഭിലാഷിന്റെ ചങ്ങാത്തം. ഇത് സത്യനാഥന്‍ അംഗീകരിച്ചിരുന്നില്ല. ഇതാണ് ഇരുവരും തമ്മിലെ പ്രശ്നങ്ങള്‍ക്ക് പ്രധാനമായും കാരണമായത്. പി.വി സത്യനാഥിനെ നിഷ്‌ക്കരുണം കൊന്നിട്ട്, ഞാന്‍ കൊന്നിട്ടാണ് വന്നിരിക്കുന്നതെന്ന് പറയുമ്പോള്‍ത്തന്നെ എത്രത്തോളം പകയാണ് അഭിലാഷ് മനസ്സില്‍ നിറച്ചിരുന്നതെന്ന് വ്യക്തമാവുകയാണ്. സിപിഎമ്മിന്റെ മുന്‍ മുന്‍സിപ്പല്‍ ചെര്‍മാന്മാരുടെ അടക്കം ഡ്രൈവറുമായി ബന്ധമുള്ള അഭിലാഷ് മുമ്പ് സിപിഎം ഡിഫന്‍സ് ടീം അംഗമായിരുന്നു. മുമ്പും അക്രമ സംഭവങ്ങളില്‍ പങ്കാളിയായിട്ടുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലത്തിലേക്ക് അഭിലാഷ് മാറിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതും സത്യനാഥായിരുന്നു. സിപിഎം അനുഭാവി ഗ്രൂപ്പില്‍ അഭിലാഷ് ഉണ്ടായിരുന്നു.
ഇതിന്റെ ദേഷ്യത്തില്‍, സത്യനാഥിനെ കൊല്ലുമെന്ന് അഭിലാഷ് മുമ്പും പറഞ്ഞിട്ടുണ്ട്. നല്ല വൈരാഗ്യം സത്യനാഥാനെതിരെ ഉണ്ടായിരുന്നു. ‘ഞാന്‍ സത്യനെ തീര്‍ത്തിട്ട് വരികയാണ്’ എന്ന് പറഞ്ഞാണ് കൊലയ്ക്ക് ശേഷം സുഹൃത്തുക്കളെ അഭിലാഷ് കണ്ടത്. അതിന് ശേഷമായിരുന്നു പൊലീസില്‍ കീഴടങ്ങിയതും. സത്യനെ കൊല്ലാന്‍ അനുകൂല സമയം അഭിലാഷ് കണ്ടെത്തിയത് ക്ഷേത്ര ഉത്സവത്തിനിടെയാണ്. സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങാത്ത വിധമായിരുന്നു കൊല. സിസിടിവിയുടെ ദിശയടക്കം മനസ്സിലാക്കിയാണ് അഭിലാഷ് കൃത്യം നിര്‍വ്വഹിച്ചത്. നിലവിളി ഉച്ചത്തില്‍ കേട്ടാലും ഉത്സവത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാനും വഴിയില്ല. അതുകൊണ്ട് തന്നെ സത്യനെ കൊന്നതില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നാണ് നിഗമനം.
കഴിഞ്ഞ ദവിസം രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തില്‍ നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ. സത്യന്റെ ഡ്രൈവറായിരുന്നു. ഇയാള്‍ക്ക് സത്യനാഥനോട് തീര്‍ത്താല്‍ തീരാത്ത വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തി. സത്യനാതിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് കണ്ടെത്തട്ടെയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു.
കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും മോഹനന്‍ പറഞ്ഞു. എന്നാല്‍, കൊലപാതകത്തിന് കാരണം വ്യക്തി വിരോധം എന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണും പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സത്യനാഥന്റെ മൃതദേഹം വിട്ടുനല്‍കും. മൃതദേഹം കൊയിലാണ്ടി നഗരസഭാ ഓഫീസിലും സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനത്തിനു വെക്കുമെന്നാണ് അറിയുന്നത്. അതേസമയം, പ്രതിയും മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അഭിലാഷിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. പ്രതി കുറ്റം സമ്മതിച്ചതായും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വടകര ഡിവൈഎസ്പി അറിയിച്ചു. കഴുത്തിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.
പോലീസ് പറയുന്നതിങ്ങനെ:
പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥന്‍ പലവട്ടം ചോദ്യം ചെയ്തതാണ് കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ വാക്കുതര്‍ക്കമുണ്ടായതായും സൂചനയുണ്ട്. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യന്‍ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ.സത്യന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. രണ്ട് വര്‍ഷം മുന്‍പ് അഭിലാഷ് സത്യന്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്. 2015ല്‍ അഭിലാഷിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിലുള്ള എതിര്‍പ്പും ഇയാള്‍ക്ക് സത്യനാഥിനോടുണ്ടായിരുന്നു. സംഭവസ്ഥലത്ത് വിശദമായ അന്വേഷണം നടത്തും. കൃത്യത്തില്‍ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറയുന്നു.
ബ്രാഞ്ച് സെക്രട്ടറി ഷീജ
അതേസമയം, പിവി സത്യനാഥന്റെ കൊലപാതകം വ്യക്തമായ പ്ലാനിങ് നടത്തി ചെയ്തതാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഷീജ. കസ്റ്റഡിയിലുള്ള അഭിലാഷിന് സത്യനാഥനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നു. കൃത്യമായ പ്ലാനിങ് ഇല്ലാതെ ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. അഭിലാഷിന് ഒറ്റയ്ക്ക് ഇത്രയും തിരക്കേറിയ സ്ഥലത്ത് വച്ച് കൊലപാതകം ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ക്ക് പിന്നില്‍ മറ്റു ചിലരുണ്ടെന്നും ഷീജ പറഞ്ഞു. സത്യനാഥിന്റെ വീട്ടില്‍ നിന്നും വെറും 200 മീറ്റര്‍ മാത്രം അകലെയാണ് അഭിലാഷിന്റെ താമസവും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍
സമൂഹ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന നിഷ്ഠൂരമായ കൊലപാതകമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലുണ്ടായിരിക്കുന്നത്. പൊതുജനങ്ങളുടെയാകെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി പൊരുതുകയും ചെയ്ത ഉത്തമനായ കമ്യൂണിസ്റ്റും മികച്ച പാര്‍ട്ടി പ്രവര്‍ത്തനുമായിരുന്നു വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഐ എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥ്. സത്യനാഥിന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിഷ്ഠൂരമായാണ് സത്യനാഥിനെ കൊലപ്പെടുത്തിയത്. ആയുധങ്ങളുമായി കരുതിക്കൂട്ടിയെത്തിയ പ്രതി സത്യനാഥിനെ ക്ഷേത്രോത്സവത്തിനിടെ വെട്ടിക്കൊല്ലുകയായിരുന്നു. സത്യനാഥിന്റെ വേര്‍പാടില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിലും രോഷത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റി പങ്കുചേരുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സംയമനത്തോടെ ഇടപെടണം.