ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ സിംഹാസനമാണ് തന്റേത് എന്നാണ് കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന്റെ ഭാവം. പകിടകളിയിൽ തോറ്റ് കേന്ദ്രാധികാരത്തിന്റെ ഭൂതത്താൻ കോട്ടയിൽ എന്നെന്നേയ്ക്കുമായി ദാസ്യവൃത്തിയ്ക്കു വിധിക്കപ്പെട്ട കീഴാളപദവിയിലാണ് അവർ ഇന്ത്യയിലെ സംസ്ഥാനങ്ങളെ കാണുന്നത്. അങ്ങനെയല്ല എന്ന് അവരെ ബോധ്യപ്പെടുത്താൻ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മുൻകൈയെടുക്കണം. അസഹനീയമാംവിധം അധികാരഭ്രാന്ത് മൂർച്ഛിച്ച അവസ്ഥയിലാണവർ.
ഇത്ര നിശിതമായ ഭാഷയിൽ വിമർശിക്കുന്നതിന് കാരണമുണ്ട്. കേന്ദ്രസർക്കാരിന്റെ സാമ്പത്തികവിവേചനത്തിനെതിരെ കേരളം കൊടുത്ത കേസിൽ കേന്ദ്രം കാണിക്കുന്ന അസഹിഷ്ണുത കാണുമ്പോഴറിയാം, അവരെ ബാധിച്ചിരിക്കുന്ന അധികാരഭ്രാന്തിന്റെ ആഴം. സുപ്രിംകോടതിയെ സമീപിച്ച്, കേരളം നിയമപോരാട്ടത്തിനിറങ്ങിയത് കേന്ദ്രം വാഴുന്ന പൊന്നു തമ്പുരാന്മാർക്ക് തീരെ ബോധിച്ചിട്ടില്ല. ശിരസു കുനിച്ചും നട്ടെല്ലു വളച്ചും മുട്ടിലിഴഞ്ഞും കേരളം തങ്ങളുടെ മുന്നിൽ കെഞ്ചിക്കേഴുമെന്നാണ് കൊടുമൺ പോറ്റിമാരുടെ കേന്ദ്രസ്വരൂപങ്ങൾ ധരിച്ചതെങ്കിൽ അവർക്കു തെറ്റി. ഇത് നാടു വേറെയാണ്.
ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചൂകൂടേ എന്ന് നിർദ്ദേശിച്ചത് സുപ്രിംകോടതിയാണ്. കേന്ദ്രത്തിന്റെ വാദം കേട്ടപാടെ കേരളത്തിന്റെ ഹർജി തള്ളുകയല്ല സുപ്രിംകോടതി ചെയ്തത് എന്ന് ഓർമ്മിക്കുക. ആ ചർച്ചയിലാണ് കോടതി നിർദ്ദേശിച്ച പ്രകാരം ചർച്ചയ്ക്കു ചെന്നപ്പോഴാണ് കേന്ദ്രസർക്കാരിന്റെ മുഷ്കും മുരടത്തരവും വെളിയിൽ ചാടിയത്.
കേസ് പിൻവലിച്ചാൽ പതിമൂവായിരം കോടിയുടെ വായ്പയെടുക്കാൻ അനുവദിക്കാമത്രേ. അധികാരത്തിന്റെ ധാർഷ്ട്യം നോക്കൂ. അർഹതപ്പെട്ടത് ആദ്യം തടഞ്ഞു വെയ്ക്കുന്നു. തടസം നീക്കി അർഹതപ്പെട്ടത് നൽകണമെന്ന് മാന്യമായി എത്രയോ തവണ നാം പറഞ്ഞതാണ്. മുട്ടാപ്പോക്കും അധിക്ഷേപവുമായിരുന്നു മറുപടി. സഹിക്കാവുന്നതിന്റെ സീമകളെല്ലാം കഴിഞ്ഞപ്പോഴാണ് നാം നീതി തേടി സുപ്രിംകോടതിയെ സമീപിച്ചത്. ആ കേസ് മാടമ്പിത്തരത്തിന്റെ മുഖത്തേറ്റ പ്രഹരമായി. ഇപ്പോപ്പറയുന്നു, കേസു പിൻവലിച്ചാൽ അർഹതപ്പെട്ട വായ്പയെടുക്കാൻ അനുവാദം തരാമെന്ന്. സുപ്രിംകോടതിയുടെ നിർദ്ദേശത്തെ തുടർന്ന് നടന്ന ഉഭയകക്ഷി ചർച്ചയിലാണ് വാടകഗുണ്ടകളുടെ ഭാഷയിലുള്ള കേന്ദ്ര ഉദ്യോഗസ്ഥരുടെ ഈ വർത്തമാനം.
അർഹതപ്പെട്ട പണം കേന്ദ്രം തരുന്നില്ല എന്ന പൂർണ ബോധ്യമുള്ളതുകൊണ്ടാണല്ലോ കേരളം സുപ്രിംകോടതിയെ സമീപിച്ചത്. നമ്മുടെ അർഹത പരമോന്നത കോടതിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്ന പൂർണബോധ്യം നമുക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ആ അറ്റകൈ പ്രയോഗത്തിന് സംസ്ഥാനം മുതിർന്നത്. കേന്ദ്രത്തിന് എന്തിനാണിത്ര വേവലാതി? കേന്ദ്രത്തിന്റെ ഭാഗത്ത് ശരിയുണ്ടെങ്കിൽ, അത് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയാൽ പോരേ. കേസ് നിഷ്പ്രയാസം ജയിക്കാമല്ലോ. അങ്ങനെ നിഷ്പ്രയാസം ജയിക്കാവുന്ന കേസല്ല ഇത്. പക്ഷേ, കാണിച്ചുകൂട്ടുന്നത് എന്താണ്?
പരിധി കവിഞ്ഞ് കേരളം വായ്പയെടുത്തുവെന്നാണല്ലോ ഇതേവരെ അപഹസിച്ചു നടന്നത്. ഇപ്പോ ഈ പതിമൂവായിരം കോടിയുടെ കണക്കെവിടുന്നു വന്നു? അർഹതപ്പെട്ട പതിമൂവായിരം കോടി പിടിച്ചുവെച്ചിരിക്കുകയാണ് എന്ന് സുപ്രിംകോടതിയ്ക്കു മുന്നിലും സമ്മതിച്ചിട്ടില്ല. കള്ളക്കണക്കും ദുർവ്യാഖ്യാനങ്ങളും നിരത്തി കേരളത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുകയായിരുന്നു ഇതുവരെ. സുപ്രിംകോടതി ഇടപെട്ടപ്പോഴാണ് കേരളത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കേന്ദ്രത്തിന് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നത്. അത് സമ്മതിച്ചു തരുന്നതിന്റെ ജാള്യമാണ് ഭീഷണിയുടെ സ്വരത്തിൽ മുഴങ്ങിയത്.
ചർച്ചയിൽ കേന്ദ്രത്തിന് സമ്മതിക്കേണ്ടി വന്നത് എന്തൊക്കെയാണ്?
(1) വൈദ്യുതി മേഖലയ്ക്കുള്ള പ്രത്യേക ധനസഹായത്തിനു കേന്ദ്ര സർക്കാർവച്ച നിബന്ധനകളെല്ലാം കേരളം പാലിച്ചിട്ടുണ്ട്. അതുകൊണ്ട് 4866 കോടി രൂപ കേരളത്തിന് അർഹതയുണ്ട്. മറ്റു സംസ്ഥാനങ്ങൾക്ക് ഈ പണം കൈമാറിക്കഴിഞ്ഞു.
(2) 2017 മുതൽ പബ്ലിക് അക്കൗണ്ടിൽ അതായത് ട്രഷറി സേവിംഗ്സ് ബാങ്കിൽ ഉണ്ടാകുന്ന വർദ്ധന സംസ്ഥാന വായ്പയും തട്ടിക്കിഴിക്കുന്ന പതിവ് കേന്ദ്ര സർക്കാർ ആരംഭിച്ചു. ട്രഷറി സേവിംഗ്സിൽ ജനങ്ങളുടെ ഡെപ്പോസിറ്റ് മാത്രമല്ല, സെക്യൂരിറ്റിയായി ലഭിക്കുന്ന പണം, ജീവനക്കാരുടെ പിഎഫ് തുടങ്ങിയവയെല്ലാം ഉൾപ്പെടും. ഇവയെല്ലാം വായ്പയായി വെട്ടിക്കുറയ്ക്കുന്നത് അന്യായമാണ്. ഏതായാലും കേന്ദ്രം നിയമം മാറ്റിയതിനുസരിച്ച് പണ്ടത്തെപ്പോലെ പബ്ലിക് അക്കൗണ്ട് വഴി വിഭവസമാഹരണം നാം നടത്താറില്ല. എന്നാൽ പണ്ടത്തെപ്പോലെ പബ്ലിക് അക്കൗണ്ടിലെ കണക്കുകൾ എജി ഓഡിറ്റിലൂടെ അന്തിമമാകുന്ന മുറയ്ക്ക് സർക്കാരിന് അധികമായി ലഭിക്കേണ്ട 4323 കോടി രൂപയുടെ വായ്പ സംസ്ഥാനത്തിനു കൂടുതലായി എടുക്കാൻ അർഹതയുണ്ടെന്ന് അംഗീകരിച്ചു.
(3) 3 ശതമാനമാണല്ലോ വായ്പയെടുക്കാൻ അവകാശം. എന്നാൽ കേന്ദ്ര സർക്കാർ കണക്കു കൂട്ടാൻ ഉപയോഗിച്ച സംസ്ഥാന ജിഡിപി തുകയും യഥാർത്ഥത്തിലെ സംസ്ഥാന ജിഡിപിയും തമ്മിൽ വ്യത്യാസമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 1877 കോടി രൂപ കൂടി കേരളത്തിനു ന്യായമായി വായ്പയെടുക്കാൻ അവകാശമുണ്ട്.
(4) കിഫ്ബിയും മറ്റും എടുത്ത വായ്പ നമ്മുടെ വായ്പയിൽ നിന്നും വെട്ടിക്കുറയ്ക്കുന്നുണ്ടല്ലോ. അപ്പോൾ സ്വാഭാവികമായും കിഫ്ബിയുടെ തിരിച്ചടവ് ആ വെട്ടിക്കുറവിൽ നിന്ന് കിഴിക്കണം. ഇതും ന്യായമാണെന്ന് അംഗീകരിച്ചു. ഈ ഇനത്തിൽ 2543 കോടി രൂപ അധിക വായ്പയെടുക്കാൻ കേരളത്തിന് അവകാശമുണ്ട്.
അങ്ങനെ മൊത്തം 13,609 കോടി രൂപ ഈ വർഷം കേന്ദ്രം ഇപ്പോൾ അനുവദിച്ചതിനേക്കാൾ കൂടുതലായി വായ്പയെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. അത് സമ്മതിക്കാതെ വഴിയില്ലെന്നായി. പക്ഷേ, ചർച്ചയുടെ അവകാശം കേന്ദ്ര ധനമന്ത്രിയോട് ആലോചിച്ചശേഷം കേന്ദ്ര ഉദ്യോഗസ്ഥർ ഒരു നിബന്ധന വച്ചു. ഇത്രയും വായ്പയെടുക്കാൻ അനുവദിക്കാം. പക്ഷേ, കേസ് പിൻവലിക്കണം. അതിനു കഴിയില്ലായെന്നു കേരളവും പറഞ്ഞു.
പക്ഷേ, യോഗം അവസാനിക്കും മുമ്പ് മറ്റൊരു സംഭവംകൂടി ഉണ്ടായി. കേരളം യോഗത്തിന്റെ മിനിറ്റ്സ് ആവശ്യപ്പെട്ടു. കേന്ദ്ര ഉദ്യോഗസ്ഥർ അതും നൽകി. അതിൽ മേൽപ്പറഞ്ഞ നാല് കാര്യങ്ങളും സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അത് അനുവദിക്കണമെങ്കിൽ കേസ് പിൻവലിക്കണമെന്നുകൂടി മിനിറ്റ്സിൽ ഉണ്ടായിരുന്നു. ഇതാണ് സുപ്രിംകോടതിയിൽ വന്നതും വലിയ വാദപ്രതിവാദത്തിന് ഇടയാക്കിയതും.
കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാണ്. അവിടെ നിന്ന് എന്തെങ്കിലും കിട്ടണമെങ്കിൽ നാം ബിജെപി സർക്കാരിനും അവരുടെ നയങ്ങൾക്കും മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കണം. ഇല്ലെങ്കിൽ സാമ്പത്തികമായി വരിഞ്ഞു മുറുക്കും. അധികാരത്തിന്റെ ഭൂതത്താൻ കോട്ട അടക്കിഭരിക്കുന്ന തങ്ങളെ ചോദ്യം ചെയ്യാനും ധിക്കരിക്കാനും കേരളം മുതിരേണ്ടെന്നാണ് ഈ ചെയ്തികളുടെ നാനാർത്ഥം.
അതിനു വഴങ്ങാൻ ഇടതുസർക്കാർ തയ്യാറല്ല. എത്രവട്ടം വേണമെങ്കിലും ഇക്കൂട്ടരുടെ മുഖത്തുനോക്കി അതുപറയാനും നമുക്ക് നട്ടെല്ലുണ്ട്. പക്ഷേ, കേന്ദ്രസർക്കാരിന്റെ ഈ നിലപാടിനോട് യുഡിഎഫ് എന്തുസമീപനമാണ് സ്വീകരിക്കുക. പണം കേന്ദ്രത്തിന് ഇഷ്ടമുണ്ടെങ്കിൽ തരും. വായ്പാപരിധി ഇഷ്ടംപോലെ നിശ്ചയിക്കും. അതിനൊന്നും നിയമപരിഹാരം തേടി കോടതിയെയൊന്നും സമീപിച്ചിട്ട് കാര്യമില്ല. ഇതൊക്കെ തുറന്നു പറയാനും മിനിട്സിൽ എഴുതിവെച്ച് രേഖയാക്കാനും കേന്ദ്രം വാഴുന്നവർക്ക് മടിയും സങ്കോചവുമൊന്നുമില്ല.
അങ്ങനെയൊക്കെ കാണിക്കുന്നതിൽ യുഡിഎഫിനും പ്രതിഷേധമൊന്നുമില്ല. ബിജെപിയിൽ ചേക്കേറാൻ നട്ടെല്ലും വളച്ച് ഊഴം കാത്തു നിൽക്കുന്നവരിൽ നിന്ന് നീതിയ്ക്കും നിയമത്തിനും നിരക്കുന്ന നിലപാട് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അക്കാര്യം ആവർത്തിച്ചു തെളിയിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സംവിധാനം.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്