ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസ്സും ചക്രകശ്വാസം വലിച്ചു തുടങ്ങിയിരിക്കുകയാണ്. സി.പി.എമ്മിന്റെ കനല്‍ത്തരിയോട് ഏറ്റുമുട്ടാന്‍ ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയാത്ത ഗതികേടിലാണ് കോണ്‍ഗ്രസ് എത്തി നില്‍ക്കുന്നത്. എന്നാല്‍, ആരിഫിനെതിരേ മത്സരിക്കാന്‍ നിരവധി പേരുകള്‍ കോണ്‍ഗ്രസിന്റെ പോക്കറ്റിലുണ്ട്. പക്ഷെ, ഇവരാരും കെട്ടിവെച്ച കാശുപോലും തിരിച്ചു കിട്ടാതെ തോറ്റു പോകുമെന്ന് കോണ്‍ഗ്രസ്സിനു തന്നെ ഉറപ്പാണ്. കെ. സുധാകരന്‍ മുതല്‍ ഷാനിമോള്‍ ഉസ്മാന്‍ വരെ ഈ പട്ടികയിലുണ്ട്. പോരെങ്കില്‍ എം.എം. ഹസനും, എ.എ ഷുക്കൂറും മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ആലപ്പുഴയില്‍ ആരിഫിനെതിരേ മത്സരിച്ചത് ഷാനിമോള്‍ ഉസ്മാനാണ്. ഇത്തവണ ഷാനിമോള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ആരുവന്നാലും മണ്ഡലം വിട്ടു കൊടുക്കില്ലെന്നു മാത്രമല്ല, പരാജയത്തിന്റെ കയ്പ്പുനീരും കുടിപ്പിച്ചേ വിടൂ എന്നാണ് എ.എം. ആരിഫും സി.പി.എമ്മും പറയുന്നത്. കാരണം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റും കൈവിട്ടപ്പോള്‍ ആലപ്പുഴയാണ് സി.പി.എമ്മിനെ പിടിച്ചു നിര്‍ത്തിയത്. അതുകൊണ്ടു തന്നെ ആലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മറ്റൊരാളെക്കുറിച്ച് പാര്‍ട്ടി ചിന്തിക്കാന്‍ പോലും സമയം കളഞ്ഞില്ലെന്നതാണ് വസ്തുത. ഇത്തവണയും എല്‍.ഡി.എഫിന്റെ ഉറപ്പായ സീറ്റാണ് കിഴക്കിന്റെ വെനീസായ ആലപ്പുഴ.

എന്നാല്‍, തര്‍ക്കവും തമ്മില്‍ത്തല്ലും കഴിഞ്ഞ് തനിക്കു പോന്നൊരു എതിരാളിയെ കോണ്‍ഗ്രസ് എപ്പോള്‍ ഇറക്കുമെന്ന ചിന്ത മാത്രമേ ആരിഫിന്റെ മുന്നിലുള്ളൂ. കെ.സി. വേണുഗോപാല്‍ മത്സരിച്ചേക്കും എന്നൊരു അഭ്യൂഹമുണ്ടെങ്കിലും അങ്ങനെയൊരു മണ്ടത്തരം കെ.സി കാണിക്കില്ലെന്നുറപ്പണ്. രണ്ടര വര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി കോണ്‍ഗ്രസ്സില്‍ നടക്കാന്‍ പോകുന്നത് കൂട്ടത്തല്ലാണ്. ആ തല്ലിന് പരിസമാപ്തി വരുത്തുന്നത് ഹൈക്കമാന്റില്‍ നിന്നുള്ള സമവായ മുഖ്യമന്ത്രിയെ നിര്‍ദ്ദേശിച്ചായിരിക്കും. ആ പേരുകാരന്‍ കെ.സി വേണുഗോപാല്‍ ആയിരിക്കുമെന്ന് ഇപ്പോഴേ കണക്കു കൂട്ടി ഇരിക്കുകയാണ് കെ.സി. അതുകൊണ്ട് ലോക്‌സഭാ സീറ്റില്‍ കൊണ്ട് തലവെക്കില്ലെന്നുറപ്പാണ്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് പിന്നെയുള്ള പ്രമുഖന്‍. കണ്ണൂരിലാണെങ്കില്‍ സുധാകരന്‍ മത്സരിക്കും. ആലപ്പുഴയിലേക്ക് വണ്ടി കയറാന്‍ സുധാകരന്‍ തയ്യാറാകുമോയുന്നും സംശയമുണ്ട്. പകരം ആരെന്നുള്ള ചോദ്യമാണ് കീറാമുട്ടിയായി നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മുസ്ലീം ലീഗ് മൂന്നാം സ്ഥാനാര്‍ത്ഥി എന്ന ആവശ്യം ശക്തമാക്കും. ആലപ്പുഴയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി മുസ്ലീം ആയതു കൊണ്ടുതന്നെ കോണ്‍ഗ്രസ് കണ്ടെത്തേണ്ട സ്ഥാനാര്‍ഥിയും മുസ്ലീം വിഭാഗത്തില്‍ നിന്നു തന്നെ ആകണമെന്ന സാമാന്യ ചിന്തയാണ് ഉണ്ടാകേണ്ടത്. അതാണ് കഴിഞ്ഞ തവണ ഷാനിമോള്‍ ഉസ്മാന് സീറ്റ് നല്‍കിയതും. മറ്റെല്ലാം മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ഷാനിമോള്‍ മാത്രം പരാജയപ്പെട്ടതോടെ കോണ്‍ഗ്രസിന് വിശ്വാസംം നഷ്ടമായി. ഇതാണ് ഇത്തവണ ഷാനിമോളെ പരിഗണിക്കാന്‍ തയ്യാറാകാതിരിക്കുന്നത്.

എങ്കിലും സ്ഥാനാര്‍ഥികളായി മറ്റാരെയും കിട്ടിയില്ലെങ്കില്‍ ആലപ്പുഴ ടിക്കറ്റ് ഷാനിമോള്‍ക്ക് തന്നെ കിട്ടിയേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ നടന്‍ സിദ്ദീഖിന്റെ പേരും കോണ്‍ഗ്രസ് പാളയങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍, സിദ്ദീഖ് മത്സരിക്കില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. സി.പി.എം ഇപ്പോള്‍ തന്നെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഇതില്‍ നാലു സ്ഥാനാര്‍ത്ഥികള്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളതാണ്. എളമരം കരീം, എ.എം ആരിഫ്, വി. വസീഫ്, കെ.എസ് ഹംസ എന്നിവരാണ്. സി.പി.എം മുസ്ലീം വിഭാഗത്തിന് ഇത്രയും പ്രാധാന്യം നല്‍കുമ്പോള്‍ കോണ്‍ഗ്രസിനും കുറയ്ക്കാനാവില്ല.

ഇതുകൂടി പരിഗണിച്ചാണ് മുസ്ലീം ലീഗ് മൂന്നാമത്തെ സീറ്റിനു വേണ്ടി വാദം കടുപ്പച്ചിരിക്കുന്നത്. മറ്റെല്ലാ മണ്ഡലങ്ങളും വിജയിക്കുമെന്നു വിശ്വസിക്കുകയും ആലപ്പുഴയില്‍ മാത്രം പരാജയപ്പെടുമെന്നുറപ്പിക്കുകയും ചെയ്യുമ്പോള്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















