സൗത്താംപ്ടൺ ∙ കൈരളി യുകെ സൗത്താംപ്ടൺ ആൻഡ് പോർട്ട്സ്മൗത്ത് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സംഗീത നൃത്ത സന്ധ്യ ഈ മാസം 24 ന് സൗത്താംപ്ടനിൽ നടക്കും. ആഘോഷങ്ങൾക്ക് ഒപ്പം സമൂഹ നന്മയ്ക്കായ് ഏഷ്യൻ വംശജരായ കാൻസർ രോഗികളുടെ ചികിത്സയെ സഹായിക്കുന്നതിനുള്ള സ്റ്റെം സെൽ ഡോണർ റജിസ്ട്രേഷനും നടത്തപ്പെടും. കഴിഞ്ഞ വർഷം നൂറോളം കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ സർഗ്ഗസന്ധ്യയ്ക്ക് സൗത്താംപ്ടണിലെ സഹൃദയർ നൽകിയ സ്നേഹാദരങ്ങളിൽ നിന്നും ആവേശമുൾകൊണ്ട് ഈ വർഷം വിപുലമായൊരു കലാമാമാങ്കമാണു ഒരുക്കിയിരിക്കുന്നതെന്ന് കൈരളി യുകെ സൗത്താംപ്ടൺ ആൻഡ് പോർട്ട്സ്മൗത്ത് യൂണിറ്റിന്‍റെ സെക്രട്ടറി ജോസഫ് റ്റി. ജോസഫ് അറിയിച്ചു.
പൊതുസമൂഹത്തിലെ എല്ലാവർക്കും ഒരു പോലെ പങ്കാളിത്തം ഉറപ്പ് വരുത്തുവാൻ ഈ വർഷവും പ്രവേശനം സൗജന്യമാക്കിയതായി സംഘാടകർ അറിയിച്ചു. ഒപ്പം ചായയും പലഹാരവും സൗജന്യമായും നാടൻ ഭക്ഷണം മിതമായ വിലയിലും കൗണ്ടറുകളിൽ ലഭ്യമാകും. ആഘോഷങ്ങളുടെ ഉദ്ഘാടനം കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് നടത്തുന്നതും പ്രമുഖർ ആശംസകൾ അർപ്പിക്കുന്നതുമായിരിക്കും. കലാസ്വാദകർക്ക് സ്വയം മറന്ന് ആഘോഷിക്കാനും ആസ്വദിക്കാനുമായി ഒരുക്കുന്ന ഈ സുവർണ്ണസന്ധ്യയെ അവിസ്മരണീയമാക്കാൻ നിരവധി കലാകാരന്മാർ അതിഗംഭീരങ്ങളായ കലാവിഭവങ്ങളുമായി തയാറായതായി സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ