തലശ്ശേരി: കാലഹരണപ്പെട്ടവന്യ ജീവി നിയമങ്ങളിൽ മാറ്റം വരുത്താത്തതിനെതിരെ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകർക്ക് വേണ്ടി മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെൻ്റും നിയമസഭയും ഈ നിയമം നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ മലയോര ജനത മൃഗങ്ങളെ നേരിടും. കർഷകരുടെ മരണവാറൻ്റ് ആണ് 72 ലെ നിയമം. പൗരനെ ജീവിക്കാൻ അനുവദിക്കാത്ത ഒരു നിയമവും അനുസരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി സംരക്ഷണ നിയമം കലോചിതമായി പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ കൊണ്ടു നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സർവതിനും കേന്ദ്രത്തെ പഴിക്കുന്ന ഇടത് സർക്കാരിൻ്റെ എംപിമാർക്ക് കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ഇല്ലാതാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്.സർക്കാർ ഇതൊന്നും കാണുന്നില്ലേ? കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി വന്നിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്താണ് നടപടി സ്വീകരിക്കാത്തതെന്നും ബിഷപ്പ് ജോസഫ് പ്ലാംപാനി ചോദിച്ചു
















