തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നേക്കൂട്ടി സ്ഥാനാര്‍ഥി നിര്‍ണ്ണവും പ്രഖ്യാപനവും നടത്താനൊരുങ്ങി ഇരിക്കുകയാണ് സി.പി.എം. കഴിഞ്ഞ തവണ ആലപ്പുഴയില്‍ മാത്രം വിജയിച്ച എ.എം ആരിഫിനെ ‘കനലൊരുതരി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ആ കനല്‍ത്തരിയില്‍ നിന്നും ഇത്തവണ വിജത്തിന്റെ ഒരാഴിതന്നെ തീര്‍ക്കാനാണ് ലക്ഷ്യം. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിജയ സാധ്യതയുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന ശാഠ്യം പാര്‍ട്ടിക്കുണ്ടായിരുന്നു.
ഇതോടെ, സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചവരിലേറെയും മുന്‍നിര നേതാക്കള്‍. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം.പി., മൂന്ന് എം.എല്‍.എ.മാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നിലേക്കു ചുരുങ്ങിയ ലോക്സഭാംഗത്വം പ്രമുഖനേതാക്കളെ അങ്കത്തട്ടിലിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. പി.ബി. അംഗം എ. വിജയരാഘവന്‍ പാലക്കാടും, എളമരം കരീം എം.പി. കോഴിക്കോടും, കെ.കെ. ശൈലജ വടകരയും, മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരിലും, ടി.എം തോമസ് ഐസക് പത്തനംതിട്ടയിലും മത്സരിക്കാനിറങ്ങുകയാണ്.
മൂന്ന് ജില്ലാസെക്രട്ടറിമാരെ രംഗത്തിറക്കിയതാണ് മറ്റൊരു അപൂര്‍വത. തിരുവനന്തപുരം ജില്ലാസെക്രട്ടറി വി. ജോയ് ആറ്റിങ്ങലും, കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ കണ്ണൂരും, കാസര്‍കോട് ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ കാസര്‍ഗോഡ് മണ്ഡലത്തിലും സ്ഥാനാര്‍ഥികളാകും. ആലപ്പുഴയില്‍ സിറ്റിംഗ് എം.പി. എ.എം. ആരിഫ് തന്നെയാണ് സ്ഥാനാര്‍ഥി. കൊല്ലത്ത് എം.എല്‍.എ.യും ചലച്ചിത്ര താരവുമായ എം. മുകേഷിനെ രംഗത്തിറക്കും.
മുന്‍മന്ത്രി സി. രവീന്ദ്രനാഥ് ചാലക്കുടിയിലും മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ് ഇടുക്കിയിലും മത്സരിക്കും. മലപ്പുറത്ത് യുവമുഖമായ ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് വി. വസീഫാണ് പട്ടികയിലുള്ളത്.
മുസ്ലിംലീഗിലെ വിമതനേതാവ് കെ.എസ്. ഹംസയെ പൊന്നാനിയില്‍ ഇറക്കാനുള്ള തീരുമാനത്തിലും വിജയലക്ഷ്യംതന്നെ. അധ്യാപകസംഘടനാ നേതാവ് കെ.ജി. ഷൈനാണ് പട്ടികയിലെ മറ്റൊരു പുതുമുഖം. പാര്‍ട്ടിപദവി വഹിക്കുന്നവര്‍ പാര്‍ലമെന്ററി സ്ഥാനത്ത് വേണ്ടെന്ന പൊതുതീരുമാനത്തില്‍ വി. ജോയിക്ക് ഇളവുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാസെക്രട്ടറിയും വര്‍ക്കല എം.എല്‍.എ.യുമാണ് അദ്ദേഹം. ഇപ്പോള്‍ ലോക്സഭാ സ്ഥാനാര്‍ഥി എന്ന മൂന്നാമതൊരു സ്ഥാനത്തേക്കുകൂടി ജോയ് പരിഗണിക്കപ്പെട്ടതാണ് പ്രത്യേകത.
സ്ഥാനാര്‍ത്ഥികളുടെ ചിത്രവും, ചരിത്രവും
***********************************************************
എ. വിജയ രാഘവന്‍ (പൊളിറ്റ് ബ്യൂറോ മെമ്പര്‍)
1956 മാര്‍ച്ച് 23ന് മലപ്പുറത്ത് ജനിച്ചു. ആപമ്പാടന്‍ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനാണ്. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെ പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റിയായ പൊളിറ്റ് ബ്യൂറോയിലേക്ക് നിയോഗിക്കപ്പെട്ടു. ഒരു തവണ ലോക്‌സഭാംഗമായും രണ്ട് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) കണ്‍വീനറും കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ല്‍ കൊടിയേരി ബാലകൃഷ്ണന്‍ രോഗബാധിതനായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഗവണ്മെന്റ് കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദം നേടി. കോഴിക്കോട് ഗവ. ലോകോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 2014 ല്‍ പതിനാറാം ലോകസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവും കേരളവര്‍മ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുന്‍ അദ്ധ്യാപികയുമായ ആര്‍ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണനാണ് ഏക മകന്‍.
എം.വി ജയരാജന്‍ (കണ്ണൂര്‍ ജില്ലാ സെക്രട്ടറി)
ജനനം 1960 മേയ് 24 ന് വി കെ കുമാരന്‍, എം. വി. ദേവകി എന്നിവരുടെ മകനായി ജനനം. കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയാണ് സ്വദേശം. സി.പി.ഐ(എം) സംസ്ഥാനകമ്മറ്റി അംഗവും, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമാണ് നിലവില്‍. അതിനു മുമ്പ് മുഖ്യമന്ത്രിയുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ എടക്കാട് മണ്ഡലത്തില്‍ നിന്നും പതിനൊന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.വൈ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിയമബിരുദധാരിയാണ്. ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് ആക്ഷേപിച്ചതിനാല്‍ ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആറു മാസത്തെ സാധാരണ തടവിനും 2000 രൂപ പിഴയ്ക്കും 2011 നവംബര്‍ 8-ന് ശിഷിച്ചിച്ചുണ്ട്. 2010 ജൂണ്‍ 26ന് കണ്ണൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇദ്ദേഹം കോടതിയുടെ വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ പരാമര്‍ശം നടത്തിയത്. അപ്പീല്‍ നല്‍കാനുള്ള അവകാശം നിഷേധിച്ച ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമര്‍ശിക്കുകയും സ്വാഭാവിക നീതി നല്‍കേണ്ടതായിരുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നവംബര്‍ 15ന് ജയരാജന് ജാമ്യം അനുവദിച്ചത്. അതോടൊപ്പം പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി പിഴയിട്ട രണ്ടായിരം രൂപ കെട്ടിവയ്ക്കാനും ഉത്തരവിട്ടു. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ നവംബര്‍ 16ന് ജയരാജന്‍ ജയില്‍ മോചിതനാവുകയും ചെയ്തു. ജയരാജനെ പാര്‍ട്ടി അണികള്‍ സംസ്ഥാനത്തൊട്ടാകെ സ്വീകരണം നല്‍കിയാണ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഭാര്യ കെ. ലീന,
വി. ജോയ് (തിരുവനന്തപുരം ജില്ലാ സെക്രട്ടറി)
പെരുങ്ങുഴി പി.കെ. വിജയന്‍ ടി. ഇന്ദിര ദമ്പതികളടെ മകനായി 1965 മേയ് 10ന് ജനനം. നിലവില്‍ വര്‍ക്കല എം.എല്‍.എയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമാണ്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എസ്എഫ്‌ഐയിലൂടെ വളര്‍ന്നു വന്ന ജോയ് കേരള സര്‍വകലാശാല സെനറ്റംഗവുമായി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം, അഴൂര്‍ പഞ്ചായത്ത് അംഗം, ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ മാറ്റിയാണ് വി.ജോയി തല്‍സ്ഥാനത്തെത്തിയത്. ഭാര്യ എസ്. സുനിത, രണ്ട് മക്കള്‍
എളമരം കരീം (കേന്ദ്ര കമ്മിറ്റി അംഗം, രാജ്യ സഭാ എം.പി)
എളമരത്ത് ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി 1953 ജൂലൈ 1ന് ജനനം. നിലവില്‍ രാജ്യ സഭാ എം.പിയാണ്. സി.ഐ.ടി.യു സംസഥാന ജനറല്‍ സെക്രട്ടറി, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 1996ല്‍ കോഴിക്കോട് രണ്ടില്‍ നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെ നിന്ന് ജനവിധി തേടി. 2006ല്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലെത്തി എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. 2011ലും ബേപ്പൂരില്‍ നിന്നും വിജയിച്ചു നിയമസഭയിലെത്തി. 1971-ല്‍ കെ.എസ്.എഫിലൂടെയാണ് എളമരം കരീമിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1973ല്‍ കെ.എസ്.വൈ.എഫില്‍ അംഗമായി. ഇക്കാലത്ത് ഏറനാട് താലൂക്ക് കമ്മിറ്റിയില്‍ അംഗമായിരുന്നു. 1974ല്‍ സി.പി.ഐ.(എം), സി.ഐ.ടി.യു സംഘടനകളില്‍ അംഗമായി.
1977 മുതല്‍ 1986 വരെ സി.പി.ഐ(എം) മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗം. 1991ല്‍ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998ല്‍ ജില്ലാ സെക്രട്ടേറിയറ്റിലും എത്തി. 2005ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും, ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാവൂരിലെ ബിര്‍ള കോര്‍ടം പള്‍പ് ആന്‍ഡ് ഫൈബര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവര്‍ത്തിച്ചു. 1979 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തില്‍ മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറിയില്‍ ഒരു കോണ്‍ട്രാക്ടറുടെ കീഴില്‍ല്‍ ജോലി ചെയ്തു. 1986ല്‍ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവില്‍ തൊഴിലാളി സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂര്‍ തൊട്ട് തിരുവനന്തപുരം വരെ നടത്തിയ പദയാത്രയില്‍ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രീഡിഗ്രി വരെ പഠനം. റഹ്‌മത്താണ് ഭാര്യ
കെ.കെ. ഷൈലജ( കേന്ദ്ര കമ്മിറ്റി അംഗം, മുന്‍ ആരോഗ്യമന്ത്രി)
ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശി കെ. കുന്തന്റെയും കെ.കെ. ശാന്തയുടെയും മകളായി 1956 നവംബര്‍ 20നാണ് കെ.കെ. ഷൈലജയുടെ ജനനം. നിലവില്‍ മട്ടനൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ്. സി.പിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ. (എം) സംസ്ഥാനകമ്മറ്റി അംഗവുമാണ് കെ.കെ. ഷൈലജ. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട നിലവില്‍ കേന്ദ്ര കമ്മിറ്റിയിലുണ്ട്. മുന്‍ ആരോഗ്യ വകുപ്പു മന്ത്രിയായിരുന്നു.
ആരോഗ്യ വകുപ്പു മന്ത്രിയായിരിക്കെ കൊറോണ വൈറസ് പാന്‍ഡെമിക്കിനെ നേരിടാനുള്ള അവളുടെ ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ ശൈലജയെ ആദരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് ദിനത്തില്‍ സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട ലോകനേതാക്കളില്‍ ഷൈലജ ഉള്‍പ്പെടുന്നു. 2021ലെ സി.ഇ.യു ഓപ്പണ്‍ സൊസൈറ്റി പ്രൈസ് കെ.കെ ശൈലജയ്ക്ക് ലഭിച്ചു. 1996ലും 2016ലും രണ്ടുതവണ കുത്തുപറമ്പ് മണ്ഡലത്തിന്റെയും 2006ല്‍ പേരാവൂര്‍ മണ്ഡലത്തിന്റെയും എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യ, സാമൂഹികനീതി, സ്ത്രീ-ശിശു വികസന മന്ത്രിയായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അവര്‍ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്: ഇന്ത്യന്‍ വര്‍ത്തമാനവും സ്ത്രീസമുഹവും ചൈന : രാഷ്ട്രം, രാഷ്ട്രീയം, കാഴ്ചകള്‍
എം.വി ബാലകൃഷ്ണന്‍ (കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം)
കയ്യൂരിലെ മുഴക്കോം നാപ്പച്ചാലില്‍ പരേതരായ സി. കുഞ്ഞമ്പു നമ്പ്യാരുടെയും ചിരുതൈ അമ്മയുടെയും മകനായി 1949ല്‍ ജനനം. നിലവില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായ ബാലകൃഷ്ണന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 1984ല്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായി. 1996 മുതല്‍ ജില്ലാസെക്രട്ടറിയേറ്റംഗമായി. ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി.
ഭാര്യ പ്രേമവല്ലി ക്ലായിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എം.കെ. പ്രതിഭ, ലണ്ടനില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ എം.കെ. പ്രവീണ എന്നിവരാണ് മക്കള്‍.
കെ. രാധാകൃഷ്ണന്‍( കേന്ദ്രകമ്മിറ്റി അംഗം, മന്ത്രി)
പരേതനായ എം.സി. കൊച്ചുണ്ണിയുടെയും ചിന്നമ്മയുടെയും മകനായി 1964 മാര്‍ച്ച് 24ന് ഇടുക്കിജില്ലയിലെ പുള്ളിക്കാനത്ത് ജനനം. നിലവില്‍ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രിയാണ്. പാര്‍ട്ടിയില്‍ കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലുമുണ്ട്. തൃശീര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലെത്തുന്നത്. കേരള വര്‍മ കോളേജില്‍ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രടറി, തൃശൂര്‍ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ എസ്.എഫ്.ഐയില്‍ വഹിച്ചു. ഡി.വൈ.എഫ്.ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥ ശാലാ സംഘം, സമ്പൂര്‍ണ സാക്ഷരതാ യജ്ഞം എന്നിവയില്‍ പങ്കാളിയായിട്ടുണ്ട്. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നും തൃശൂര്‍ ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1996ല്‍ ആദ്യമായി ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭാ സാമാജികനായി. 1996 -2001ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമം, യുവജന കാര്യം മന്ത്രിയായി. 2001ല്‍ പ്രതിപക്ഷ ചീഫ് വിപ്പായി. 2006ല്‍ സ്പീക്കറാവുകയും ചെയ്തു. ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റാണ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഒരു തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂര്‍ക്കര എ.യു.പി. സ്‌കൂളിലാണ് പ്രാധമിക വിദ്യാഭ്യാസം. ചേലക്കര എസ്.എം.ടി.ജി.എച്ച്.എസിലാണ് ഹൈസ്‌കൂള്‍ പഠനം. വടക്കാഞ്ചേരി ശ്രീ. വ്യാസ കോളേജിലും ശ്രീ കേരള വര്‍മ്മ കോളേജിലും തുടര്‍ പഠനം.
ടി.എം. തോമസ് ഐസക് (കേന്ദ്രകമ്മിറ്റി അംഗം, മുന്‍ ധനകാര്യ മന്ത്രി)
ടി പി മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകനായി 1952 സെപ്റ്റംബര്‍ 26നാണ് ടി.എം തോമസ് ഐസക്കിന്റെ ജനനം. തിരുവിതാംകൂര്‍ മാത്യു തോമസ് ഐസക് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. 2006 മുതല്‍ 2011 വരെയും 2016 മുതല്‍ 2021 വരെയും കേരളത്തിന്റെ ധനമന്ത്രിയായിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു. എസ്എഫ്‌ഐയില്‍ കോളേജ്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായിരുന്ന ഐസക് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ അയര്‍ലണ്ടിലെ ഗാല്‍വേയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലണ്ടില്‍ സീനിയര്‍ ലക്ചററായ ഡോ. നട ദുവ്വുരി യില്‍ നിന്ന് ഐസക്ക് വിവാഹമോചനം നേടി. അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്: സാറ ഡുവിസാക്, ഡോറ ഡുവിസാക്. [6]
എ.എം. ആരിഫ്( നിലവില്‍ എം.പി,
പോലീസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്‍ മജീദിന്റെയും നബീസ(തങ്കമ്മ)യുടെയും മൂന്നു മക്കളില്‍ മൂത്തമകനാണ് എ.എം ആരിഫ്. 1964 മെയ് 24ന് ആലപ്പുഴ ജില്ലയില്‍ ജനനം. നിലവില്‍ ലോക്‌സഭാ എം.പി, ആലപ്പുഴ ജില്ലാക്കമ്മിറ്റി അംഗം. ആലപ്പുഴ വൈ.എം.സി.എ. എല്‍.പി. സ്‌കൂള്‍, ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍, കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ പഠനവും ആലപ്പുഴ എസ്.ഡി. കോളേജില്‍ പ്രീഡിഗ്രിയും ചേര്‍ത്തല എസ്. എന്‍. കോളേജില്‍ ബി.എസ്.സി.യും പൂര്‍ത്തിയാക്കി. 2006 മുതല്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള കേരള നിയമസഭാംഗമായിരുന്നു. നിലവില്‍ ലോകസഭ അംഗമാണ്. 2019 ഏപ്രിലില്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2017ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീര്‍ ടു കേരള സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നേടി. ആരിഫിന്റെ ഭാര്യ ഡോ. ഷഹനാസ് ആലപ്പുഴയിലും എറണാകുളത്തും ഒബീസിറ്റി ആന്‍ഡ് വെയിറ്റ് മാനേജ്മെന്റ് ക്ലിനിക് നടത്തുന്നു. ബികോം പഠനം പൂര്‍ത്തിയാക്കിയ സല്‍മാനും വിദ്യാര്‍ത്ഥിനിയായ റിസ്വാനയുമാണ് മക്കള്‍.
എം. മുകേഷ്(എം.എല്‍.എ,
പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെയും വിജയകുമാരിയുടേയും മകനായി കൊല്ലം ജില്ലയിലെ പട്ടത്താനത്ത് 1957 മാര്‍ച്ച് 5ന് ജനനം. നിലവില്‍ എം.എല്‍.എ, കൊല്ലം ജില്ലാകമ്മിറ്റി അംഗം. പ്രശ്‌സ്ത സിനിമാ താരവുമാണ്. കേരള സംഗീത നാടക അക്കാദമിയുടെ മുന്‍ ഭാരവാഹിയുമായിരുന്നു. പട്ടത്താനം ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുകേഷ് കൊല്ലം എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടി. നാടക അഭിനേതാക്കളായിരുന്ന തന്റെ മാതാപിതാക്കള്‍ക്കൊപ്പം നാടകവേദികളുമായുള്ള പരിചയം മുകേഷിന് അഭിനയത്തിന്റെ ബാലപാഠങ്ങളായിരുന്നു. പഠനശേഷം നാടകാഭിനയവുമായി ജീവിതമാരംഭിച്ച മുകേഷിന് നാടകത്തിലുള്ള അഭിനയ മികവ് സിനിമയിലേയ്ക്ക് വഴിതുറക്കുന്നതില്‍ സഹായകരമായി.
1982ല്‍ റിലീസായ ബലൂണ്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1985ല്‍ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങള്‍ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയതാരമാക്കി. മുകേഷ് നായകനും ഉപ-നായകനുമായി വേഷമിട്ട് 1989-ല്‍ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയുടെ വിജയം മുകേഷിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. ഈ സിനിമ മലയാളത്തില്‍ വന്‍ഹിറ്റായതോടെ മലയാള സിനിമയിലെ മുന്‍നിര നായകന്മാരിലൊരാളായി മുകേഷ് മാറി. ഭാര്യമാര്‍ സരിത, മേതില്‍ ദേവിക, കുട്ടികള്‍ രണ്ട്.
സി.എന്‍. രവീന്ദ്രനാഥ് (മുന്‍ മന്ത്രി, സംസ്ഥാന കമ്മിറ്റി അംഗം)
തൃശൂര്‍ ജില്ലയില്‍ നെല്ലായിക്കടുത്ത് പന്തല്ലൂരില്‍ സ്‌കൂള്‍ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തില്‍ പീതാംബരന്‍ കര്‍ത്തയുടെയും ചേരാനെല്ലൂര്‍ ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955 നവംബര്‍ 22ന് ചേരാനല്ലൂരില്‍ ജനനം. മുന്‍ വിദ്യാഭ്യാസ മന്ത്രിയും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം. ജെ.യു.പി.എസ്. പന്തല്ലൂര്‍. ജി.എന്‍.ബി.എച്ച്.എസ്. കൊടകര, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പുതുക്കാട്, സെന്റ് തോമസ് കോളേജ് തൃശൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ കെമിസ്ട്രി വിഭാഗം അധ്യാപകനായിരുന്നു. 2006ലും 2011ലും 2016ലും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്പൂര്‍ണ സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയസമിതി, കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സജീവപ്രവര്‍ത്തകനാണ്. എം.കെ. വിജയമാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. മൂന്ന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജോയിസ് ജോര്‍ജ് (ഇടുക്കി ജില്ലാകമ്മിറ്റി അംഗം)
1970 ഏപ്രില്‍ 26ന് ഇടുക്കി തടിയമ്പാടില്‍ ജനനം. സി.പി.എം ജില്ലാ കമ്മിറ്റി അംഗം. ഇടുക്കി ലോക്‌സഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ജോയ്സ് ജോര്‍ജ്. ഹൈറേഞ്ച് സമരസമിതിയുടെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിച്ചു. അഭിഭാഷകന്‍. 2014ലും 2019ലും ഇടുക്കിയില്‍ മത്സരിച്ചു. 2019ല്‍ ഡീന്‍ കുര്യാക്കോസിനോട് തോറ്റു.
വി. വസീഫ്(ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്
മലപ്പുറത്ത് യുവമുഖമായ ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് വി. വസീഫാണ് മത്സരിക്കുന്നത്.
കെ.എസ്. ഹംസ
മുസ്ലിംലീഗിലെ വിമതനേതാവ് കെ.എസ്. ഹംസയെ പൊന്നാനിയില്‍ മത്സരിപ്പിക്കുകയാണ്.
കെ.ജി. ഷൈന്‍
അധ്യാപകസംഘടനാ നേതാവ് കെ.ജി. ഷൈനാണ് എറണാകുളത്ത് മത്സരിക്കുന്നത്. മൂവരും പുതുമുഖങ്ങളുമാണ്.