രാഹുൽ സദാശിവൻ്റെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമ യുഗം മലയാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു സർപ്രൈസ് മലയാളികൾക്ക് നൽകിയിരിക്കുകയാണ് മെഗാസ്റ്റാർ. ഇക്കുറി സിനിമയിലൂടെ അല്ലെന്ന് മാത്രം.
ഇനിമുതല്‍ ചായക്കടകളിലും സ്റ്റേഷനറി ഷോപ്പുകളിലും ഹോട്ടലുകളിലും ഇനി മമ്മൂട്ടിയെ കേള്‍ക്കാം. ഫോണ്‍ പേയാണ് ഇത്തരമൊരു സംരംഭം ഒരുക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ നമ്മൾ നൽകിയ തുക കമ്പ്യൂട്ടറിന്റെ സഹായത്തോടെ കടകളില്‍ സ്പീക്കറിലൂടെ കേള്‍ക്കാറില്ലേ? ഇനി മുതല്‍ കേരളത്തില്‍ അത് മമ്മൂട്ടിയുടെ ശബ്ദത്തിലാകും കേള്‍ക്കുക. മമ്മൂട്ടി മാത്രമല്ല, മഹേഷ് ബാബു, കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദങ്ങളും ഫോൺ പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ യഥാക്രമം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാകും ലഭ്യമാകുക.
2023 ലാണ് ഫോണ്‍ പേ അമിതാഭ് ബച്ചനുമായി സഹകരിച്ച് ഇങ്ങനൊരു സംവിധാനത്തിന് തുടക്കം കുറിച്ചത്. പണമിടപാടിന് ശേഷം മമ്മൂട്ടിയുടെ ശബ്ദവും കേള്‍ക്കാന്‍ തുടങ്ങിയതോടെ സംഭവം വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. പണമിടപാടിന് ‘നന്ദി ഉണ്ടേ’ എന്ന് മമ്മൂട്ടി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.