തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മന:പൂര്‍വ്വമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേമം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വെള്ളയാണി തിരുമംഗലം ലെയ്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പൂന്തുറ സ്വദേശി ഷമീറയും(36) നവജാതശിശുവുമാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നയാസ് അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രദേശവാസികളും ആശാവര്‍ക്കറും വാര്‍ഡ് കൗണ്‍സിലറുമടക്കം പരിശ്രമിച്ചിട്ടും നയാസ് വഴങ്ങിയില്ല. പ്രസവം വീട്ടിൽ മതിയെന്ന നിലപാടിൽ നയാസ് ഉറച്ചുനിന്നതാണു മരണത്തിനു കാരണമായതെന്നു വ്യക്തമായതോടെയാണ് നടപടി.
സംഭവത്തിൽ നയാസിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ. ആദ്യഭാര്യയിൽ ഇയാൾക്ക് മൂന്നുമക്കളുണ്ട്. നാലാമത്തെ പ്രസവത്തിനിടെ ആണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
പ്രസവ വേദന തുടങ്ങിയതിനു പിന്നാലെ ഷമീറയ്ക്ക് രക്തസ്രാവം അമിതമായി. കുഞ്ഞിന് വെളിയിലേക്ക് വരാന്‍ തടസമുണ്ടായി. തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് ആംബുലന്‍സിൽ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുംമുൻപുതന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഷമീറയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. മൃതദേഹം പാലക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്‍കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന
















