മുറ്റത്ത് കുഴികുത്തി അതില്‍ തോക്കിന്റെ ഇലയിട്ട് പഴങ്കഞ്ഞി കൊടുത്തിരുന്ന കാലം ചരിത്രത്തിന്റെ ഭാഗമാണ്. പട്ടികജാതി പട്ടിക വര്‍ക്കാരെ മനുഷ്യരായിപ്പോലും കൂട്ടിയിട്ടില്ലാത്ത കാലം. അക്കാലത്തിന്റെ സ്മരണകള്‍ പോലും പൊള്ളിക്കുന്ന തലമുറയാണ് ഇന്ന് നവോത്ഥാമനത്തിന്റെ പാതിയിലൂടെ നടക്കുന്നത്. അഹിന്ദുക്കളെ ക്ഷേത്രത്തില്‍ കയറ്റരുതെന്ന വാറോലകള്‍, കടുത്ത വിശ്വാസികളുടെ ക്ഷേത്ര മുറ്റങ്ങളില്‍ ഇന്നും തൂക്കിയിട്ടിട്ടുണ്ട്. പറയനും പുലയനും, ചെമ്മാനും ചെരുപ്പുകുത്തിക്കുമൊന്നും ദൈവ ചിന്തപോലും ഉണ്ടാകാന്‍ പാടില്ലെന്ന പഴയകാല മാടമ്പിത്തമ്പുരാന്‍മാരുടെ തിട്ടൂരത്തെ സൗകര്യ പൂര്‍വ്വം മറക്കാനാവുമോ.
തല്ലിയും കൊന്നും വെല്ലുവിളിച്ചും വില്ലുവണ്ടിയിലേറിയൊമൊക്കെ നേടിയെടുത്തതാണ് ഇന്നത്തെ പല സ്വാതന്ത്ര്യങ്ങളുമെന്നത് മറന്നു പോകാതിരിക്കണം. അപ്പോഴാണ് വെറും രാഷ്ട്രീയ ലാക്കോടെയുള്ള ബി.ജെപി സംസ്ഥാന പ്രസിഡന്റിന്റെ പദയാത്രാ വിവാദം വരുന്നത്. അതും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന്റെ പേരിലുള്ള വിവാദം. കോഴിക്കോട് എത്തിയ പദയാത്രാ സംഘം ഉച്ചയൂണ് കഴിക്കുന്നത്, പട്ടികജാതി പട്ടിക വര്‍ഗ നേതാക്കളോടൊപ്പമായിരിക്കും. ഇതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയോ, സുരേന്ദ്രന്റെ ഉച്ചയൂണോ പ്രശ്‌നമല്ല. പക്ഷെ, ‘ഉച്ചയൂണ് എസ്സി, എസ്ടി നേതാക്കളോടൊപ്പം’ എന്നതാണ് പ്രശ്‌നം. സുരേന്ദ്രന്റെ ഉച്ചയൂണ് ഒരു അത്യപൂര്‍വ്വമായ സംഭവമല്ല.
കാരണം, സുരേന്ദ്രന്‍ തലകീഴായ് നിന്നു കഴിക്കുന്നതോ, മണ്ണു വാരി തിന്നുന്നതോ ഒക്കെ സാധാരണയില്‍ നിന്നും വ്യത്യസ്തമാകുന്നതു കൊണ്ടു തന്നെ അതിന് അപൂര്‍വ്വത കല്‍പ്പിക്കാം. പക്ഷെ, മനുഷ്യര്‍ക്കൊപ്പമിരുന്ന് ഉച്ചയൂണ് കഴിക്കുന്നത് പോസ്റ്ററാക്കാനും, പ്രചാരണം നടത്താനും ബി.ജെ.പി സൈബറിടങ്ങള്‍ ശ്രമിച്ചത് എന്തിനായിരിക്കും. അതാണ് ഭക്ഷണത്തിലെ രാഷ്ട്രീയം. മാത്രമല്ല, ആദ്യം പറഞ്ഞതു പോലെ പട്ടികജാതിക്കാരുടെ ചരിത്രപരമായ അതിജീവനം കൂടിയുണ്ട് പറയാന്‍. ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചിരിക്കുന്ന പട്ടിക ജാതിക്കാരെയും പട്ടിക വര്‍ഗക്കാരെയും ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട കണ്ടിരിക്കുന്നത് എങ്ങനെയാണ്.
പദയാത്ര തുടങ്ങി കോഴിക്കോട് എത്തുന്നതു വരെ സുരേന്ദ്രന്റെ പ്രാഭാത ഭക്ഷണവും ഉച്ചയൂണും വൈകിട്ടത്തെ കാലിച്ചായയും അത്താഴവുമൊന്നും വാര്‍ത്തയോ വിവാദമോ ആയില്ലല്ലോ. അതൊക്കെ സാധാരണ രീതിയില്‍ പോയത്, ട്ടികജാതിക്കാരോടൊപ്പം ആയിരുന്നില്ല എന്നതു കൊണ്ടാണ്. അഥവാ പട്ടിക ജാതിക്കാരുമായിട്ടുള്ള ഭക്ഷണം കഴിക്കലിനു മാത്രമേ ബി.ജെ.പിക്കാര്‍ക്ക് പ്രത്യേകതയുള്ളൂ എന്നതു കൊണ്ട്. ഇവിടെയാണ് കൂര്‍മ്മ ബുദ്ധി പ്രവര്‍ത്തിച്ചിരിക്കുന്നത്. ബി.ജെ.പിക്ക് പോഷക സംഘടനയുണ്ട്. ദളിത് മോര്‍ച്ച. എന്നാല്‍, സുരേന്ദ്രന്റെ ഉച്ചയൂണ് ദളിത് മോര്‍ച്ചാ നേതാക്കളോടൊപ്പം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ മനസ്സിലാകുമായിരുന്നു. അത് ബി.ജെ.പിയുടെ പോഷക സംഘടന എന്ന രീതിയില്‍. പക്ഷെ, അതുണ്ടായില്ല. ഉച്ചയൂണ് പട്ടികജാതി പട്ടിക വര്‍ഗ നേതാക്കള്‍ക്കൊപ്പം എന്നാക്കിയതിനു പിന്നിലെ രാഷ്ട്രീയം കാണാതെ പോകരുത്.
അയോദ്ധ്യാ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ഇന്ത്യന്‍ പ്രസിഡന്റിനു മാത്രം അയിത്തം ഉണ്ടായതെങ്ങനെയെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. പുതിയ പാര്‍ലമെന്റ് മന്ദിരമായ വിധാന്‍ സഭയുടെ ഉദ്ഘാടനത്തിന് പ്രിസിഡന്റിനു മാത്രം ക്ഷണമില്ലാതായതും ചിന്തക്കു വെളിയിലാകാന്‍ പാടില്ല. ഇങ്ങനെ അധികാര കസേരകള്‍ നല്‍കി തങ്ങളുടെ ഇങ്കിതത്തിനു മാത്രം ഉപയോഗിക്കുന്ന പാവകളെ സൃഷ്ടിക്കുന്ന കാലമായിരിക്കുന്നു. നോക്കൂ, പണ്ടു കാലങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗക്കാരെ പുറംപണിക്കായി നിയോഗിക്കുമായിരുന്നു. വീട്ടിലെ എല്ലായിടങ്ങളിലും അവര്‍ക്ക് നടക്കാം (ശുചിയാക്കാന്‍). പക്ഷെ, ആ വീട്ടില്‍ പ്രത്യേകിച്ച് ഒരവകാശവും അവര്‍ക്കുണ്ടാകില്ല.
ഇതു തന്നെയാണ് മറ്റൊരര്‍ത്ഥത്തില്‍ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കു നല്‍കുന്ന അധികാര കസേരയുടെ വിലയും. കേരളത്തില്‍ ജാതീയതയുടെ വികൃത രൂപങ്ങളെല്ലാം ഇപ്പോള്‍ സുന്ദര മുഖമൂടിയണിഞ്ഞിരിക്കുകയാണ്. ഒരുമിച്ച് ഉണ്ണാനും, ഒരുമിച്ച് ഉറങ്ങാനും, ഒരുമിച്ച് നടക്കാനുമൊക്കെ അവര്‍ നേതൃത്വം നല്‍കുന്നു. പക്ഷെ, ഇതെല്ലാം തിരിച്ചൊന്ന് ചിന്തിച്ചു നോക്കൂ. പട്ടിക ജാതിക്കാരുടേയോ പട്ടിക വര്‍ഗത്തിന്റെയോ പ്രസ്ഥാനങ്ങള്‍ നടത്തുന്ന പദയാത്രയാണെങ്കില്‍ കേരളത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇതുപോലൊരു ബോര്‍ഡ് വെക്കാനാകുമോ. പരസ്യമായി ഭക്ഷണം കഴിക്കാന്‍ ആരെങ്കിലും ക്ഷണിക്കുമോ. അങ്ങനെ ക്ഷണിക്കുന്നത് വലിയ വാര്‍ത്തയാക്കുമോ. ഇതാണ് കേരളം നേരിടേണ്ട ചോദ്യം.
കോഴിക്കോട് ബിജെപിയുടെ ഔദ്യോഗിക പേജിലും ബിജെപി കേരളം പേജിലുമെല്ലാം ഈ പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷെയര്‍ ചെയിതിരുന്നു. എസ്സി, എസ്ടി നേതാക്കളെ എടുത്തുപറഞ്ഞത്, ബിജെപി ഇന്നും തുടരുന്ന ജാതി വിവേചനം കാരണമൊന്നു കൊണ്ടു മാത്രമാണ്. പോസ്റ്ററിലെ ജാതിയത ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. നവോത്ഥാനത്തില്‍ നിന്ന് പിന്നോട്ട് നടത്തുകയാണെന്ന് ദളിത് ചിന്തകര്‍ ആരോപിക്കുന്നു. ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നാണ് പോസ്റ്ററിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
പന്തിഭോജനത്തിലൂടെ ജാതീയതയെ തൂത്തെറിഞ്ഞ നവോത്ഥാന കേരളത്തിനെ പിന്നോട്ട് നടത്തുകയാണ് ബിജെപിയെന്നും വിമര്‍ശനമുണ്ട്. ഉത്തരേന്ത്യയിലെ എസ്സി, എസ്ടി വിഭാഗക്കാരുടെ വീടുകളില്‍ ബിജെപി നേതാക്കള്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതും പ്രചാരണമാക്കുകയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ രീതി. ഇത് കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്നില്‍ ഒളിച്ചിരിക്കുന്ന അജണ്ട എസ്സി, എസ്ടി വിഭാഗക്കാര്‍ തിരിച്ചറിയണമെന്നും ദളിത് ആക്ടിവിസ്റ്റുകള്‍ പറയുന്നു. സുരേന്ദ്രന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നവരെങ്കിലും ബിജെപിയുടെ ജാതീയതയും പിന്നാക്കക്കാരോടുള്ള മനോഭാവവും മനസിലാക്കണം. ബിജെപി ഭരണത്തിലെത്തണമെന്നും സനാതന ഹിന്ദു ആകാന്‍ നടക്കുന്നവന്റെ സ്ഥാനം എവിടെയാകുമെന്ന് അപ്പോള്‍ മനസിലാകും. ക്ഷേത്ര ദര്‍ശനവും, പുഷ്പ്പാര്‍ച്ചനയും, മാറാട് അരയ സമാജത്തില്‍ നിന്നുള്ള പ്രഭാത ഭക്ഷണവും അടങ്ങുന്നതായിരുന്നു കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ പദയാത്ര.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക