കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മരണം ആയുസെത്താതെ; ആരു വന്നാലും പോയാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി

കെ.എസ്.ആര്‍.ടി.സിയില്‍ എന്തു സംഭവിച്ചാലും അത് ആര്‍ക്കും വലിയ വിഷയമല്ല. കാരണം, എഴുതിത്തള്ളിയ വകുപ്പും ജീവനക്കാരുമായതു കൊണ്ടാണ്. അതുകൊണ്ട് ആരൊക്കെ വന്നാലും പോയാലും വലിയ മെച്ചമൊന്നുമുണ്ടാകില്ലെന്ന കാഴ്ചപ്പാടിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ തന്റെ കൈയ്യില്‍ മാത്രിക വടിയൊന്നുമില്ലെന്നു പറഞ്ഞു കൊണ്ടു വന്നവരും, തബലയും ഫ്‌ളൂട്ടുമൊക്കെ വായിച്ച് വെല്ലുവിളിച്ചെത്തിയവരും, കെ.എസ്.ആര്‍.ടി.സി.യെ അപ്പാടെ സ്വകാര്യ വത്ക്കരിച്ച് രക്ഷപ്പെടുത്താമെന്നു കരുതിയവരുമെല്ലാം തോറ്റു തുന്നം പാടിക്കഴിഞ്ഞു. ഇനി ഏതടവു പയറ്റണമെന്ന ചിന്തയാണ് സര്‍ക്കാരിനും വകുപ്പുമന്ത്രി ഗണേശ് കുമാറിനുമുള്ളത്. 

എന്നാല്‍, ജീവനക്കാരെ മര്യാദ പഠിപ്പിക്കാനും, ജീവനക്കാര്‍ മോഷ്ടാക്കളാണെന്നും, മടിയന്‍മാരാണെന്നുമുള്ള കമന്റുകളും കുത്തു വാക്കുകളും എല്ലാക്കാലത്തുമുള്ളതു പോലെ ഇപ്പോഴുമുണ്ട്. എന്നിട്ടും, പുതിയ മന്ത്രിയോടൊപ്പം എല്ലാവരും സഹകരിക്കണമെന്ന മധുരമനോജ്ഞമായ ആജ്ഞയും വന്നിട്ടുണ്ട്. ഇതിനെതിരേ ജീവനക്കാര്‍ പ്രതികരിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാം പഴയ പടിതന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്. അല്ലെങ്കില്‍, എല്ലാത്തിനും ഒരു പഴങ്കഥയുടെ ടച്ചുണ്ട്. ഇലക്ട്രിക് ബസ് ലാഭകരമാണെന്ന് പറഞ്ഞ പഴയമന്ത്രി ആന്റണി രാജുവാണോ, ഡീസല്‍ ബസുകളാണ് വേണ്ടതെന്നു പറയുന്ന പുതിയ മന്ത്രി ഗണേശ് കുമാറാണോ ശരി. 

അതോ ഇതൊന്നും പറയാതെ കെ.എസ്.ആര്‍.ടി.സിയെ പിടിച്ചു നിര്‍ത്താന്‍ നാടോടുമ്പോള്‍ നടുവേയും നെടുകേയും കുറുകേയുമൊക്കെ ഓടുന്ന ജീവനക്കാര്‍ പറയുന്നതാണോ ശരി. മാധ്യമങ്ങള്‍ പറയുന്ന കഥ വിശ്വസിക്കണമെന്നില്ല. പക്ഷെ, സത്യം എന്താണെന്നറിയണം. സത്യം ഇതാണ്. എന്തൊക്കെ ചെയ്താലും എങ്ങനെയൊക്കെ പണിതാലും കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ പഴ കോരനാണ്. കോരന് ഇപ്പോഴും കുമ്പിളില്‍ തന്നെയാണ് കഞ്ഞി. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് തമ്പ്രാനോ, വകുപ്പു മന്ത്രി അങ്ങുന്നോ, സര്‍ക്കാര്‍ മാടമ്പികളോ കരുണ തോന്നി ചോറെങ്കിലും കൊടുത്താല്‍ മതിയായിരുന്നു. പക്ഷെ, അതു പോലും നടക്കുന്നില്ല എന്നല്ല, നടത്താന്‍ തയ്യാറാകുന്നില്ല എന്നതല്ലേ വാസ്തവം. 

പുതിയ മന്ത്രിയും പരിഷ്‌ക്കാരങ്ങളും കൊണ്ട് ആര്‍ക്കാണ് നേട്ടം എന്നതാണ് ജീവനക്കാരുടെ എന്നത്തേയും ചിന്ത. കുമ്പിളില്‍ കഞ്ഞികുടിച്ചിരുന്ന കാലത്തെ, ഭൂതകാല ഓര്‍മ്മകളിലേക്ക് തള്ളി വിടുമോ പുതിയ തമ്പ്രാന്‍ എന്നതാണ് ഇനി അറിയേണ്ടത്. നോക്കൂ, കെ.എസ്.ആര്‍.ടി.സിയെ ലാഭകരമാക്കാനുള്ള പതിനെട്ടടവും പയറ്റിക്കഴിഞ്ഞ് എം.ഡി. ബിജു പ്രഭാകറും കളംവിട്ടിരിക്കുന്നു. മന്ത്രിമാറ്റവും പുതിയ മന്ത്രിയുടെ തീരുമാനങ്ങളും എം.ഡിയെ തുടക്കത്തിലേ ചൊടിപ്പിച്ചതോടൊണ് കളംമാറ്റം. വന്നപ്പോള്‍ കാണിചട്ച ശൗര്യമൊന്നും കസേരയില്‍ ഇരുന്നപ്പോെള്‍ കാണിച്ചില്ലെന്ന ചീത്തപ്പേരുമുണ്ട് ഹബിജു പ്രഭാകറിന്. ജീവനക്കാരെ പൂര്‍ണ്ണായി പിണക്കിയിട്ടാണ് പടിയിറക്കം നടത്തിയിരിക്കുന്നതും. 

സ്വിഫ്‌റ്റെന്ന സ്വകാര്യ കുഞ്ഞിനെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിഷ്ഠിക്കാന്‍ എടുത്ത എഫര്‍ട്ടൊന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ കാണിച്ചിട്ടില്ല. മറിച്ച് സ്വിഫ്റ്റ് വന്നാല്‍ സ്വര്‍ഗമാകുമെന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം വിറ്റതു മാത്രം മിച്ചം. പഴയ മന്ത്രിയും താനും സംയുക്തമായി ചെയ്തുവെച്ചതെല്ലാം പാടെ റദ്ദുചെയ്യുമെന്ന ഘട്ടം വന്നപ്പോഴാണ് ബിജു പ്രഭാകര്‍ അവധിയെടുത്തതും പിന്നീട് വകുപ്പുമാറിയതും. എം.ഡി സ്ഥാനം ഒഴിഞ്ഞതിന്റെ സന്തോഷം ബിജു പ്രഭാകര്‍ മറച്ചുവെച്ചില്ല. മന്ത്രി ഗണേശ്കുമാറിനെ നേരിട്ടു കണ്ട് ആശംസയും അറിയിച്ച് കെട്ടിപ്പിടിച്ചാണ് യാത്ര പറഞ്ഞത്. കുഴിയിലേക്ക് വെയ്ക്കും മുമ്പ് മൃതദേഹത്തിന് അന്ത്യ ചുംബനം നല്‍കുന്ന പോലെയാണ് ആ കെട്ടിപ്പിടുത്തത്തെ ദോഷൈക ദൃക്കുകള്‍ പറഞ്ഞു നടക്കുന്നത്. 

എന്തായാലും പുകഞ്ഞ കൊള്ളി പുറത്ത്. ഇനി ആരായിരിക്കും കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാന്‍ എന്നവ്യാജേന മുടിക്കാനെത്തുന്നത് എന്നറിഞ്ഞാല്‍ മതി. വഴിയേ പോകുന്ന വയ്യാവേലികളെല്ലാം വന്നുകയറുന്ന ഇടമാണ് കെ.എസ്.ആര്‍.ടി.സിയെന്ന പഴഞ്ചൊല്ലും പാടി നടക്കുന്നുണ്ട് ജീവനക്കാരുടെ സംഘടനകള്‍. വര്‍ഗ ബോധമെന്തെന്നറിയാത്ത സംഘടനകള്‍ കാലാകാലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റുമായി ചേര്‍ന്ന് തൊഴിലാളികളെ പറ്റിക്കലാണല്ലോ പ്രധാന പ്രവര്‍ത്തനം. ഇങ്ങനെ പറ്റിക്കുന്നതിനായി ജീവനക്കാരുടെ നക്കാപ്പിച്ച ശമ്പളത്തില്‍ നിന്നു തന്നെ പിരിവും എടുക്കുന്നുണ്ട്. തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍മാര്‍ എത്ര തവണയാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എം.ഡിയുമായി കഴുവണ്ടിപ്പരിപ്പ് തിന്നല്‍ ചര്‍ച്ചകള്‍ നടത്തിയിരിക്കുന്നത്. 

യൂണിയന്‍കാരെല്ലാം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണെന്ന് അറിയാമെങ്കിലും തങ്ങളുടെ, ഗതികേടു കൊണ്ട് കൂടെ നില്‍ക്കുന്നവരാണ് തൊഴിലാളികള്‍. സ്വന്തം അവകാശങ്ങളെ കുറിച്ച് ഒരക്ഷരം ചോദിക്കാതെ ആഗോള കുത്തകകള്‍ക്കെതിരേയും, കേന്ദ്ര നയങ്ങള്‍ക്കെതിരേയും സമരം ചെയ്യുകയാണ് വേണ്ടതെന്ന നേതാക്കളുടെ സംഘടനാ ബോധത്തിലേക്ക് തലവെച്ചു കൊടുത്ത പാവങ്ങള്‍. കേരളത്തിന്റെ ആനവണ്ടി ഓടിക്കുന്നവര്‍ ഓരോ ദിവസവും ഹൃദയം പൊട്ടി മരിക്കുന്നുണ്ട്. കണക്കുകള്‍ സര്‍ക്കാരിന്റെ കൈയ്യിലില്ലെങ്കിലും, കൂടെപ്പിറപ്പുകളുടെ മരണത്തിന്റെ കണക്കെങ്കിലും സൂക്ഷിക്കാനും അവസാനമൊരു സഖാവെ ലാല്‍സലാം എന്നു പറയാനും വേണ്ടി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ട്. 

അത്തരം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലാണ് ഇപ്പോള്‍ ജീവനക്കാര്‍ ആശ്വാസം കണ്ടെത്തുന്നത്. പറയാനുള്ളതെല്ലാം, അത് വിശമമായാലും, സന്തോഷമായാലും, സഹായമായാലും അതിലാണ് പറയുന്നത്. മനസ്സലിവില്ലാത്ത ഭരണ വര്‍ഗത്തിന് ഇതൊന്നും അറിയണമെന്നില്ല. പക്ഷെ, കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് വരുമാനത്തില്‍ ലാഭമായി തുടരുന്നു എങ്കില്‍ അതിനു പിന്നില്‍ ജീവനക്കാരുടെ ചോര നീരാകുന്നതിന്റെ ഫലമൊന്നു മാത്രമാണ്. മന്ത്രി മാറിയാലും, എം.ഡി. മാറിയാലും ജീവനക്കാര്‍ ജോലി ചെയ്തു കൊണ്ടേയിരിക്കും. കാരണം, ഇത് അവര്‍ അത്രയേറെ ആഗ്രഹിച്ചു നേടിയ ജോലി ആയതു കൊണ്ട്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക