മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത സമുദായത്തിന് പത്തു ശതമാനം സംവരണം നൽകുന്ന കരട് ബില്ലിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭ ഏകകണ്‌ഠമായാണ് ബില്ല് പാസാക്കിയത്. ബില്ലിന് ലെജിസ്‌ലേറ്റിവ് കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.
നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അവതരിപ്പിച്ച ബില്ലിനെ എൻസിപി മന്ത്രി ഛഗൻ ഭുജ്ബൽ ഒഴികെയുള്ള മുഴുവൻ പേരും പിന്തുണച്ചു.
ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമുള്ള മറാത്തകൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമാണെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ജോലികളിൽ മറാത്ത വിഭാഗക്കാരുടെ പ്രാതിനിധ്യം കുറവാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കർഷകരിൽ 94% പേരും മറാത്ത വിഭാഗക്കാരാണ്. നിലവിൽ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങൾക്കായി 52% സംവരണമാണുള്ളത്. മറാത്ത വിഭാഗക്കാരെ ഒബിസിയിൽ ഉൾപ്പെടുത്തുന്നത് നീതിയുക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സർക്കാർ ജോലികളിൽ മറാത്താ സമുദായത്തിന് മതിയായ പ്രാതിനിധ്യമില്ല. കാർഷിക വരുമാനത്തിൽ ഇടിവ്, ഭൂമിയുടെ വിഭജനം, യുവാക്കൾക്ക് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്തത് എന്നിവ കാരണം സമൂഹം പിന്നാക്കാവസ്ഥയിലാണെന്നും സാമ്പത്തിക നിലവാരത്തകർച്ചയ്ക്ക് കാരണമായെന്നും പറയുന്നു.
നേരത്തേ മറാത്ത വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ വലിയ രീതിയിലുള്ള പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറാത്ത വിഭാഗത്തിന് സംവരണം നൽകണമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















