ന്യൂഡല്‍ഹി: ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാർ വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രിം കോടതി. അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടുത്തി കോടതിയിൽ വച്ച് തന്നെ റീകൗണ്ടിംഗ് നടത്തിയാണ് കോടതിയുടെ തീരുമാനം. 16-നെതിരെ 20 വോട്ടുകൾക്കായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് കുമാറിന്റെ ജയം. വോട്ടുകൾ അസാധുവാക്കിയ വരണാധികാരി അനിൽ മസീഹിന് കാരണം കാണിക്കാൻ നോട്ടീസ് നൽകി.
ബി.ജെ.പി. സ്ഥാനാർത്ഥി മനോജ് ഷൊങ്കർ വിജയിച്ചെന്ന വരണാധികാരിയുടെ പ്രഖ്യാപനം സുപ്രീം കോടതി റദ്ദാക്കി. വിവാദ തെരഞ്ഞെടുപ്പിന്റെ വരണാധികാരി ആയിരുന്ന അനിൽ മസീഹിന് സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. വരണാധികാരി അനിൽ മസീഹ് അസാധുവാക്കിയ എട്ട് വോട്ടുകളും സുപ്രീം കോടതി എണ്ണി. വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നിര്‍ദേശം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ അസാധാരണ നീക്കം ഉണ്ടായത്.
മേയർ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി അനിൽ മസീഹ് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി സ്ഥാനാർഥിക്ക് 16 വോട്ടുകളും കോൺഗ്രസ്-എ.എ.പി. സ്ഥാനാർഥിക്ക് 12 വോട്ടും ആയി. എന്നാൽ അസാധുവാക്കിയ ഈ എട്ട് വോട്ടുകളും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിശോധിച്ചു. തുടർന്ന് എട്ട് വോട്ടുകളും സാധുവാണെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി സാധുവാണെന്ന് വിധിച്ച 8 വോട്ടുകളും എഎപി- കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ഇതോടെയാണ് കുൽദീപ് കുമാർ വിജയി ആണെന് സുപ്രീംകോടതി വിധിച്ചത്
8 ബാലറ്റ് പേപ്പറുകൾ അസാധുവാക്കാൻ പ്രിസൈഡിങ് ഓഫീസർ ബോധപൂർവ്വം ശ്രമം നടത്തി എന്ന് കോടതി നിരീക്ഷിച്ചു. 8 ബാലറ്റുകളിലും വോട്ട് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ബാലറ്റ് പേപ്പറുകൾ അസാധുവാക്കുന്നതിനുവേണ്ടി വരണാധികാരി വര വരച്ചു. ഗുരുതരമായ ചട്ട ലംഘനം ഉണ്ടായി. 8 ബാലറ്റ് പേപ്പറുകളിൽ ഭരണാധികാരി പ്രത്യേകം അടയാളപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് എന്നും കോടതി പറഞ്ഞു.
ഇല്ട്രൽ ബോണ്ട് വാങ്ങിയവരുടെ പട്ടിക വരാനിരിക്കെയാണ് ജനാധിപത്യം അട്ടിമറിച്ചു എന്ന വിമർശനവും ബിജെപി കോടതിയിൽ നിന്ന് കേൾക്കുന്നത്. വലിയ ആത്മവിശ്വാസത്തോടെ പോകുന്ന മോദിയുടെ പ്രതിച്ഛായയക്കും ഈ കോടതിവിധികൾ മങ്ങലേല്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് കേന്ദ്രസർക്കാരിനെതിരെ ഒന്നിക്കാൻ ഇന്ത്യസഖ്യത്തിന് ഇത് അവസരം നല്കുകയാണ്. ഇവിഎം സുരക്ഷ ഉറപ്പാക്കാൻ വിവിപാറ്റ് എണ്ണുന്നത് കാര്യക്ഷമമാക്കണം എന്ന ആവശ്യവും ഇനി പ്രതിപക്ഷം ശക്തമാക്കും.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















