ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക

ന്യൂയോർക്ക്: ഗസ്സയില്‍ വെടിനിർത്തല്‍ ആവശ്യമുന്നയിച്ച്‌ യു.എന്നില്‍ അവതരിപ്പിച്ച പ്രമേയങ്ങളെയെല്ലാം നാളിതുവരെ വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞ അമേരിക്ക, ഒടുവില്‍ നിലപാടില്‍ മാറ്റം വരുത്തുന്നു. ഉടൻ താല്‍ക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്തും റഫയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിനെ എതിർത്തുകൊണ്ടും യു.എൻ സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്ക പ്രമേയം അവതരിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 

അതേസമയം, ബന്ദിമോചനം സാധ്യമാക്കി ആയിരിക്കണം താല്‍ക്കാലിക വെടിനിർത്തലും മാനുഷിക സഹായമെത്തിക്കലും എന്ന് കരട് പ്രമേയത്തില്‍ പറയുന്നതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളില്‍ റഫയില്‍ വലിയ കരയാക്രമണം നടത്തരുതെന്ന് സുരക്ഷാ കൗണ്‍സില്‍ ഉറപ്പാക്കണമെന്നും യുഎസ് പ്രമേയത്തില്‍ പറയുന്നു. ഗസ്സയിലെ 23ലക്ഷം ഫലസ്തീനി ജനതയില്‍ 14 ലക്ഷത്തിലധികം പേർ റഫയിലാണ് അഭയം തേടിയിരിക്കുന്നത്. ഇവിടെ റമദാനില്‍ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു.

Read more  : 

അതിനിടെ, സെക്യൂരിറ്റി കൗണ്‍സിലിലെ അറബ് അംഗമായ അള്‍ജീരിയ അവതരിപ്പിക്കാനിരുന്ന വെടിനിർത്തല്‍ പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീല്‍ഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. ഈ പ്രമേയം ബന്ദി കൈമാറ്റത്തിന് വിലങ്ങു തടിയാകുമെന്നാണ് യു.എസിന്റെ ആരോപണം.