ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നു പൂര്‍ണ്ണമായി ഒഴിവാക്കി മന്ത്രിസ്ഥാനം തൊറിപ്പിച്ച് ചാണകവെള്ളം തളിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി ആലത്തൂരില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാധാകൃഷ്ണനെ ഒതുക്കാന്‍ വേറെ ഒരു വഴിയും ഇല്ലാതെ വന്നതോടെയാണ് ലോക്‌സഭാ സീറ്റു വെച്ച് അവസാനത്തെ അടവെടുത്തിരിക്കുന്നത്. ചേലക്കരയുടെ സ്വന്തം രാധേട്ടന്‍ ആലത്തൂരില്‍ മത്സരിക്കാന്‍ വിസ്സമ്മതിച്ചു. എന്നാല്‍, പാര്‍ട്ടി തീരുമാനം അനുസരിക്കണം എന്ന വാളോങ്ങിയാണ് സമ്മതം വാങ്ങിയിരിക്കുന്നത്.
പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള സീനിയര്‍ മെമ്പറും ഏക മന്ത്രിയുമായ കെ. രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ മത്സരിക്കുന്നതോടെ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്നുറപ്പാണ്. ഇതോടെ മന്ത്രിസഭയിലെ പിണറായിക്കൊപ്പമുള്ള സീനിയര്‍ അംഗത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക മന്ത്രി കൂടിയാണ് രാധാകൃഷ്ണന്‍. രാജ്യസഭയില്‍ എം.പിയായിരുന്ന പി.രാജീവും, എം.ബി രാജേഷിനെയും മത്സരിപ്പിക്കാതെയാണ് രാധാകൃഷ്ണനിലേക്ക് പാര്‍ട്ടി കണ്ണെറിഞ്ഞിരിക്കുന്നത്. ദേവസ്വം മന്ത്രിയായി ഒരു പട്ടികജാതിക്കാരനെ ഇരുത്തിയിരിക്കുന്നതിന്റെ ബുദ്ധിമുട്ട് എന്‍.എസ്.എസും മറ്റു സംഘടനകളും നേരത്തേ തന്നെ പരസ്യമായും രഹസ്യമായും ഉന്നയിച്ചിട്ടുള്ളതാണ്.
ഈ ബുദ്ധി മുട്ട് പരിഹരിക്കുകയാണ് സി.പി.എമ്മിന്റെ മറ്റൊരു ലക്ഷ്യം. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ. രാധാകൃഷ്ണന്റെയും കെ.കെ ശൈലജയുടെയും പേരുകളാണ് പരാമര്‍ശിക്കപ്പെട്ടിരുന്നത്. പിണറായി വിജയനേക്കാള്‍ കൂടുതല്‍ സ്വീകാര്യതയും ഈ രണ്ടു പേരുകാര്‍ക്കും ലഭിക്കുകയും ചെയ്തിരുന്നു. ഇതില്‍ കെ. രാധാകൃഷ്ണന്റെ പേര് പരാമര്‍ശിക്കപ്പെട്ടത്, കേരളത്തിന്റെ ചരിത്രം മാറ്റി എഴുതുന്ന മുഖ്യമന്ത്രിയാകുമെന്നായിരുന്നു. പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രി. ഇത് ചരിത്രമാണ്. സി.പി.എമ്മിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തെ പൂര്‍ണ്ണായും കൂടെ നിര്‍ത്താനാകുന്ന ഒരു തീരുമാനമായാണ് അന്ന് കണ്ടിരുന്നത്.
എന്നാല്‍, പാര്‍ട്ടിയിലെ അതികായന്‍മാരില്‍ പ്രധാനിയായ പിണറായി വിജയന്‍ ഈ ഒരു ചരിത്ര മാറ്റത്തിന് തയ്യാറല്ലായിരുന്നു. തന്റെ ചരിത്രം കേരളത്തില്‍ എഴുതാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് രണ്ടാം തവണയും പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. അല്ലെങ്കില്‍, ചരിത്രം മറ്റൊന്നായേനെ. എന്നാല്‍, ഇത്തവണ ചരിത്രം മറ്റൊരു രീതിയില്‍ തിരുത്താനാണ് മുഖ്യമന്ത്രി പാര്‍ട്ടി തീരുമാനത്തിലൂടെ ശ്രമിക്കുന്നത്. ലോക്‌സഭയിലേക്ക് ഒരു മന്ത്രിയെ മത്സരിപ്പിക്കുക. അതിലൂടെ ചേലക്കരയുടെ മന്ത്രിയെ വെറും സ്ഥാനാര്‍ത്ഥിയാക്കി മാറ്റുക. എം.എല്‍.എ സ്ഥാനം രാജി വെയ്ക്കാതെ ലോക്‌സഭിലേക്ക് മത്സരിക്കാം.
എന്നാല്‍, മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വരും. ഇതോടെ പട്ടിക ജാതിക്കാരന്‍ ദേവസ്വം മന്ത്രിയായതിന്റെ ക്ഷീണം തീര്‍ക്കാനാകും. കൂടാതെ, പിണറായി വിജയനുമായുള്ള സീനിയോരിട്ടി പ്രശ്‌നവും പരിഹരിക്കാനാകും. 1996ല്‍ പിണറായി വിജയനൊപ്പമാണ് രാധാകൃഷ്ണന്‍ ആദ്യമായി മന്ത്രിയാകുന്നത്. മന്ത്രി എന്ന നിലയില്‍ പിണറായിയും അന്ന് കന്നിക്കാരനായിരുന്നു. 1996 മുതല്‍ 1998 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതു വരെ വൈദ്യുതി – സഹകരണം എന്നീ വകുപ്പുകളായിരുന്നു പിണറായിക്ക്. ചടയന്‍ ഗോവിന്ദന്‍ മരിച്ചതോടെയാണ് മന്ത്രി സ്ഥാനം രാജിവെച്ച് സംഘടനാ നേതൃത്വത്തിലേക്ക് പിണറായി പൂര്‍ണ്ണമായും മാറിയത്. എന്നാല്‍, രാധാകൃഷ്ണന്‍ അപ്പോഴും, അതിനു ശേഷവും സര്‍ക്കാര്‍ പ്രതിനിധിയായിത്തന്നെ ഉണ്ടായിരുന്നു എന്നതാണ് വസ്തുത.
എന്നാല്‍, 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും മന്ത്രിമാരായി ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇത്തവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയും, ദേവസ്വം’ പിന്നാക്കക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല രാധാകൃഷ്ണനുമായി. ഇവര്‍ രണ്ടുപേരെയും ഒഴികെ മന്ത്രിസഭയിലെ മറ്റെല്ലാവരും പുതുമുഖങ്ങളാണ്. അതായത് പിണറായി മന്ത്രിസഭയിലെ രണ്ടാമനാര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. അത് കെ രാധാകൃഷ്ണന്‍ മാത്രമാണ്. മന്ത്രിസഭയിലെ അനുഭവസമ്പത്ത് പരിഗണിച്ചാല്‍ പിണറായി വിജയനോളം അല്ലെങ്കില്‍ അതിനേക്കാള്‍ തന്നെ പരിചയ സമ്പന്നന്‍.
മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് രണ്ട് വര്‍ഷത്തെ മന്ത്രി പദവിയിലിരുന്നുള്ള പരിചയമേ പിണറായിക്കുള്ളൂ. എന്നാല്‍. മുമ്പ് സയനാര്‍ മന്ത്രിസഭയില്‍ 5 വര്‍ഷത്തെ മന്ത്രി എന്ന നിലയിലെ അനുഭവസമ്പത്ത്, 2006ല്‍ വി.എസ് മന്ത്രിസഭയുടെ കാലത്ത് സ്പീക്കര്‍, 2001ല്‍ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ മന്ത്രിസഭാ കാലത്ത് പ്രതിപക്ഷ ചീഫ് വിപ്പ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയവും രാധാകൃഷ്ണനുണ്ട്. ഇതിനെല്ലാം പുറമേ സംഘടനാ രംഗത്തും വേണ്ടുവോളം പ്രവൃത്തി പരിചയവും അദ്ദേഹത്തിന് കൈമുതലായിട്ടുണ്ട്.
നിലവില്‍ സര്‍ക്കാരിലെ ഏറ്റവും ജനകീയനായ മന്ത്രി എന്ന പ്രതിച്ഛായയുമുള്ള വ്യക്തിത്വമാണ് രാധാകൃഷ്ണന്‍. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്. ചേലക്കര മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാല് തവണയാണ് വിജയിച്ചത്. 1996ലാണ് ആദ്യമായി ചേലക്കരയില്‍ മത്സരിക്കുന്നത്. അതുവരെ ഒരു കോണ്‍ഗ്രസ്സ് കോട്ടയായിരുന്ന ചേലക്കരയില്‍ സിപിഎം ചെങ്കൊടി പാറിച്ചത് രാധാകൃഷ്ണനിലൂടെയായിരുന്നു. പിന്നീട് ചേലക്കരയെന്നാല്‍ കെ രാധാകൃഷ്ണനായി മാറി. ചേലക്കരയിലെ ജനങ്ങളോട് അവരുടെ രാധേട്ടനെക്കുറിച്ച് ചോദിക്കുമ്പോള്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ചു ശരിവയ്ക്കുന്ന ചിലതുണ്ട്.
അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ കറ പുരളാത്ത ഒരു വ്യക്തിയാണ് അദ്ദേഹം എന്നത്. അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ചേലക്കര ഒരു കുഗ്രാമമായിരുന്നു. ഭൂരിഭാഗവും നിത്യവേദനക്കാരായ പാവപ്പെട്ടവര്‍. വൈദ്യുതിയില്ലാത്തവര്‍, വീടില്ലാത്തവര്‍, കുടിവെള്ളമില്ലാത്തവര്‍, ഉന്നത വിദ്യാഭ്യാസത്തിനായി മൈലുകളോളം സഞ്ചരിക്കേണ്ടി വരുന്നവര്‍. അങ്ങിനെയുള്ള ജനതയ്ക്ക് ഇടയിലേക്കാണ് വികസനത്തിന്റെ പുതിയ മാര്‍ഗ്ഗരേഖയുമായി രാധാകൃഷ്ണന്‍ കടന്നു ചെല്ലുന്നത്
2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെയാണ് രാധാകൃഷ്ണന്റെ വിജയം. 2016 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുന്ന രാധാകൃഷ്ണന്‍ സംഘടനാ രംഗത്ത് സജീവമായി. സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറിയായി. പിന്നീട് കേന്ദ്രകമ്മിറ്റി അംഗവും. പൂര്‍ണമായി സംഘടനാ പ്രവര്‍ത്തനവും കൃഷിയുമായി കഴിഞ്ഞിരുന്ന രാധാകൃഷ്ണന്‍ 2021 ല്‍ 39400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും ചേലക്കരയില്‍ നിന്നും ജയിച്ചു കയറി.
എസ്എഫ്‌ഐയിലൂടെയാണ് രാധാകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. കേരള വര്‍മ കോളേജില്‍ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രട്ടറി, തൃശൂര്‍ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുണ്ട്. ഡിവൈഎഫ്‌ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും,ഗ്രന്ധശാലാ സംഘം, സമ്പൂര്‍ണ സാക്ഷരതാ യജ്ഞം എന്നിവയിലും സജീവമായി പങ്കാളിയായിരുന്നു.1991 ലാണ് വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നും തൃശ്ശൂര്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക