ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ വി.എസ്. അച്യുതാനന്ദന്റെയും കൈകളുണ്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോള്‍ ചുരുളഴിയുന്നത്. വി.എസ് നൂറാം ജന്‍മദിനം ആഘോഷിച്ചു കഴിഞ്ഞ വേളയില്‍ ടി.പി. ചന്ദ്ര ശേഖരന്റെ കൊലപാതകത്തിന്റെ പേരില്‍ വീണ്ടും വി.എസ് എന്ന രണ്ടക്ഷരം ഉയര്‍ന്നു കേള്‍ക്കുകയാണ്. ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലാണ് വീണ്ടും ആ കമ്യൂണിസ്റ്റ് നായകന്റെ രംഗ പ്രവേശം.
2023 ഒക്ടോബര്‍ 20നായിരുന്നു വി.എസിന് നൂറു വയസ് തികഞ്ഞത്. അതുമായി ബന്ധപ്പെട്ട് വി.എസിന്റെ സന്തത സഹചാരിയും പി.എയുമായിരുന്ന എ. സുരേഷാണ് തന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്ന രഹസ്യം വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു പറഞ്ഞത്. ടി.പി. ചന്ദ്രശേഖരനെ സി.പി.എം കൊലചെയ്യുമെന്ന് വി.എസ്. അച്യുതാനന്ദന് വളരെ നേരത്തേ അറിയാമായിരുന്നു എന്നാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം ടി.പി. ചന്ദ്രശേഖരനോട് വി.എസ് നേരിട്ട് പറയുകയും ചെയ്തിരുന്നുവെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് പറഞ്ഞിരിക്കുന്നു.
സുരേഷ് ഇപ്പറഞ്ഞതിന്റെ ഉള്ള് എന്താണെന്ന് മാധ്യമങ്ങളൊന്നും ചികഞ്ഞു നോക്കിയില്ല. വി.എസിന്റെ നൂറാം ജന്‍മദിന സ്‌പെഷ്യല്‍ എന്ന നിലയില്‍ സുരേഷിന്റെ വാക്കുകളും ഒഴുകിപ്പോയി. എന്നാല്‍, ടി.പി. എന്ന രക്തസാക്ഷിയെ ഓര്‍ക്കുന്തോറും, ആ അരുംകൊലയെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനുത്തരവാദികളെക്കൂടി കാലം വെറുതേ കൊണ്ടുവന്ന് വെളിച്ചത്തു നിര്‍ത്തും. അങ്ങനെ തെളിഞ്ഞതാണ് ടിപി വധത്തിലെ വി.എസ്സിന്റെ സ്‌നേഹം നിറച്ചുള്ള പങ്ക്.
ഇന്റര്‍വ്യൂവില്‍ എ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ‘ആലുവ ഗസ്റ്റ് ഹൗസിലേക്ക് ടിപിയെ വിളിക്കാന്‍ വിഎസ് തന്നെയാണ് എന്നോടു പറഞ്ഞത്. രണ്ടുമണിക്കൂറോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ടി.പിക്ക് വധഭീഷണി ഉണ്ടെന്നു പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയ സമയമാണ്. ബൈക്കിലെ യാത്ര നിര്‍ത്തി കാര്‍ ഏര്‍പ്പാടാക്കണമെന്ന് വി.എസ് പറഞ്ഞു. അതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നും അറിയിച്ചു.
‘പാര്‍ട്ടി തീരുമാനമാണെങ്കില്‍ ഞാന്‍ ഹെലികോപ്റ്ററില്‍ പോയാലും അതു നടപ്പിലാക്കിയിരിക്കുമല്ലോ’ എന്നായിരുന്നു ടിപിയുടെ മറുപടി. ‘എനിക്കു പേടിയില്ല സഖാവേ’ എന്നും പറഞ്ഞു പോയി. വി.എസിന് വലിയ ഇഷ്ടമുള്ളയാളായിരുന്നു ടിപി.’ എന്നും സുരേഷ് പറയുന്നു. സുരേഷിന്റെ വാക്കുകളിലൂടെ പുറത്തുവരുന്ന ഞെട്ടിക്കുന്ന സത്യം കേരളം ഇനിയെങ്കിലും അറിയണം. വി.എസിനെ കണ്ണേ കരളേ എന്നു നോക്കുന്നവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് കൂടി വെളിവാകുകയാണ്. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിക്കുള്ള കൃത്യമായ മറുപടിയാണ് സുരേഷ് പറഞ്ഞു പോയത്.
എങ്കിലും വി.എസ്സിന് രക്ഷിക്കാനാവുമായിരുന്ന ഒരു ജീവനാണ് ടിപി ചന്ദ്രശേഖരന്റേതെന്ന് വിശ്വസിക്കുന്ന കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നുമുണ്ട്. കാരണം, വി.എസ് പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു സഖാവ് കൂടിയായിരുന്നു ടി.പി. എന്നാലതുണ്ടായില്ല. പാര്‍ട്ടി വാടകഗുണ്ടകളെ വെച്ച് കൊല്ലുമെന്നും, സൂക്ഷിക്കണമെന്നും പറയുക മാത്രമാണ് തന്റെ കടമയെന്നാണ് വി.എസ് അവിടെ കരുതിയതെന്ന് മനസ്സിലേക്കാണ്ടി വരും. വി.എസ്സിനൊപ്പം നിന്നവരുടെയെല്ലാം ഗതി ഇങ്ങനെയൊക്കെ ആയിമാറിയെന്നത് ചരിത്രം.
അതിനുദാഹരണമാണ് വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എ. ഷാജഹാന്റെ ഇപ്പോഴത്തെ അവസ്ഥ. സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ പാര്‍ട്ടിക്കെതിരേയും പിണറായി വിജയനെതിരേയും എല്ലാ ആയുധവും പയറ്റുമ്പോഴും നീക്കിയിരിപ്പ് എന്താണെന്നു ചോദിച്ചാല്‍ അദ്ദേഹം ചിലപ്പോള്‍ പൊട്ടിക്കരയും. ചര്‍ച്ചാ തൊഴിലാളിയുടെ റോളില്‍ നടക്കുമ്പോഴും ഏതെങ്കിലും വാടകക്കൊലയാളിയുടെ കത്തി, തനിക്കു പുറകില്‍ എപ്പോഴുമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നാവും.
സുരേഷ് പറയുന്നതില്‍ തന്നെ ടി.പിയെ കൊലപ്പെടുത്തുമെന്ന് വി.എസിന് അറിയാമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. ടി.പി.യെ വിളിച്ചു വരുത്തിയാണ് വി.എസ് സൂക്ഷിക്കണമെന്നു പറയുന്നത്. തനിക്കുവേണ്ടി ജീവന്‍ പോയാലും നില്‍ക്കുമെന്നു പറയുന്ന സഖാവിന്റെ ജീവന് എത്ര വിലയാണ് വി.എസ് നല്‍കിയതെന്നു നോക്കൂ. അയാളെ പിന്നീട് 51 വെട്ടുവെട്ടി നുറുക്കുകയായിരുന്നില്ലേ. ടി.പി.യെ വെട്ടിയ വെട്ടെല്ലാം വി.എസിനെ വെട്ടിയതാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഗ്രൂപ്പും കളിച്ച് ഈ വഴി ഇനി വന്നാല്‍, കൂടെയുള്ളവരെ വെട്ടിനുറുക്കുമെന്നായിരുന്നു ടിപിയെ വെട്ടി കൊന്നതു വഴി മറുപക്ഷം നല്‍കിയ മുന്നറിയിപ്പ്.
ഇത് തന്നെയാണ് വെട്ടിയതെന്ന് ഉള്ളുകൊണ്ടു മനസ്സിലാക്കിയിട്ടാണോ വി.എസ് അന്ന് ടി.പിയുടെ വീട്ടില്‍ പോയതും കെ.കെ രമയെ ആശ്വസിപ്പിച്ചതും. പാര്‍ട്ടി പോകരുതെന്നു പറഞ്ഞിട്ടും വി.എസ് പോയത്, തനിക്കു രക്ഷപ്പെടുത്താനായില്ലല്ലോ എന്ന കുറ്റ ബോധം കൊണ്ടാണോ. അതോ തനിക്കീ രക്തത്തില്‍ പങ്കില്ലെന്ന് വരുത്തി തീര്‍ക്കാനോ. തനിക്കുവേണ്ടി കൂടെ നിന്നവന്റെ മരണം മുന്നില്‍ കണ്ടിട്ടും, അയാളെ കൊലയ്ക്കു കൊടുക്കുകയല്ലേ വി.എസ് ചെയ്തത്. സ്വന്തം പാര്‍ട്ടി ഒരാളെ കൊല്ലാന്‍ തീരുമാനിച്ചിട്ടും അത് തടയാന്‍ കഴിയാത്ത വി.എസ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത് തന്നെ ഗ്രൂപ്പിസത്തിന്റെ ഉപജ്ഞാതാവെന്നാണ്.
സി.പി.എമ്മിലെ വെട്ടിനിരത്തലും ഗ്രൂപ്പുകളിയിലും സമര്‍ദ്ധമായി പയറ്റിത്തെളിഞ്ഞ വി.എസ് അന്നും എന്നും സ്വന്തം കാര്യം സിന്ദാബാദ് മാത്രമായിരുന്നു നോക്കിയിരുന്നത്. അതിനായി ജനകീയ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുവെന്ന മുഖവും മുന്നില്‍ വെച്ചിരുന്നുവെന്നാണ് മറുഭാഗം ആരോപിക്കുന്നത്. എന്നാല്‍, വി.എസിനൊപ്പം ഗ്രൂപ്പായി നിന്നവര്‍ക്കും, വി.എസിനു വേണ്ടി പൊരുതി ഒറ്റപ്പെട്ടു പോയവര്‍ക്കും നിര്‍ദാക്ഷണ്യം ജീവനും ജീവിതവും നഷ്യപ്പെടുന്നതാണ് കേരളം പിന്നീട് കണ്ടത്. അവിടെയൊക്കെ, വി.എസ് ഇരുതമൂരിയുടെ സ്വഭാവത്തോടെയാണ് പിടിച്ചു നിന്നതെന്ന് ഔദ്യോഗിക പക്ഷ മറുഗ്രൂപ്പുകാര്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്.
തനിക്കനുകൂലമാകുന്ന സാഹചര്യമാണ് പാര്‍ട്ടിയില്‍ ഉണ്ടാകുന്നതെങ്കില്‍ കൂടെ നില്‍ക്കുന്നവരെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. എന്നാല്‍, തനിക്കു പ്രതികൂലമായാണ് പാര്‍ട്ടി നിലപാട് മാറുന്നതെങ്കില്‍, തനിക്കൊപ്പം നില്‍ക്കുന്നവരെ നിഷ്‌ക്കരുണം തള്ളിക്കളയുകയും ചെയ്യും സ്വന്തം നിലനില്‍പ്പ് സുരക്ഷിതമാക്കുകയും ചെയ്യും. ഇതാണ് വി.എസ് എന്ന രണ്ടക്ഷരത്തിന് ഔദ്യോഗിക പക്ഷം നല്‍കിയിരിക്കുന്ന ബാക്കിപത്രം. ഒരാളുടെ ജീവനാണോ പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്കാണോ വി.എസിന് അന്ന് വലുത് എന്നു ചോദിച്ചാല്‍, ഗ്രൂപ്പായിരുന്നു വലുതെന്ന് നിസ്സംശയം പറയേണ്ടിവരും.
പിണറായി വി.എസ് ഗ്രൂപ്പുകളുടെ വടംവലിക്കിടയില്‍ വി.എസിനൊപ്പം നിലയുറപ്പിച്ചവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുകയായിരുന്നു മറുപക്ഷം. അന്നൊന്നും കൂടെയുള്ളവരെ സംരക്ഷിക്കാത്ത വി.എസിന്റെ കുരുതിയായിരുന്നു ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് നിസ്സംശയം പറയാനാകും. അതാണ് വി.എസിന്റെ പി.എ കൂടിയായിരുന്ന എ. സുരേഷിന്റെ വാക്കുകള്‍ക്കുള്ളില്‍ നിന്നും വായിച്ചെടുക്കാനാകുന്നതും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക