നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരോ ?: കാണാതായ 49 കുട്ടികള്‍ എവിടെ; ഭിക്ഷാടന മാഫിയ പിടി മുറുക്കുന്നോ

ഭയപ്പെടേണ്ട ജാഗ്രത മതി. ഇത് ആരോടാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കുട്ടികളോടല്ലെന്നുറപ്പാണ്. കാരണം, ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം പേട്ടയില്‍ നിന്നും ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരി എന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതോടെ ഇത് വ്യക്തമായിക്കഴിഞ്ഞു. കേരളം ഭയപ്പെടുകയാണ്. സര്‍ക്കാരിന്റെ ജാഗ്രതയില്ലായ്മയില്‍. ഓരോ സംഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തത് എന്തുകൊണ്ടാണ് എന്നതിനാണ് ഉത്തരം കിട്ടേണ്ടത്. ഇന്ന് തിരുവനന്തപുരത്തു നിന്നാണെങ്കില്‍ നാളെ കൊല്ലത്തു നിന്നും, പിന്നെ ആലുവയില്‍ നിന്നും. ഇങ്ങനെ ചെറിയ ഇടവേളകളില്‍ കുട്ടികളെ കാണാതാവുകയോ, തട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. 

അറുതിയില്ലാത്ത കുട്ടിക്കടത്തുകള്‍ ചെന്നെത്തുന്നത് ക്രൂരമായ കൊലപാതകങ്ങളിലോ, പീഡനങ്ങളിലോ വിലപേശലുകളിലോ ആണെന്നതാണ് വസ്തുത. ഇങ്ങനെ പോലീസിനെ കബളിപ്പിക്കുന്ന സംഘങ്ങളെ തളയ്ക്കാന്‍ ഒരു മാര്‍ഗവുമില്ലേ. കുട്ടികള്‍ സുരക്ഷിതരല്ലാത്ത കേരളം എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടാകുന്നത്. അതേസമയം, സംസ്ഥാനത്തു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും 97 % കുട്ടികളെയും കണ്ടെത്തുന്നതായാണ് പൊലീസ് ഭാഷ്യം. തട്ടിക്കൊണ്ു പോകുന്ന കുട്ടികളില്‍ പലതിനെയും കണ്ടെത്തുമ്പോള്‍ ജീവനുണ്ടാകില്ല എന്നു മാത്രം. 

പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടു പോയ കുട്ടിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 16 വയസ്സിനു താഴെയുള്ള കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പൊലീസില്‍ പ്രത്യേക സംഘങ്ങള്‍ വരെയുണ്ടാക്കിയിട്ടുണ്ട്. ദക്ഷിണ മേഖലയില്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലും ഉത്തര മേഖലയില്‍ കാസര്‍കോട് എസ്പിയുടെ നേതൃത്വത്തിലുമാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയില്‍ കുട്ടികളെ കാണാതായാല്‍ ആദ്യ ആഴ്ചയില്‍ ലോക്കല്‍ പൊലീസ് അന്വേഷിക്കും. കണ്ടെത്താനായില്ലെങ്കില്‍ പ്രത്യേക സംഘത്തിനു കേസ് കൈമാറുകയാണ് ചെയ്യുന്നത്. ഉത്തര-ദക്ഷിണ മേഘലകളിലെ പ്രത്യേക അന്വേഷണ സംഘങ്ങളില്‍ 12 പൊലീസ് ഉദ്യോഗസ്ഥര്‍ വീതമുണ്ട്. 

ഈ സംഘം അന്വേഷിച്ച കേസുകളില്‍ 95 ശതമാനവും വിജമായിരുന്നുവെന്നാണ് പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാം സാക്ഷ്യപ്പെടുത്തുന്നത്. തട്ടിക്കൊണ്ടു പോകുന്നതിനു പിന്നില്‍ ഭിക്ഷാടന മാഫിയ, ഇതര സംസ്ഥാനക്കാര്‍ എന്നിവരാണു കൂടുതല്‍. കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും കൂടിക്കൂടി വരുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2005ല്‍ 589 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് 2019 ആയപ്പോഴേക്കും അത് 4453 ആയി ഉയര്‍ന്നിട്ടുണ്ട്. 2005ല്‍ 720 കുട്ടികള്‍ പീഡനത്തില്‍ ഇരയായെങ്കില്‍ 2019ല്‍ 1313 ആയി ഉയര്‍ന്നു. 2016ല്‍ 958, 2017ല്‍ 1045, 2018ല്‍ 1137 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. 2015ലും 2016ലും യഥാക്രമം 39, 33 കുട്ടികള്‍ കൊല്ലപ്പെട്ടു. 2019ല്‍ ഇത് 20 ആയിരുന്നു. 2005ല്‍ 4 കുട്ടികളെ തട്ടിക്കൊണ്ടുപോയി. 2018,2019 വര്‍ഷങ്ങളില്‍ 11 വീതം കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്. 

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നു തെളിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. എം.കെ. മുനീറിന്റെ സബ്മിഷന് കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ഈ വിശദീകരണം. ഇങ്ങനെയാണ് ആ മറുപടി: ‘ ആലപ്പുഴ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടുണ്ട്. പ്രതിയായ ആന്ധ്രാ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. 2017ല്‍ സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളില്‍ 1725 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണ്.’ 

എം.കെ. മുനീറിന്റെ സബ്മിഷന് മറുപടി കൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പേട്ടയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. മുഖ്യമന്ത്രി പറയുന്നതാണോ അതോ തട്ടിപ്പു സംഘങ്ങളുടെ പ്രവൃത്തിയാണോ സത്യം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയയുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നു പറയുമ്പോള്‍ത്തന്നെ 2017ല്‍ കാണാതായ 49 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന ഞെട്ടിക്കുന്ന വിവരം മറച്ചു വെയ്ക്കാനാവില്ല. രണ്ടു തരം ഭിക്ഷാടക സംഘങ്ങളുണ്ടെന്നാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും പറയുന്നത്. 

കേരളത്തിനകത്തു മാത്രം പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ഇതില്‍ ഒന്നാമത്തേത്. പ്രധാന ജില്ലകളിലോ പട്ടണങ്ങളിലോ ഒരു മാസ്റ്റര്‍ ഇവരെ നിയന്ത്രിക്കും. മേഖല തിരിച്ചാണു ഭിക്ഷാടനം. ഈ സംഘങ്ങളെല്ലാം ഏതെങ്കിലുമൊരു വിധത്തില്‍ ലഹരി വില്‍പനക്കാരുമായേ മോഷ്ടാക്കളുമായോ ബന്ധമുണ്ടാകും. അടഞ്ഞുകിടക്കുന്ന വീടുകള്‍, ഒറ്റയ്ക്ക് താമസിക്കുന്ന വീടുകള്‍, സുരക്ഷിത വഴികള്‍ തുടങ്ങിയവയെ കുറിച്ച് മോഷ്ടാക്കള്‍ക്കു വിവരം കൈമാറുന്നത് ഇവരാണ്. തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന സംഘങ്ങളാണ് മറ്റൊരു കൂട്ടര്‍. ഒന്നോ രണ്ടോ ദിവസം മാത്രം കേരളത്തില്‍ തങ്ങി മോഷണവും ഭിക്ഷാടനവും മറ്റും നടത്തി പോകുന്ന ഇവരെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. 

ഇത്തരക്കാരാണു കുട്ടികളെ നോട്ടമിടുന്നതില്‍ പ്രധാനികള്‍. നാലു വയസ്സു വരെയുള്ള കുട്ടികളെയാണു ഇവര്‍ ലക്ഷ്യമിടുന്നത്. തട്ടിക്കൊണ്ടു പോകാന്‍  എളുപ്പമായതു കൊണ്ടാണ് കുട്ടികളെ ലക്ഷ്യം വെക്കുന്നത്. പിടിക്കപ്പെട്ടാലും കുട്ടികള്‍ക്ക് വീടും സ്ഥലവും പറയാന്‍ തക്ക ഓര്‍മ്മയുണ്ടാകില്ല. 2023 സെപ്റ്റംബര്‍ വരെ കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പോലീസ്. കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ പ്രലോഭനങ്ങള്‍ക്കു വിധേയമായി മറ്റുള്ളവര്‍ക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ഉള്‍പ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.


18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം 269 കുട്ടികളെയും 2021-ല്‍ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അതേസമയം, പേട്ടയില്‍നിന്ന് ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ഹൈദരാബാദ് സ്വദേശികളുടെ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ കാണാതായി ഒന്‍പത് മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണു തിരിച്ചല്‍ പുരോഗമിക്കുന്നത്. 

തിരുവനന്തപുരം ജില്ലയില്‍ ഷാഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായാണ് പരിശോധന നടക്കുന്നത്. കന്യാകുമാരി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മഞ്ഞനിറത്തിലുള്ള ആക്ടിവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്തെങ്കിലും സംശയമോ സൂചനയോ ലഭിക്കുന്ന പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വിവരങ്ങള്‍ അറിയിക്കാനായി പേട്ട പൊലീസ് നമ്പറുകള്‍ പുറത്തുവിട്ടു. വിവരങ്ങള്‍ ലഭിക്കുന്നവര്‍ 9497947107, 9497960113, 9497980015, 9497996988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെടുകയാണ്. 

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് പേട്ടയില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. ആക്ടിവ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിക്കുന്നത്. പേട്ട ഓള്‍ സെയിന്റ്സ് കോളജിനു സമീപത്തെ വഴിയരികിലാണു കുട്ടികള്‍ ഉറങ്ങിയിരുന്നത്. കോളജിനു പിറകുവശത്തെ ചതുപ്പില്‍ ടെന്റ് അടിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. കാണാതാകുമ്പോള്‍ കറുപ്പില്‍ പുള്ളിയുള്ള ടീ ഷര്‍ട്ടാണു കുട്ടി ധരിച്ചിരുന്നതെന്നു കുടുംബം പറയുന്നു. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക