ബി.ജെ.പി ‘പ്രേമ’ത്തില്‍, പ്രേമ ചന്ദ്രന്റെ തീന്‍ മേശ മര്യാദ: ഒരു കുഞ്ഞിനെ മെരുക്കാന്‍ മിഠായി കൊടുത്താല്‍ മതിയാകുമെന്ന ലളിത ചിന്ത ഇന്നിന്റെ രാഷ്ട്രീയ തന്ത്രം

കൊതുകിനെ കൊല്ലാന്‍ കൂടം കൊണ്ടടിക്കേണ്ട, കൈ വെച്ച് തല്ലിയാല്‍ മതിയാകും. പാറ്റയെ കൊല്ലാന്‍ ജെ.സി.ബി കയറ്റേണ്ടതില്ല, കമ്പുകൊണ്ട് അടിച്ചാല്‍ മതിയാകും. ഇതാണ് നരേന്ദ്രമോദിയും ചെയ്തത്. എന്‍.കെ. പ്രേമചന്ദ്രനെ മെരുക്കാന്‍ വെറുമൊരു തീന്‍മേശ സത്ക്കാരം കൊണ്ട് സാധിക്കുമെന്നു തെളിയിച്ചിരിക്കുന്നു. അല്ലാതെ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ സൂനാമിയൊന്നും വേണ്ട. എതിരാളെ വകവരുത്തുകയെന്ന പഴയകാല ആശയത്തില്‍ നിന്നും എതിരാളിയെ കൂടെനിര്‍ത്തുകയെന്ന പുതിയ കാലത്തിന്റെ പ്രയോക്താവാണ് മോദി.

ആയുധങ്ങളും പടക്കപ്പലുകളുമായി ആക്രമണങ്ങളും കൊലപാതകങ്ങളും പിടിച്ചടക്കലുകളുമായിരുന്നു പഴയകാല സാമ്രാജ്യത്വ സ്ഥാപകരുടെ ശൈല. ചോരകൊണ്ട് കണക്കു തീര്‍ക്കുന്ന ശൈലി. അന്നത്, ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും കൂടി പ്രതീകമായിരുന്നു. എന്നാല്‍, ഇന്ന് ചോരയൊഴുക്കല്‍ ഭയപ്പെടുത്തലിന്റെ മാനസിക വൈകൃതമായിക്കഴിഞ്ഞു. ഒരു കുഞ്ഞിനെ സ്‌നേഹത്തോടെ അടുത്തേക്കു വരുത്താന്‍ ഒരു മിഠായി കാട്ടിയാല്‍ മതിയാകുമെന്ന ലളിതമായ ചിന്തയാണ് ഇന്നിന്റെ രാഷ്ട്രീയ തന്ത്രം. തന്റെ നയം പറഞ്ഞാല്‍ നഖശിഖാന്തം എതിര്‍ക്കുമെന്നറിയാം. അതു മനസ്സിലാക്കി,

മെരുക്കിയെടുക്കാന്‍ കഴിയുന്ന മധുരതരമായ ലാളനയാണ് അവിടെ നല്‍കേണ്ടത് എന്ന കുതന്ത്രം പയറ്റുകയായിരുന്നു മോദി. ഇത് മനസ്സിലാക്കാന്‍ എന്തേ എന്‍.കെ പ്രേമചന്ദ്രമനെന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവിന് മനസ്സിലായില്ല. ഇന്ത്യയുടെ ഇന്നിന്റെ രാഷ്ട്രീയം ബി.ജെ.പിയാണ്. ആ ബി.ജെ.പി സംഘ പരിവാറിന്റെ കൂടെയല്ലെന്ന ഒറ്റ വാക്കു കൊണ്ടുള്ള തിരസ്‌ക്കരിക്കലാണ് സോഷ്യലിസ്റ്റുകാരെയാകെ ഞെട്ടിച്ചത്. വിധാന്‍ സഭയിലെ അടുക്കളപ്പുറത്തെ വിശേഷങ്ങള്‍ വിവാദമാകുന്നതു പോലും അതുകൊണ്ടാണ്.

പാര്‍ലമെന്റിലെ പ്രതിപക്ഷ ഭരണപക്ഷ എം.പിമാരില്‍ വെറും എട്ടുപേരോടു മാത്രം മോദിക്കുണ്ടായ പ്രേമത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതില്‍ തെറ്റുണ്ടാകില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സെഷനായിരുന്നു അത്. വരാനിരിക്കുന്നത് രാജ്യത്തെ ആര് നയിക്കണമെന്ന പരീക്ഷണവും. കഴിഞ്ഞ കാലത്തെയും, വരാനിരിക്കുന്ന കാലത്തെയും അടയാളപ്പെടുത്തുന്ന ഒരു കാലമായിരുന്നു ഇന്നത്തേത്. കഴിഞ്ഞ കാലത്ത് പൊളിക്കപ്പെട്ടതിനു പകരം ഇന്ന് പണിതുയര്‍ത്തിയത് വരാനിരിക്കുന്ന പൊളിക്കലുകള്‍ക്കു വേണ്ടിയാണ്. ഇതിന് ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ രാഷ്ട്രീയാതീത അുവാദം വേണം. അതുണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ തിരഞ്ഞെടുക്കപ്പെട്ടവരുമായുള്ള തീന്‍മേശാ ചര്‍ച്ച.

വളരെ പേഴ്‌സണലായിട്ടുള്ള കൂടിക്കാഴ്ചകള്‍ പൊതു ഇടങ്ങളില്‍ നടത്തപ്പെടുമ്പോള്‍, അതിനെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പാടില്ലെന്നാണ് എം.പി പ്രേമചന്ദ്രന്‍ പറയുന്നത്. രാഷ്ട്രീയം വേറെ സ്വകാര്യത വേറെ. നരേന്ദ്രമോദിയുടെ രാഷ്ട്രീയം ഗുജറാത്ത് കാലം മുതല്‍ കാണുന്നയാളാണ് പ്രേമചന്ദ്രനെന്ന് കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകിച്ച് പഠിപ്പിട്ടു കൊടുക്കേണ്ടതില്ല. പിന്നെ, രാഷ്ട്രീയ മാറ്റം എന്നത്, പ്രേമചന്ദ്രന്‍ ഇടതുപക്ഷത്തു നിന്നു വലതുപക്ഷത്തേക്ക് മാറിയ കാലവും മറക്കാറായിട്ടില്ല. വലതുപക്ഷത്തെ സോഷ്യലിസ്റ്റു പാര്‍ട്ടിയെന്ന ലേബലാണ് ആര്‍.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രനുള്ളതെന്ന് പറയാതെ വയ്യ.

അതുകൊണ്ട് രാഷ്ട്രീയ മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല എന്ന പ്രേമചന്ദ്രന്റെ പ്രമേയം തല്‍ക്കാലം കേരളം എടുക്കുന്നില്ല. ആദര്‍ഷത്തിന്റെ പേരിലൊന്നുമല്ല, പ്രേമചന്ദ്രനും ആര്‍.എസ്.പിയും ഇടതുപക്ഷം വിട്ടതെന്ന്പ്രത്യേകം പറഞ്ഞു തരേണ്ടതില്ല. സീറ്റു രാഷ്ട്രീയും അധികാര കസേരയും ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാനിരുത്തിയ കസേരയും പ്രധാനമാണ്. അതിന്റെ ബഹിര്‍സ്ഫുരണമാണ് ബി.ജെ.പിയെ വെള്ള പൂശിക്കൊണ്ടുള്ള പ്രേമചന്ദ്രന്റെ പ്രസ്താവന. തീന്‍മേശയില്‍ ഉണ്ടായ മഞ്ഞുരുക്കവും,

നിഷ്‌ക്കളങ്കമായ ചര്‍ച്ചകളും നാളേകളില്‍ ഒരുമിച്ചു നടക്കാന്‍ വെട്ടിയ വഴികളാകും. പ്രേമ ചന്ദ്രനോടു മാത്രമല്ല, മോദിക്ക് പ്രേമം തോന്നിയത് എന്നൊരു പ്രസ്തവനയ്ക്ക് താഴെ വരാന്‍ സാധ്യതയുള്ള കാര്യമിതാണ്. സോഷ്യലിസ്റ്റ് വിപ്ലവം തലയ്ക്കു പിടിച്ച പഴയ താപ്പാനകള്‍ പലരും കാലാന്തരത്തില്‍ സംഘപരിവാര ചേരിയിലേക്ക് കൂടുമാറിയ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ഇന്ദ്രപ്രസ്ഥത്തിലെ വിരുന്നു സത്ക്കാര വേദികളുടെ ചരിത്രമെന്ന്. മോദിക്കൊപ്പം ഊണു കഴിച്ചതിനോ, സംസാരിച്ചതിനോ, ചിരിച്ചതിനോ കളിച്ചതിനോ അല്ല കേരള ഭയക്കുന്നത്.

പ്രതിപക്ഷത്തെ നിഷ്‌ക്കാസനം ചെയ്യാന്‍ എല്ലാ അഠവും പയറ്റുന്ന ഏകാധിപതിയോട് സമരസപ്പെടുന്നതിനോടാണ് ഭയം. ഇന്ത്യന്‍ ഭരണഘടനയില്‍പ്പോലും ദൈവങ്ങള്‍ക്കാണ് കൂടുതല്‍ പ്രസക്തയെന്ന കാല്‍ക്കാശിനു വിലയില്ലാത്ത വലിയ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് ജനാധിപത്യത്തെ ഗില്ലറ്റിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവരോടാണ് അടുക്കുന്നത്. വെറുമൊരു പ്രേമചന്ദ്രനോടല്ല, കേരളത്തിലെ-ഇന്ത്യിലെ മതേതര കക്ഷികളുടെ നേതാക്കളോടെല്ലാമായാണ് പറയുന്നത്. ഇനിയും തീന്‍മേശകള്‍ ഒരുങ്ങും. ആയുധങ്ങളോ ഭയപ്പെടുത്തലുകളോ ഇല്ലാതെ, തേന്‍ വിളമ്പുന്ന തീന്‍മേശകളിലൂടെയാകും അവര്‍ അവരുടെ രാഷ്ട്രീയം വിളമ്പുക. 

മധുരത്തോടെ ഭക്ഷിക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ നിങ്ങളെത്തന്നെയാണ് കൊല്ലുന്നതെന്ന്. വഴിയരികിലോ, പരിചയമില്ലാത്തവരോ ദുഷ്പ്രവൃത്തികളും ദുഷ്ചിന്തകളും വെച്ചുപുലര്‍ത്തുന്നവരോ ആയവര്‍ തരുന്ന മിഠായികള്‍ മധുര പലഹാരങ്ങള്‍ വാങ്ങരുതെന്നും തിന്നരുതെന്നും, അവരുമായി ചങ്ങാത്തം കൂടരുതെന്നും മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നത് എന്തുകൊണ്ടാണ്. ഇതുതന്നെയാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ മെമ്പര്‍മാരോട് പറഞ്ഞു പഠിപ്പിക്കേണ്ടതും.

2014 മുതല്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗവും മുന്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭാ അംഗവുമായിരുന്ന കേരളത്തില്‍ നിന്നുള്ള ആര്‍.എസ്.പി നേതാവാണ് എന്‍.കെ. പ്രേമചന്ദ്രനെന്ന നിലയിലാണ് ഇത്തരം വിയോജിപ്പുകള്‍ ഉണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാറിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയാണ് എന്‍.കെ പ്രേമചന്ദ്രന്‍. ആരോപണങ്ങളെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. കേരളത്തിലും രാജ്യമൊട്ടുക്കും കോണ്‍ഗ്രസിന്റെ ശത്രു ബി.ജെ.പിയാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നത്.

ഇത് ഇടതുപക്ഷത്തിന്റെ ആക്രമണത്തെ ചെറുക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ്സിനും നന്നായറിയാം. കാരണം, യു.ഡി.എഫിലെ ഘടകകക്ഷിയുടെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസിനാകില്ല എന്നതു തന്നെ. ആര്‍.എസ്.പിയിലെ ഒരു നേതാവ് എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആ പാര്‍ട്ടിയാണ്. കേന്ദ്രത്തിലും ഇതേ അവസ്ഥ തന്നെയാണ്. എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയില്‍ ഒറ്റ പ്രതിപക്ഷമാകും. അപ്പോഴും എം.പിമാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം എന്നൊരു വഴിയുണ്ട്. 

ഈ വഴിയിലൂടെയാണ് മോദി സഞ്ചരിച്ചതും, പ്രേമചന്ദ്രനെ കണ്ടു മുട്ടിയിരിക്കുന്നതും. എന്തുകൊണ്ടാണ് മോദിയും ബി.ജെ.പിയും പ്രേമചന്ദ്രനിലേക്ക് നീങ്ങാന്‍ കാരണമെന്നതിന് ഉത്തരം കോണ്‍ഗ്രസ്സ് തന്നെ പറയുന്നുണ്ട്. ബി.ജെ.പിക്കെതിരേയും നരേന്ദ്ര മോദി സര്‍ക്കാരിനെതിരേയും പാര്‍ലമെന്റില്‍ ശക്തമായി ആക്രമിച്ചവരില്‍ പ്രധാനിയാണ് പ്രേമചന്ദ്രന്‍ എന്നാണ്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്ന് പ്രേമചന്ദ്രനും സമ്മതിക്കുന്നുണ്ട്.

ഈ രണ്ടു കാര്യങ്ങളുമാണ് നരേന്ദ്രമോദിയെ പ്രേമചന്ദ്രനിലേക്ക് എത്തിച്ചത്. ശക്തമായി പ്രതികരിക്കുന്നവനെ മികച്ച പാര്‍ലമെന്റേറിയനാക്കുന്നതിനേക്കാള്‍ തന്റെ ഇടംകൈ ആക്കുകയാണ് വേണ്ടതെന്ന് ചിന്തിച്ചതില്‍ എന്താണ് തെറ്റ്. പ്രധാനമന്ത്രിയുടെ ഇടതു വശത്താണ് പ്രേമചന്ദ്രന്റെ ഉച്ചയൂണിന്റെ ഇരിപ്പിടവും. പ്രേമചന്ദ്രനെന്ന സോഷ്യലിസ്റ്റിന്റെ ഇടതുപക്ഷത്തു നിന്നുള്ള വലതുപക്ഷ വ്യതിയാനം കണ്ടു. ഇനി വലതുപക്ഷത്തു നിന്നുള്ള വര്‍ഗീയ രാഷ്ട്രീയ വ്യതിയാനം എപ്പോഴാണെന്നാണ് അറിയേണ്ടത്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക