ഡബ്ലിൻ ∙ അയർലൻഡിലെ മലയാളം മിഷൻ ബ്ലാക്ക്റോക്ക് ചാപ്റ്ററിന്‍റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് വലിയ സ്വീകാര്യത കൂടുന്നു. കൂടുതൽ കുട്ടികൾ മലയാളം പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നതായി സംഘാടകർ പറഞ്ഞു. വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്‍റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താല്പര്യം വർധിക്കുകയാണ്.
അതിനാൽ ഡിവിഷൻ തിരിച്ച് ക്ലാസുകൾ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ലാസുകൾ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 5 മണിമുതൽ സ്റ്റില്ലോർഗനിലുള്ള സെന്‍റ് ബ്രിജിഡ്സ് പാരിഷ് സെന്‍ററിൽ ആയിരിക്കുമെന്ന് മലയാളം മിഷൻ ചീഫ് കോർഡിനേറ്റർ അഡ്വ. സിബി സെബാസ്റ്റ്യനും, പ്രസിഡന്‍റ് അനീഷ് വി ചെറിയാനും അറിയിച്ചു. ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് ക്ലാസിലെത്തി മലയാളം പഠിക്കാൻ സൗകര്യം ഒരുക്കുന്നതിനായിട്ടാണ് ശനിയാഴ്ച്ചത്തേക്ക് ക്ലാസുകൾ മാറ്റി ക്രമീകരിച്ചിരിക്കുന്നത്.
ഇംഗ്ലിഷ് സംസ്കാരത്തിനൊപ്പം നാടിന്‍റെ മണവും രുചിയും സംസ്കാരവും മരണം വരെ മറക്കാൻ കഴിയില്ലാത്ത മലയാളികൾ അവ കുട്ടികളിലേക്ക് പറന്നുകൊടുക്കേണ്ടത് അത്യാവശ്യമാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. ഇതൊരു സർട്ടിഫൈഡ് കോഴ്സാണ്
നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്‍റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നത്.
ബ്ലാക്ക്റോക്കിലെ സീറോ മലബാർ പാരിഷ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മലയാളം ക്ലാസുകൾ നടക്കുന്നത്. മലയാളം കുട്ടികളെ പഠിപ്പിക്കാൻ താല്പര്യത്തോടെ ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുപാട് പേര് ബ്ലാക്ക്റോക്കിലെ സെന്ററിൽ എത്തുന്നു. ജാതി മത ഭേദമന്യേ ആണ് കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നത്. കുട്ടികൾ കേരള സർക്കാരിന്‍റെ മലയാളം മിഷൻ പഠനകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം എന്നത് നിബന്ധന മാത്രമാണുള്ളത്. ഡബ്ലിനിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികൾക്ക് തങ്ങളുടെ കുട്ടികളെ അക്ഷരം പഠിപ്പിക്കാനും മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കാനും താല്പര്യം ഉണ്ടെങ്കിൽ അഡ്മിഷന് ഇനിയും അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
1. അഡ്വ. സിബി സെബാസ്റ്റ്യൻ – 0894433676
2. അനീഷ് വി ചെറിയാൻ – 0892606282
ക്ലാസുകൾ നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം:
St Brigid’s Parish Center, St Brigid’s Church Rd, Stillorgan, Dublin, A94 DD23
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക