ലണ്ടൻ ∙ ഗ്യാസ്, ഇലക്ട്രിസിറ്റി വിലയിലെ വർധനമൂലം പൊതുജനം നട്ടംതിരിയുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ എനർജി സപ്ലൈയർ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്‍റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വർധന. 2022-ൽ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ൽ പത്തിരട്ടിയിലേറെ വർധിച്ച് 750 ദശലക്ഷം പൗണ്ടായി.
നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്‍റെ പ്രവർത്തനനഷ്ടം പരിഹരിക്കാൻ സർക്കാർ ലഗുലേറ്ററായ ‘’ഓഫ്ജെം’’ നൽകിയ അനുമതിയുടെ മറവിൽ വൻ നിരക്കു വർധനയിലൂടെയാണ് എല്ലാ നഷ്ടവും പരിഹരിച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചത്. യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ ആരംഭിച്ച ഗ്യാസിന്‍റെയും വൈദ്യുതിയുടെയും വിലവർധനയിൽ ബ്രിട്ടനിൽ സാധാരണക്കാർ വലിയ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് കമ്പനിയുടെ മികച്ച നേട്ടത്തിന്‍റെ വാർത്ത പുറത്തുവരുന്നത്. ബ്രിട്ടനിൽ ഒരുവർഷത്തിനിടെ ഉണ്ടായ കനത്ത ജീവിത ചെലവ് വർധനയിൽ മുഖ്യ പങ്കുവഹിച്ചത് എനർജി വിലയിലെ ഈ വർധനയായിരുന്നു. രാജ്യത്താകെ ബ്രിട്ടിഷ് ഗ്യാസിന് 75 ലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക