ഓരോ തെരഞ്ഞെടുപ്പു കാലത്തും മുന്നണികള്‍ പുറത്തിറക്കുന്ന പ്രകടന പത്രികയിലെ ഒരു വിഷയം എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കും എന്നതാണ്. അതൊരു രാഷ്ട്രീയ ആയുധം എന്നിതലുപരി ആത്മാര്‍ത്ഥമായ ഇടപെടല്‍ നടന്നിട്ടില്ല എന്നതിന് ഉദാഹരണമാണ് 2016ലും, 2019ലും സെക്രട്ടേറിയറ്റിനു നടയില്‍ നടന്ന സമരങ്ങള്‍. നിലവിലെ സര്‍ക്കാരാണ് എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരെ കൂടുതല്‍ ദുരിതത്തിലാക്കിയത് എന്നല്ല, മാറിമാറി വന്ന സര്‍ക്കാരുകള്‍ എല്ലാം ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. ശാശ്വതമായ ഒരു പരിഹാരം കാണാന്‍ ആര്‍ക്കാണ് സാധിച്ചത് എന്നതാണ് ചോദ്യം.
എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് എന്നതു പോലെയാണ് സര്‍ക്കാരുകള്‍ ഇവരോട് കാട്ടിയിട്ടുള്ളത്. സ്വയം വരുത്തിവെച്ച വിനയൊന്നുമല്ല, ഈ ദുരിതം. വിഷം ശ്വസിക്കാനും, വിഷം കഴിക്കാനും നിര്‍ബന്ധിതരാകേണ്ടി വന്ന ഒരു ജനതയാണത്. അവരെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വവും. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ്. കേരളത്തിന്റെ നോവായി ഇന്നും എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ നില്‍ക്കുന്നു.
തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജീവിതത്തില്‍ വലിയ യാതനകള്‍ നേരിടേണ്ടി വന്നവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തെരുവില്‍ ഇറങ്ങേണ്ട ദുരവസ്ഥയാണ് ഇപ്പോഴും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2016 ജനുവരിയില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്യഗൃഹ ജീവികള്‍ക്കു സമാനമായി പിറക്കേണ്ടിവന്ന കുരുന്നുകള്‍ തൊട്ട്, വാര്‍ധക്യം ബാധിച്ചവര്‍ വരെ ആ സമരത്തിലുണ്ടായി.
മാധ്യമങ്ങള്‍ കഥന കഥകളാക്കി ഇവരുടെ മുഖങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒടുവില്‍ സര്‍ക്കാരുമായി ചര്‍ച്ചയായി. തുടര്‍ന്നുണ്ടായ ധാരണയില്‍ ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് പ്രഖ്യാപിച്ചു. ഏഴായിരത്തോളം അപേക്ഷകരില്‍ 4738 പേര്‍ക്കാണ് അനുമതി ലഭിച്ചത്. 1905 പേരെ ദുരിതബാധിതരായി കണ്ടെത്തിയെങ്കിലും അന്തിമ ലിസ്റ്റ് തയാറാക്കിയപ്പോള്‍ 287 ആയി ചുരുങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് 76 പേരെ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് 2019 ജനുവരി 30 മുതല്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ അമ്മമാര്‍ സമരം ആരംഭിച്ചു.
അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് 1905ല്‍ ഉള്‍പ്പെട്ട 18 വയസില്‍ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ബാക്കി 1031 പേരെ പരിശോധനയ്ക്ക് വിധേയരാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പിന്നീട് ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. തുടര്‍ നടപടികളും ഉണ്ടായില്ല. ആരും ഇതേക്കുറിച്ച് ചോദിച്ചതുമില്ല, അന്വേഷിച്ചുമില്ല. ഇതിനു പിന്നാലെയാണ് 2011നു ശേഷം ജനിക്കുന്ന കുട്ടികളെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണക്കാക്കാന്‍ സാധിക്കില്ല എന്ന വിചിത്രമായ ഒരു ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
അഞ്ചു തലമുറകള്‍ വരെ എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ ഉണ്ടാകും എന്ന് പഠനങ്ങള്‍ കണ്ടെത്തിട്ടുണ്ട്. ജനിച്ചതും ജനിക്കാന്‍ പോകുന്നതുമായ കുഞ്ഞുങ്ങളെല്ലാം ഇതിന്റെ പിടിയില്‍പ്പെട്ടു പോയ കുരുന്നുകളാണ്. കാലങ്ങളോളം എന്‍ഡോസള്‍ഫാന്‍ ദുരിതം പേറി ജീവിക്കേണ്ടി വന്ന ജനതയോടു കാട്ടുന്ന നീതികേടാണിത്. ഈ വിവാദ ഉത്തരവ് പിന്‍വലിക്കുകയാണ് വേണ്ടത്.
ദുരിത ബാധിതര്‍ക്ക് പര്യാപ്തമായ ചികിത്സാ സൗകര്യം ഒരുക്കണം എന്ന ആവശ്യം സര്‍ക്കാര്‍ നടപ്പാക്കുകയാണ് വേണ്ടത്. ഒക്കിനടുക്ക മെഡിക്കല്‍ കോളേജിലും, കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും ഓരോ ന്യൂറോളജിസ്റ്റുകളെ നിയമിച്ചതല്ലാതെ മറ്റു യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. മെഡിക്കല്‍ കോളേജില്‍ അനുബന്ധ സൗകര്യങ്ങങ്ങള്‍ ഒന്നുമില്ല. ഒ.പി. അല്ലാതെ ഐ.പി. ഇല്ല. സ്‌കാന്‍ ചെയ്യണമെങ്കില്‍ പോലും പരിയാരം മെഡിക്കല്‍ കോളേജില്‍ പോകണം. ഇവര്‍ക്ക് ആവശ്യമുള്ള മരുന്നുകളും ലഭ്യമല്ല.
പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്ന റെമഡിയേഷന്‍ സെല്‍ രണ്ടുമാസത്തില്‍ ഒരിക്കല്‍ യോഗം ചേരണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പക്ഷെ, സെല്ലിന്റെ യോഗം ചേരാന്‍ സെല്ലിലെ അംഗങ്ങള്‍ക്ക് സമയമില്ല. അവസാനമായി സെല്‍ യോഗം ചേര്‍ന്നത് 2023 ജനുവരി 8 നാണ്. ഒരു വര്‍ഷമായി സെല്‍ യോഗം ചേര്‍ന്നിട്ടില്ല എന്നത് മനസ്സിലാക്കി തരുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അധികപ്പറ്റാണ് എന്നാണ്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും 2200 രൂപ പെന്‍ഷനും, മറ്റുള്ള രോഗികള്‍ക്ക് 1200 രൂപയും പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ 2200 രൂപയും വികലാംഗ പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് 500 രൂപ വെട്ടികുറക്കുന്ന മനുഷ്യത്വ രഹിതമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ടു പെന്‍ഷന്‍ ലഭിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്‌നമെങ്കില്‍,വെട്ടിക്കുറക്കുന്ന തുകയില്‍ അവര്‍ക്ക് ചിക്തിസ ലഭ്യമാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉപയോഗിക്കണമായിരുന്നു.
എന്‍ഡോ സള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എന്നിട്ടും, അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നവര്‍ ഇന്നും ഒരു ഗതിയുമില്ലാതെ നടക്കുകയാണ്. അവകാശങ്ങള്‍ സമരം ചെയ്താലേ ലഭിക്കൂ എന്ന അവസ്ഥയില്‍ എത്ര കാലം അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായുള്ള സമരങ്ങളുടെ ഫലമായി വിവിധ ഘട്ടങ്ങളില്‍ പലതരം ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നത് സത്യമാണ്.
സൗജന്യ ചികിത്സ, വിദഗ്ധ ചികിത്സക്ക് എം.പാനല്‍ ചെയ്ത 17 ആശുപത്രികള്‍, (സംസ്ഥാനത്തിനകത്തും പുറത്തും) മൊബൈല്‍ മെഡിക്കല്‍ ടീം, ഭവന കേന്ദ്രീകൃത സാന്ത്വന ചികിത്സ, ഫിസിയോ തെറാപ്പി സേവനം, രോഗികളെ ആശുപത്രികളിലെത്തിക്കുന്ന യാത്രാ ചെലവ് വഹിക്കാന്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേക ഫണ്ട്, മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണ വിതരണം, ആംബുലന്‍സ് സൗകര്യം, പ്രതിമാസ പെന്‍ഷന്‍, സൗജന്യ റേഷന്‍, ബഡ്‌സ് സ്‌കൂള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് 700 രൂപ ആശ്വാസ കിരണ്‍ പദ്ധതി, ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അടിയന്തര ചികിത്സാ സഹായം, പുനരധിവാസത്തിന് കലക്ടറേറ്റില്‍ സ്പെഷല്‍ സെല്‍, ഭവന പദ്ധതി, മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റല്‍ എന്നിങ്ങനെ നിരവധി പദ്ധതികള്‍ സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുകയും ഭാഗികമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ ദുരിത ബാധിതര്‍ക്കും 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലധികമായി നിര്‍മാണത്തിലിരിക്കുന്ന ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 2 വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു കീടനാശിനി കാല്‍നൂറ്റാണ്ടുകാലം അനുവദനീയമായതിലും എത്രയോ മീറ്റര്‍ പരിധിയില്‍ നിന്ന് തുടര്‍ച്ചയായി തളിച്ചതു മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെ പഠിക്കാന്‍ ശാസ്ത്രസമൂഹമോ സര്‍ക്കാര്‍ സംവിധാനങ്ങളോ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് അത്തരമൊരു പഠനത്തെ കുറിച്ചു പോലും നമ്മുടെ ഉന്നത-പൊതു വിദ്യാഭ്യ ബോധം അനുവദിക്കാത്തത്.
എന്‍ഡോസള്‍ഫാന്‍ എന്ന രാസവസ്തുവിന്റെ അറിയപ്പെട്ട സ്വഭാവങ്ങളെല്ലാം തെറ്റെന്നു തെളിയിക്കുന്ന തരത്തിലാണ് മണ്ണിലും ജലത്തിലും ഇലകളിലും മനുഷ്യരക്തത്തിലുമൊക്കെ അതിന്റെ സാന്നിദ്ധ്യം കാസര്‍കോഡ് കണ്ടെത്തിയത്. മണ്ണില്‍ വീണാല്‍ 15 ദിവസത്തിനുള്ളില്‍ വിഘടിച്ചു പോകുമെന്നു പറയുന്ന ഈ രാസവസ്തു ദീര്‍ഘകാലം ഈ പ്രദേശത്ത് നിലനില്‍ക്കുന്നതിനെക്കുറിച്ചും ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കുശേഷവും കാണപ്പെടാനിടയായ പാരിസ്ഥിതിക – കാലാവസ്ഥ- ഭൗമ- ഹൈഡ്രോളജി – ശാരീരിക പ്രത്യേകതകളെക്കുറിച്ചും വിപുലമായ ശാസ്ത്രീയപഠനങ്ങള്‍ക്കുള്ള അവസരമാണ് കാസര്‍കോട്ട് നഷ്ടപ്പെടുത്തിയത്.
പഠനം നടത്തിയ പല സംഘങ്ങളും അത്തരം തുടര്‍പഠനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതൊന്നും വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോയി. ആ പരിഗണിക്കാതെ പോകലാണ് കപട രാഷ്ട്രീയം. 1978 മുതല്‍ തളിക്കുന്ന ഈ കീടനാശിനിയുടെ ആഘാതം 2000 വരെ വര്‍ഷത്തില്‍ മൂന്നു തവണയാണ് നടന്നത്. 2000ത്തിലാണ് കോടതി ഇടപെട്ട് ആകാശത്തളി നിര്‍ത്തലാക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലം ശിരസ്സ് വളര്‍ന്ന കുഞ്ഞുങ്ങളെ പെറ്റ് ദുരിതമനുഭവിച്ചവര്‍ക്ക്, എന്‍ഡോസള്‍ഫാന്‍ തളി നിന്നപ്പോള്‍ ആറ്റ് നോറ്റു കിട്ടിയതാണീ മക്കളെ. അതിന്റെ പേരിലാണ് ഇപ്പോ ഇവര്‍ കുറ്റക്കാരാകുന്നത്.
* എന്താണ് എന്‍ഡോ സള്‍ഫാന്‍
കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓര്‍ഗാനോക്ലോറിന്‍ സംയുക്തമാണ് എന്‍ഡോസള്‍ഫാന്‍. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയില്‍ മനുഷ്യരടക്കമുള്ള ജീവജാലങ്ങളില്‍ ജനിതകവൈകല്യങ്ങളും ഹോര്‍മോണ്‍ തകരാറുകളും ഉള്‍പ്പെടെയുള്ള ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക രംഗത്തെ ഇതിന്റെ ഉപയോഗം വന്‍വിവാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2011
ഏപ്രില്‍ 29 ന് സ്റ്റോക്ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ നടന്ന സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കാന്‍ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും പ്രമേയം ഉന്നയിച്ചു. ഇത് ഉപാധികളോടെ അംഗീകരിക്കുകയും ചെയ്തു. 2011 മെയ് 13നാണ് ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പ്പനയും സുപ്രീംകോടതി നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 2011 സെപ്തംബര്‍ 30 ന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്.
* മരണ മഴ പെയ്ത കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 4500 ഓളം ഏക്കര്‍ വരുന്ന സര്‍ക്കാര്‍ വക കശുമാവിന്‍ തോട്ടങ്ങളിലാണ് ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു വന്നിരുന്നത്. ഹെലികോപറ്റര്‍ ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ ഇത് വ്യാപകമായി തളിച്ചിരുന്നത്. ഹെലികോപ്ടര്‍ വഴിയുള്ള വിഷപ്രയോഗം കഴിഞ്ഞാല്‍ പിന്നെ മാസങ്ങളോളം അന്തരീക്ഷം മൂടല്‍മഞ്ഞ് പിടിച്ചപോലെയാണ്. മഴ വന്നാല്‍ മാത്രമാണ് അന്തരീക്ഷം ശുദ്ധമാകുന്നത്. അതുവരെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിഷാംശമാണ് അവിടത്തുകാര്‍ ശ്വസിച്ചിരുന്നത്. 2001ല്‍ ഈ പ്രദേശങ്ങളിലെ ശിശുക്കളില്‍ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയര്‍ന്നു.
2001 ഫെബ്രുവരി 28ന് ആദ്യത്തെ എന്‍ഡോസള്‍ഫാന്‍ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കശുമാവിന്‍ തോട്ടങ്ങളുടെ പരിസരങ്ങളിലായി പതിനൊന്ന് പഞ്ചായത്തുകളില്‍പ്പെട്ട ജനങ്ങളാണ് എന്‍ഡോസള്‍ഫാന്‍ വരുത്തിവെച്ച കെടുതികള്‍ക്കിരയായത.് നിരവധി പേര്‍ മരണത്തിന് കീഴടങ്ങി. ജനിതകവൈകല്യങ്ങള്‍ ബാധിച്ച് മരണതുല്യമായ നരകജീവിതം തള്ളിനീക്കുന്ന അനേകം പേരുണ്ട് ഇപ്പോഴും. കാലുകളും കൈകളും തളര്‍ന്നവര്‍, അന്ധര്‍, ബധിരര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങളുമായി മല്ലിടുന്നവര്‍, തല അസാധാരണമാംവിധം വളരുന്ന അപൂര്‍വരോഗം ബാധിച്ചവര്‍, പല തരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ മരിച്ച കുഞ്ഞുങ്ങള്‍.
ചാപിള്ളകള്‍, ജനിച്ച് ദിവസങ്ങള്‍ കഴിയും മുമ്പേ മരണത്തിന് കീഴടങ്ങിയ നവജാത ശിശുക്കള്‍, മാറാരോഗം പേറി ജീവിക്കേണ്ടിവരുന്ന ബാല്യങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. ഈ വിഷയം അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്ച്യുതാനന്ദനാണ് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും നിരോധനത്തിനു കാരണമായതും. എന്നാല്‍ കീടനാശിനി ലോബികളുടെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 2002 മാര്‍ച്ചില്‍ നിരോധനം നീക്കുകയായിരുന്നു. ആകാശമാര്‍ഗ്ഗം സ്‌പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിര്‍ത്തി.
പുല്ലൂര്‍ ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ജീവിക്കാനാവാത്തതിനെ തുടര്‍ന്ന് കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് ആദ്യമായി കോടതിയിലെത്തുന്നത്. അതായിരുന്നു പോരാട്ടത്തിന്റെ തുടക്കം. തുടര്‍ന്ന് ഡോ. മോഹന്‍കുമാര്‍, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് തുടങ്ങി നിരവധിപേര്‍ നിയമപോരാട്ടത്തില്‍ അണിചേര്‍ന്നു. ഇടതുപക്ഷ യുവജന സംഘടനയും കോടയില്‍ പോയി. സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായി. ജനകീയ സമരങ്ങളുടെയും കോടതികളിലെ വ്യവസാഹരങ്ങളുടെയും ഫളപ്രദമായ ഇടപെടലില്‍ പൂര്‍മ്ണ നിരോധനം കൊണ്ടുവന്നു.
ഇതാ ഈ ദിവസം വരെയും മരണം പെയ്ത കാസര്‍ഗോഡിലെ ജനങ്ങള്‍ രോഗ ശയ്യയില്‍ തന്നെയാണെന്ന സത്യം മറക്കാതിരിക്കാം. സര്‍ക്കാരേ മാറുന്നുള്ളൂ. നിലപാടുകളും നയങ്ങളും മാറുന്നില്ല. മരിച്ചു ജീവിക്കുന്ന ഈ മനുഷ്യര്‍ക്ക് അര്‍ഹിക്കുന്നതോ, അതിലധികമോ നല്‍കാന്‍ മടികാണിക്കുന്നിടത്താണ് സമര മുഖങ്ങള്‍ തുറക്കുന്നത്. രോഗമില്ലാത്തവന് രോഗമുള്ളവന്റെ വേദന മനസ്സിലാകില്ല. അതാണ് അധികാരികളും കാസര്‍ഗോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിതരും തമ്മിലുള്ള വ്യത്യാസം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക