മാനന്തവാടി: ബേലൂർ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം അഞ്ചാംദിനവും വിജയം കണ്ടില്ല. ബുധനാഴ്ച കേരള-കർണാടക വനമേഖലയിൽ നിലയുറപ്പിച്ച ആന രാത്രി 9.30ഓടെ കാട്ടിക്കുളം തോൽപ്പെട്ടി വനപാത മുറിച്ചുകടന്ന് പനവല്ലിക്കടുത്ത് എമ്മടിയിലാണ് ആനയുള്ളതെന്നാണ് വിവരം.
മയക്കുവെടി വെക്കാൻ വ്യാഴാഴ്ച രാവിലെ ആറോടെയാണ് ദൗത്യസംഘം നീങ്ങിയത്. പക്ഷേ അമ്മക്കാവ്, കുതിരക്കോട്, ചെമ്പകമൂല, റസ്സൽകുന്ന്, എമ്മടി, തിരുളുകുന്ന് ഭാഗങ്ങളിലേക്ക് ആന നീങ്ങുകയായിരുന്നു. ഇടതൂർന്ന വനവും കുത്തനെയുള്ള കയറ്റവും ഇറക്കവുമായതിനാൽ ആനയെ നേരിട്ടുകാണാൻ ദൗത്യസംഘത്തിന് കഴിഞ്ഞില്ല. 50 മീറ്റർ അടുത്തുവരെ സിഗ്നൽ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കൂടെക്കൂടിയ മോഴയാന വ്യാഴാഴ്ചയും ബേലൂർ മഖ്നക്കൊപ്പം ഉണ്ടെന്നാണ് സൂചന.
കേരള ദൗത്യസംഘത്തിനൊപ്പം നാഗർഹോള മൂലഹള്ള റേഞ്ചർ നരേഷിന്റെ നേതൃത്വത്തിൽ ബന്ദിപ്പൂരിൽനിന്നുള്ള 25 അംഗ സംഘവും തിരച്ചിലിൽ പങ്കാളികളായി. ആനയെ ഡ്രോണിലും കണ്ടെത്താനായിട്ടില്ല.
രാത്രികാല നിരീക്ഷണം ശക്തമാക്കാനും ദൗത്യം വെള്ളിയാഴ്ച രാവിലെ തുടങ്ങാനുമാണ് തീരുമാനം. മയക്കുവെടി വിദഗ്ധൻ വനം വെറ്ററിനറി സീനിയർ സർജൻ ഡോ. അരുൺ സക്കറിയ വെള്ളിയാഴ്ച ദൗത്യസംഘത്തോടൊപ്പം ചേരും. വ്യാഴാഴ്ച തിരച്ചിൽ, മയക്കുവെടി ടീമുകളിലായി 43 പേരും നാലു കുങ്കിയാനകളും പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. രാവിലെ നിർദേശങ്ങൾ അനൗൺസ് ചെയ്ത് ആന നിലയുറപ്പിച്ച പ്രദേശത്തിന് ചുറ്റുമുള്ള വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ആനയെ പിടികൂടാത്തതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കർണാടകയിൽ നിന്നുള്ള ആന പടമല സ്വദേശി പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയത്. ഇതോടെയാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനിച്ചത്.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















