കേരളത്തിന്റെ പ്രത്യേക പ്രതിനിധിക്ക് ഡെല്‍ഹിയില്‍ എന്താണ് ജോലിയെന്ന് ആര്‍ക്കെങ്കിലും അറിയാമോ. അറിയില്ലെങ്കില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസില്‍ നിന്നു ചാടിപ്പോയ കെ.വി തോമസിനോട് ചോദിച്ചാല്‍ പറഞ്ഞു തരും. കേരളത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായും വ്യക്തമായും ശക്തമായും കേന്ദ്രത്തെ അറിയിക്കുകയും അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുകയുമാണ് അദ്ദേഹം അവിടെ ചെയ്യേണ്ട ജോലി. അത്തരത്തില്‍ ഒരു കാര്യം റെയില്‍വേയോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ അദ്ദേഹം. കേരളത്തില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ കേരളാഫുഡ് കൊടുക്കണം.
ട്രെയിനില്‍ കയറുന്ന വിദേശികള്‍ക്ക് കേരളത്തിന്റെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമല്ലോ എന്നാണ് തോമസ് മാഷിന്റെ വര്‍ണ്യത്തിലാശങ്ക. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനാണ് കത്തയച്ചത്. ഡെല്‍ഹിയിലിരുന്ന് കേരളത്തിന്റെ ആവശ്യങ്ങള്‍ കത്തിലൂടെ അറിയിക്കുന്ന പ്രത്യേക പ്രതിനിധി വലിയൊരു കാര്യമാണ് ചെയ്തതെന്ന് തോന്നുന്നുണ്ടോ. കേരളത്തിലെ മന്ത്രിമാരെല്ലാം വിവിധ കേന്ദ്രമന്ത്രിമാര്‍ക്കും മന്ത്രാലയങ്ങള്‍ക്കും ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി കത്തിടപാടുകള്‍ നടത്തുന്നുണ്ട്. ഇത്തരം കത്തിടപാടുകള്‍ക്കു പകരമായും, സംസ്ഥാന മന്ത്രിമാര്‍ക്ക് ഓരോ കാര്യങ്ങള്‍ക്കും ഡെല്‍ഹിക്കു പോകാന്‍ കഴിയാത്തതു കൊണ്ടും, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ വലിയ പിടുത്തമില്ലാത്തതു കൊണ്ടുമാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിമാരെ നേരിട്ടറിയിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്. ഇതാണ് പ്രത്യേക പ്രതിനിധി ചെയ്യേണ്ടതും.
എന്നാല്‍, റെയില്‍വേ മന്ത്രിക്ക് കത്തയച്ചതിലൂടെ കെ.വി. തോമസ് മാഷ് ചെയ്തതെന്താണ്. ഇക്കഴിഞ്ഞ നാളില്‍ കേരളത്തിന്റെ മന്ത്രിസഭയാകെ ഡെല്‍ഹിയില്‍ ഒരു സമരം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നടപടികള്‍ക്കെതിരേയായാരുന്നു ആ സമരം. ആദ്യം സത്യാഗ്രഹമാണെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടത് സമ്മേളനമാക്കി മാറ്റി. രണ്ടായാലും കേന്ദ്രസര്‍ക്കാരിന് അത് ക്ഷീണമുണ്ടാക്കുക തന്നെ ചെയ്തു. അതിന്റെ പരിണിത ഫലമാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ പ്രധാനമന്ത്രി പ്രത്യേകമായി ഉച്ചയൂണിന് ക്ഷണിച്ചതും വിവാദമാക്കിയതും. കേരളത്തില്‍ നിന്നും ആരെ പിടിക്കണമെന്ന് കൃത്യമായി പ്ലാന്‍ ചെയ്താണ് പ്രേമചന്ദ്രന് വലയിട്ട് മോദി ഇറങ്ങിയത്.
എന്നാല്‍, കാലങ്ങളോളം ഡെല്‍ഹിയില്‍ താമസിക്കുകയും കേന്ദ്ര ഭക്ഷ്യമന്ത്രിയുമൊക്കെ ആയിരുന്ന കേരളത്തിന്റെ പ്രത്യേക പ്രതിനിധി വഴി കേന്ദ്രത്തില്‍ ഒരു നീക്കുപോക്കും കേരള സര്‍ക്കാര്‍ നടത്തിയില്ലേ എന്നൊരു ചോദ്യം പിന്നെയും ബാക്കിയാവുകയാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രത്യേക പ്രതിനിധി കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്ന് ആരും, ഡെല്‍ഹിയിലെ പ്രതിഷേധ യോഗത്തില്‍ പറഞ്ഞുകേട്ടില്ല. മാത്രമല്ല, അന്നേ ദിവസം തന്നെ കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണാന്‍ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയും ചെയ്തിരുന്നു. മറ്റു മന്ത്രിമാരും അവരുടെ വകുപ്പുകളുടെ വിഷയങ്ങളുമായി അതതു കേന്ദ്രമന്ത്രിമാരെ കാണുകയയും ചെയ്തു.
ഫലത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനാണോ കെ.വി. തോമസിനെ ഡെല്‍ഹിയില്‍ നിയോഗിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം ബലപ്പെടുകയാണ്. മുമ്പ് എ. സമ്പത്ത് ഇതേ പദവിയില്‍ അതും ക്യാബിനറ്റ് പദവിയില്‍ ഇരുന്നിട്ട് എന്തു ഗുണമാണ് കേരളത്തിനുണ്ടായത്. പ്രത്യേകിച്ച് ഓഡിറ്റിംഗ് ഒന്നുമില്ലാത്ത പദവിയായതു കൊണ്ടു തന്നെ ആരും മൈന്‍ഡ് ചെയ്യാറില്ല. എന്നാല്‍, സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് ശമ്പളം കൊടുക്കുകയല്ലേ ഇവര്‍ക്ക്. അപ്പോള്‍ ഇവര്‍ എന്തു ചെയ്യുന്നു എന്നതിന് ഓഡിറ്റിംഗ് ഉണ്ടാകണം. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ ഡെല്‍ഹിയില്‍ ഇരുന്നു കൊണ്ട് കത്തയക്കാനാണെങ്കില്‍ ഇങ്ങനെയൊരു പ്രത്യേക പ്രതിനിധിയുടെ ആവശ്യമുണ്ടോ.
കേരളത്തിലെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിതന്നെ കത്തയച്ചാല്‍ പോരെ. പ്രത്യേക പ്രതിനിധി അയക്കുന്ന കത്തിനേക്കാള്‍ പ്രാധാന്യം കേരളത്തിലെ റെയില്‍വേ ചുമതലയുള്ള മന്ത്രി അയക്കുന്ന കത്തിനു കിട്ടുകയും ചെയ്യും. വെറുതേ എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ചെയ്തതാണ് വന്ദേഭാരതിലെ കേരളാ ഭക്ഷണത്തിന്റെ ആവശ്യം ഉന്നയിച്ചുള്ള കത്തയക്കല്‍. ഈ കത്തിനോട് റെയില്‍വേ എടുക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക