തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ രണ്ടാം ഘട്ടം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും ഗതഗത മന്ത്രി ഗണേശ് കുമാറും തമ്മില്‍ നടക്കുകയാണ്. തര്‍ക്കം അതിരുവിട്ട് വെല്ലുവിളിയിലേക്ക് നീങ്ങിയതോടെ കെ.എസ്.ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകറിനെ വേണ്ടെന്നു പറഞ്ഞതുപോലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറിനെയും വേണ്ടെന്ന് മന്ത്രി ഗണേശ് കുമാര്‍ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിരിക്കുകയാണ്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഇന്ന് രാവിലെയാണ് ഗണേഷ്‌കുമാര്‍ കമ്മിഷണറെ കുറിച്ചുള്ള പരാതി ഉന്നയിച്ചത്.
അങ്ങനെ ഗതാഗത വകുപ്പിലെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ മന്ത്രി പൂര്‍ണ്ണമായും പിണക്കിയിരിക്കുകയാണ്. ബിജു പ്രഭാകറും, എസ്. ശ്രീജിത്തും തങ്ങളുടെ അസോസിയേഷനുകളില്‍ മന്ത്രിക്കെതിരേ പരാതി നല്‍കുമെന്നും സൂചനയുണ്ട്. എന്നാല്‍, മന്ത്രിക്കെതിരേ രൂക്ഷമായി പെരുമാറിയത് സഹിക്കാനാവാത്തതാണെന്നു കാട്ടിയാണ് ഗണേശ്കുമാര്‍ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. ഇതോടെയാണ് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത് ഐ.പി.എസിനെ സ്ഥാനത്തു നിന്ന് മാറ്റാന്‍ നീക്കം ആരംഭിച്ചത്. ഇന്നു രാവിലെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നേയാണ് മുഖ്യമന്ത്രിയുമായി ഗണേശ്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്.
ഒരു തരത്തിലും കമ്മിഷണറുമായി മുന്നോട്ടു പോകാനാവില്ലെന്നും, മറ്റാരെയെങ്കിലും വെയ്ക്കണമെന്നും ഗണേശ് കുമാര്‍ ശക്തമായി ആവശ്യപ്പെട്ടു. ഒരു മന്ത്രിയെന്ന നിലയില്‍ ലഭിക്കേണ്ട പരിഗണയല്ല, ഉദ്യോഗസ്ഥ തലത്തില്‍ ലഭിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് തന്നോട് വളരെ മോശമായി പെരുമാറിയ ഉദ്യോഗസ്ഥനോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും ഗണേശ് കുമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ക്ക് കുറച്ചെങ്കിലും അറുതി വരുത്തണമെങ്കില്‍ മറ്റൊരാളെ കമ്മിഷണറായി നിയമിച്ചേ മതിയാകൂ. ശ്രീജിത്തിന് വകുപ്പിലെ കാര്യങ്ങളെക്കാള്‍ പ്രധാനപ്പെട്ടത്, മറ്റു കാര്യങ്ങളാണെന്നും മന്ത്രി പരാതിയായി ഉന്നയിച്ചു.
ഗണേഷ് കുമാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസ്ഥാന പോലീസ് മേധാവിയെയും ഇന്റലിജന്‍സ് ഡിജിപി മനോജ് എബ്രഹാമിനേയും മുഖ്യമന്ത്രി നിയമസഭയിലേക്ക് വിളിച്ച് വരുത്തി മന്ത്രിയുടെ ആവശ്യത്തെക്കുറിച്ച് അറിയിച്ചു. മന്ത്രിയുമായി കൊരുത്ത എസ്. ശ്രീജിത്ത് ഐ.പി.എസിന് സ്ഥാനം തെറിക്കുമെന്ന് ഇതോടെ ഉറപ്പായി. കഴിഞ്ഞദിവസമാണ് ഐ.പി.എസ് ഉദ്യോഗസ്ഥനും ഗതാഗത മന്ത്രിയും തമ്മില്‍ പരസ്യമായി വാക്‌പോരും ഉടക്കും നടത്തിയത്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി പറയാന്‍ അനുമതി നല്‍കിയതുമില്ല.
ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ മന്ത്രി ശകാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഗതാഗത കമ്മിഷണര്‍ അതേ ഭാഷയില്‍ തിരിച്ചു പ്രതികരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കം അഞ്ചുമിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു.
മന്ത്രി ഗണേശ്കുമാറും കെ.എസ്.ആര്‍.ടി.സി എം.ഡി ബിജുപ്രഭാകറും തമ്മില്‍ നേരത്തെ തെറ്റിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ അധപതനത്തിനു കാരണം ബിജു പ്രഭാകറിന്റെ നടപടികളാണെന്ന് മന്ത്രി പരസ്യമായി പ്രഖ്യാപിച്ചതായിരുന്നു തെറ്റാനുണ്ടായ കാരണം. ഇതോടെ കെ.എസ്.ആര്‍.ടി.സി എം.ഡി അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് തന്നെ മറ്റൊരു വകുപ്പിലേക്ക് മാറ്റമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് എഴുതി നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ ഗതാഗതമന്ത്രി ഗണേശ്കുമാറും മുഖ്യമന്ത്രിയെ കണ്ടു. കെ.എസ്.ആര്‍.ടി.സി എം.ഡിയെ മാറ്റണമെന്നായിരുന്നു ആവശ്യം.
ഈ ആവശ്യത്തിന്‍ മേല്‍ മുഖ്യമന്ത്രി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കെതിരേ മന്ത്രിയുടെ പരാതിയില്‍ അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ബന്ധപ്പെട്ടവരെ വിളിച്ച് കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. മുന്‍ മന്ത്രി ആന്റണി രാജുവുമായി നല്ല ബന്ധമുണ്ടായിരുന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തും ബിജു പ്രഭാകറും. എന്നാല്‍ പഴയ മന്ത്രിയുടെയും കെ.എസ്.ആര്‍.ടി.സി എം.ഡി.യുടെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെയും പ്രവര്‍ത്തനങ്ങള്‍ ഗുരൂഹമാണെന്നാണ് മന്ത്രി ഗണേഷ് കുമാര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക