മഹാരാഷ്ട്രയിൽ ബി.ജെ.പി അധിക സീറ്റ് ലക്ഷ്യമിടുന്നു

മുംബൈ: ബിജെപിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാനെ രാജ്യസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ബി.ജെ.പി മഹാരാഷ്ട്രയിൽ ഒരു സീറ്റ് കൂടി അധികമായി ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് ആറ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പാർട്ടികളുടെ അംഗബലം അനുസരിച്ച് ബി.ജെ.പിക്ക് മൂന്നും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ വിഭാഗം എൻ.സി.പി, കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഒരാളെ വീതവും ജയിപ്പിക്കാം.

    മുൻ മന്ത്രിയും ദലിത് നേതാവുമായ ചന്ദ്രകാന്ത് ഹണ്ഡോരയാണ് കോൺഗ്രസ് സ്ഥാനാർഥി. അജിത് പവാർ പക്ഷം പ്രഫുൽ പട്ടേലിനെ സ്ഥാനാർഥയായി പ്രഖ്യാപിച്ചു. മൂന്ന് സ്ഥാനാർഥികളെ തീരുമാനിച്ച ബി.ജെ.പി ഒരു സ്ഥാനാർഥിയെ കൂടി പ്രഖ്യാപിക്കുമെന്നാണ് സൂചന. ചവാനെ പിന്തുണക്കുന്ന കോൺഗ്രസ് എം.എൽ.എമാർ വോട്ട് ചെയ്താൽ കോൺഗ്രസിന്റെ സീറ്റ് ബി.ജെ.പിക്ക് പിടിച്ചെടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. 2022ൽ മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഗാഡി സ്ഥാനാർഥിയായിരുന്ന ചന്ദ്രകാന്ത് ഹണ്ഡോരയെ ക്രോസ്വോട്ടിലൂടെ തോല്പിച്ചാണ് ഷിൻഡെ പക്ഷം വിമതനീക്കത്തിന് തുടക്കമിട്ടത്.

    നിലവിൽ രാജ്യസഭാംഗമായ പ്രഫുൽ കാലാവധി പൂർത്തിയാക്കാൻ നാലുവർഷം ബാക്കിനിൽക്കേയാണ് വീണ്ടും മത്സരിക്കുന്നത്. നിലവിലെ രാജ്യസഭാംഗത്വം ഉടൻ രാജിവെക്കും. ‘സാങ്കേതിക പ്രശ്നങ്ങളെ’ തുടർന്നാണ് നിലവിലെ അംഗത്വം രാജിവെച്ച് പുതുതായി മത്സരിക്കുന്നത് എന്ന് പാർട്ടി മഹാരാഷ്ട്ര അധ്യക്ഷൻ സുനിൽ തട്കരെ പറഞ്ഞു.

Read more:

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക