ലണ്ടൻ ∙ യുകെയിലെ ആയിരക്കണക്കിന് ഡെലിവറോ, ഊബർ ഈറ്റ്സ്, ജസ്റ്റ് ഈറ്റ് ജീവനക്കാൻ വാലന്റെൻസ് ദിനത്തിൽ പണിമുടക്ക് ആരംഭിച്ചു. മെച്ചപ്പെട്ട വേതനവും തൊഴിൽ വ്യവസ്ഥകളും ആവശ്യപ്പെട്ടാണ് ജീവനക്കാർ പണിമുടക്കിൽ ഏർപ്പെട്ടത്. ലണ്ടനിലും മറ്റ് നഗരങ്ങളിലും 3,000 ത്തിലധികം അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ‘ഡെലിവറി ജോബ് യുകെ’ എന്ന ഡെലിവറി ജീവനക്കാരുടെ സംഘമാണ് ഇന്നത്തെ പണിമുടക്ക് സംഘടിപ്പിച്ചത്.
അംഗങ്ങളിൽ ഭൂരിഭാഗവും യുകെയിൽ വിവിധ ജോലികൾക്കായി എത്തിയ ബ്രസീലുകാരാണ്. ജീവനക്കാർ നേരിടുന്ന കുറഞ്ഞ വേതനവും സുരക്ഷിതമല്ലാത്ത അവസ്ഥയും പണിമുടക്ക് നടത്തുന്നതിലൂടെ ശ്രദ്ധയിൽപ്പെടുമെന്ന് സംഘം പ്രതീക്ഷിക്കുന്നു. ആപ്പ് അധിഷ്‌ഠിത ഡെലിവറി ജീവനക്കാരെ പൊതുവെ സ്വയം തൊഴിൽ ചെയ്യുന്ന കോൺട്രാക്ടർമാരായാണ് തരംതിരിച്ചിരിക്കുന്നത്. അതിനാൽ അവർക്ക് നിയമാനുസൃതമായ കുറഞ്ഞ വേതനം മണിക്കൂറിന് 10.42 പൗണ്ട് (ഏപ്രിൽ മുതൽ മണിക്കൂറിന് 11.44 പൗണ്ട്) നൽകാൻ മിക്ക തൊഴിലുടമകളും തയാറാകുന്നില്ല. നിയമപരമായി യുകെയിലെ കുറഞ്ഞ വേതനം നൽകാൻ ബാധ്യസ്ഥരല്ല എന്നതാണ് കാരണം. ഡെലിവറി റൈഡർമാർ തൊഴിലാളികൾ എന്ന വിഭാഗത്തിൽപ്പെട്ടവരല്ലെന്ന് നവംബറിലെ സുപ്രീം കോടതി വിധിയിലൂടെ സ്ഥിരീകരണം നൽകിയിട്ടുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക